ഇന്ദ്രൻസിന്റെ ‘സെൻ’ വിശേഷങ്ങൾ

indrans
SHARE

എന്തുകൊണ്ടാണ് എസ്‌യുവി പോലുള്ള വലിയ വാഹനങ്ങൾ എടുക്കാത്തത് എന്നു ചോദിച്ചാൽ പൊട്ടിച്ചിരിയോടെ ഇന്ദ്രൻസ് പറയും: എനിക്കെന്തിനാ എസ്‌യുവി?

സെൻ – എന്റെ സൈസിനു പറ്റിയ കാർ!! 

പതിനേഴു വർഷമായി കൂടെയുള്ള മാരുതി സെൻ ഇന്ദ്രൻസിന് അത്രയും പ്രിയപ്പെട്ടതാണ്. ആദ്യ വാഹനം വാങ്ങാൻ ഒരുപാട് നാളെടുത്തു. സിനിമയിൽ സജീവമായി നാലഞ്ച് കൊല്ലം കഴിഞ്ഞാണ് മാരുതി 800 വാങ്ങുന്നത്. തിരുവനന്തപുരത്തെ വീട്ടിലേക്ക് വഴി സൗകര്യം കുറവായതിനാലാണ് കാർ വാങ്ങാൻ വൈകിയത്. മെറ്റാലിക് ഗ്രേ നിറത്തിലുള്ള മാരുതി 800 കുറെക്കാലം ഉപയോഗിച്ചു. മാന്നാർ മത്തായി സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഡ്രൈവിങ് പഠിക്കുന്നത്. 

പിന്നീട് സെൻ എടുത്തു. പേൾ സിൽവർ നിറത്തിലുള്ള കൊച്ചു കാർ. എന്റെ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. അതു കൂടാതെ ഹോണ്ട സിറ്റി, ഫോക്‌‌സ്‌വാഗൻ പോളോ എന്നിവയും ഉണ്ട്. എങ്കിലും കൂടുതൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത് സെന്നിലാണ്. 

പാട്ടൊക്കെ പാടി...ഒറ്റയ്ക്കുള്ള ഡ്രൈവിങ് ഇഷ്ടമാണ്. 

പുതിയ കാറുകൾ വരുമ്പോൾ നോക്കും. വാങ്ങാൻ തോന്നും. പക്ഷേ, ഏറ്റവും വലിയ സങ്കടം എന്റെ പ്രിയപ്പെട്ട സെന്നും പോളോയും എന്തു ചെയ്യും എന്നതാണ്. കൈമാറാൻ മനസ്സുവരുന്നില്ല. അതുകൊണ്ടാണ് പുതിയ ബ്രാൻഡുകൾക്കു പിറകേ പോകാത്തത്.  

മനസ്സു കീഴടക്കിയ മോഡൽ 

പല മോഡലുകൾ കാണുകയും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരേയൊരു മോഡലേ കാണുമ്പോൾ കൗതുകം തോന്നിയിട്ടുള്ളൂ. മിനി കൂപ്പർ. വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പോയപ്പോൾ മിനി കൂപ്പർ കണ്ടു. ഏറെ ഇഷ്ടം തോന്നിയ മോഡൽ അന്നും ഇന്നും അതുതന്നെ. ഇപ്പോൾ മമ്മൂക്കയുടെയും ജയസൂര്യയുടെയും കയ്യിൽ ഉണ്ട്. അതുപോലെ ഫോക്സ്‌വാഗൻ പോളോ ഇന്ത്യയിൽ വരുന്നതിനു മുൻപ് വിദേശത്തുവച്ച് കണ്ടിട്ടുണ്ട്. പിന്നീട് അത് ഇവിടെ വന്നപ്പോൾ മോൾ മഹിതയ്ക്ക് വാങ്ങിക്കൊടുത്തു. അവളുടെ കല്യാണസമയത്ത് ഫിയറ്റ് ലിനിയ എടുത്തു. കുറച്ചേ ഉപയോഗിച്ചുള്ളൂ. ശേഷം ഹോണ്ട സിറ്റി വാങ്ങി. ഇപ്പോൾ മോൻ മഹേന്ദ്രനാണ് കൂടുതലും ഉപയോഗിക്കുന്നത്. 

നേരത്തേയൊക്കെ 800 മായി മൂകാംബികയും വാൾപ്പാറയും എല്ലാം പോകുമായിരുന്നു. രാത്രിയാത്രകളിൽ കണ്ണിൽ തീക്ഷ്ണമായ വെളിച്ചം പതിക്കുന്നത് ബുദ്ധിമുട്ടായപ്പോൾ കാർ യാത്രകൾ കുറച്ചു. പരമാവധി ഉപയോഗിക്കാതിരിക്കാൻ നോക്കും. റോഡിലെ തിരക്കും വാഹനങ്ങളുടെ ബാഹുല്യവും കൂടിയായപ്പോൾ കാർയാത്ര നന്നേ കുറച്ചു. ട്രെയിൻയാത്രകളാണ് കൂടുതൽ ഇഷ്ടം. വായിക്കാം, ആലോചിച്ചിരിക്കാം, ഒട്ടേറെ സൗഹൃദങ്ങൾ, ചിന്തിച്ചിരിക്കാൻ ഒത്തിരി നേരം കിട്ടും. ടെൻഷൻ ഇല്ല. സമയനിഷ്ഠ പാലിക്കുന്നതിൽ മുൻപൊക്കെ ട്രെയിനുകൾ ഭേദമായിരുന്നു. ഇപ്പോൾ അതൊക്കെ പ്രശ്നമായി. ടിക്കറ്റ് ഇനത്തിലൊക്കെ ചൂഷണം ഉണ്ട്.  

നമ്മടെ നാട്ടിൽത്തന്നെ ഗൾഫ് ഉണ്ടല്ലോ

ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എല്ലാം സിനിമയുടെയും പ്രോഗ്രാമുകളുടെയും ഭാഗമായി മാത്രം. ഗൾഫ്, യുഎസ്, സൗത്ത് ആഫ്രിക്ക, ടർബൻ എല്ലാം പോയിട്ടുണ്ട്. എവിടെയൊക്കെ പോയാലും നമ്മുടെ നാട്ടിലുള്ള ഒരുതരം ‘ഫ്രീഡം’ എവിടെയും തോന്നിയിട്ടില്ല. 

ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ അവർ വളരെ മുന്നിലാണ്. നല്ല ടാക്സ് ഈടാക്കുന്നുണ്ടെങ്കിലും അവർ നൽകുന്ന സേവനം മികച്ചതാണ്. അമേരിക്കയിലൊക്കെ ലെയിൻ മാറിയാൽ ഫൈൻ കൊടുക്കണം. ട്രാഫിക് തെറ്റിച്ചാൽ ആ നിമിഷം പൊലീസ് എത്തും. ‌വേറൊന്ന് വളരെ മര്യാദയോടെയുള്ള പെരുമാറ്റമാണ്.  

കുറച്ച് അറിവില്ലായ്മയും കുറച്ച് അഹങ്കാരവും നിയമങ്ങൾ ധിക്കരിക്കാം എന്ന തോന്നലും എല്ലാം നമുക്ക് വിനയാണ്. നിയമങ്ങൾ പാലിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർ വേണം. രണ്ടു പ്രാവശ്യം ഫൈൻ കിട്ടിയാൽ മര്യാദക്കാരായിക്കൊള്ളും. മാത്രമല്ല നമ്മുടെ പെരുമാറ്റം ശരിയല്ല എന്ന ബോധവും ഉണ്ടാകും. 

യാത്ര ചെയ്യാനായി യാത്ര പോകാറില്ല. സ്വസ്ഥമായി ഇരിക്കാനാണ് താൽപര്യം. ഏറ്റവും ഇഷ്ടം നമ്മുടെ കടപ്പുറത്തു പോയിരിക്കുന്നതാണ്. കേരളത്തിൽതന്നെ അമേരിക്കയും ഗൾഫും ഒക്കെ ഉണ്ടല്ലോ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA