ഉടന്‍ വിപണിയിലെത്തുന്ന എസ് യു വികള്‍

ഇന്ത്യന്‍ വിപണിയില്‍ എസ് യു വികള്‍ക്ക് ആരാധകരിപ്പോള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ വാഹനനിര്‍മാതാക്കളെല്ലാം എസ് യു വി സെഗ്മെന്റില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു. മഹീന്ദ്രയും നിസാനും ഹോണ്ടയും തുടങ്ങി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പുതിയ വാഹനങ്ങളുമായി എസ് യു വി വിപണിയിലേക്ക് എത്തുകയാണ്. ഉടന്‍ നിരത്തിലിറങ്ങുന്ന എസ് യു വികള്‍ ഏതൊക്കെയെന്ന് നോക്കാം.

നിസാന്‍ കിക്‌സ്

യുവി സെഗ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്ന നിസാന്‍ ഉടന്‍ പുറത്തിറക്കുന്ന വാഹനമാണ് കിക്‌സ്. രണ്ടുവര്‍ഷം മുമ്പ് രാജ്യാന്തര വിപണിയില്‍ അരങ്ങേറ്റം കുറിച്ച കിക്‌സ് ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്‌സ് യു വി 500 എന്നിവരുമായി മത്സരിക്കും. റെനൊ ക്യാപ്ച്ചര്‍ നിര്‍മിച്ച എംഒ പ്ലാറ്റ്‌ഫോമാണ് കിക്‌സിന്റെ അടിത്തറ. ബ്രസീലിലും മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വില്‍പ്പന വിജയം നേടിയ കിക്‌സ് ചെറിയ മാറ്റങ്ങളോടെയാകും എത്തുക. പ്രീമിയം ഇന്റീരിയര്‍, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ബ്രസീല്‍ മോഡലിലുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍. 10 മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും വില.

ഹോണ്ട സിആര്‍വി

പ്രീമിയം എസ് യു വി വിഭാഗത്തില്‍ മത്സരിക്കാന്‍ ഹോണ്ട സിആര്‍-വി ഡീസല്‍ പതിപ്പ് ഉടന്‍ പുറത്തിറങ്ങും. പെട്രോള്‍ മോഡല്‍ മാത്രമുണ്ടായിരുന്ന സിആര്‍വിയില്‍ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് എത്തുന്നത്. മറ്റുവിപണികളില്‍ ഈ എന്‍ജിന്റെ ട്വിന്‍ ടര്‍ബൊ പതിപ്പ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ സിംഗിള്‍ ടോര്‍ബോയാണ്. വില കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 1.6 ലീറ്റര്‍ 120 ബിഎച്ച്പി എന്‍ജിന്‍ പുറത്തിറക്കുന്നത്. ഏകദേശം 28 ലക്ഷം മുതലായിരിക്കും പുതിയ സിആര്‍വിയുടെ വില. പെട്രോള്‍ പതിപ്പിന് നിലവിലെ 2.4 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ്. 7000 ആര്‍പിഎമ്മില്‍ 187 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 226 എന്‍എം ടോര്‍ക്കും ഉത്പാദിപിക്കും ഈ എന്‍ജിന്‍. അമേരിക്കന്‍ വിപണിയില്‍ അഞ്ചാം തലമുറ സിആര്‍വി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

എക്‌സ്‌യുവി 700

പ്രീമിയം എസ്‌യുവി വിപണിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. ടൊയോട്ട ഫോര്‍ച്യൂണറാണ് പ്രധാന എതിരാളി. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്ങ്്യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിലാണ് മഹീന്ദ്രയുടെ ബ്രാന്‍ഡില്‍ എത്തുക. വൈ 400 എന്ന കോഡു നാമത്തില്‍ അറിയപ്പെടുന്ന എസ് യു വി ഈ വര്‍ഷം വിപണിയിലെത്തും. പ്രീമിയം ലുക്കാണ് വാഹനത്തിന്. പെട്രോള്‍ ഡീസല്‍ പതിപ്പുകളുണ്ട്. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 225 ബിഎച്ച്പി കരുത്തും 349 എന്‍എം ടോര്‍ക്കും. 2.2 ലീറ്റര്‍ ടര്‍ബൊ ഡീസല്‍ എന്‍ജിന്‍ 184 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും. ഫോര്‍ച്യൂണറിനെക്കാള്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400 എന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ഹാരിയര്‍

ലാന്‍ഡ്‌റോവറിന്റെ സഹായത്തോടെ ടാറ്റ പുറത്തിറക്കുന്ന പ്രീമിയം എസ്‌യുവി. നെക്‌സോണിനു ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും എച്ച് 5എക്‌സ്. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടില്‍ വിപണിയിലെത്തും അഞ്ചു സീറ്റ് മോഡല്‍ ക്രേറ്റയുമായി മത്സരിക്കുമ്പോള്‍ ഏഴു സീറ്റ് മോഡല്‍ ജീപ്പ് കോംപസ്, എക്‌സ് യു വി 500 എന്നിവയ്ക്ക് വെല്ലുവിളിയൊരുക്കും. ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ കണ്‍സെപ്റ്റ് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്ലാറ്റ്‌ഫോം, പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഫിലോസഫി എന്നിവ എച്ച്5എക്‌സിനുണ്ട്. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം പൊക്കവും 2740 എംഎം വീല്‍ബെയ്‌സും.യാത്രാസുഖവും ഓഫ്‌റോഡ് ഗുണങ്ങളും ഒരുപോലെ ഒത്തുചേര്‍ന്നാണ് എച്ച്5എക്‌സിനെ ടാറ്റ നിര്‍മിക്കുക. ജീപ്പ് കോംപസില്‍ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റര്‍ ഡീസല്‍ മള്‍ട്ടി ജെറ്റ് എന്‍ജിനാകും പുതിയ എസ്!യുവിയിലും. 140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് 2 ലീറ്റര്‍ എന്‍ജിന്. 6 സ്പീഡ് മാനുവല്‍ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകൾ.