പത്തുലക്ഷത്തിന് ബെൻസ് ജി ക്ലാസ് കിട്ടുമോ? ഒരു കോടിക്കു മുകളിൽ വിലയുള്ള ജി ക്ലാസിനെ വില കുറച്ചു കാണുകയല്ല. പക്ഷേ, മോഡിഫിക്കേഷൻ ലോകത്ത് ജി ക്ലാസ് ഫീൽ ഇങ്ങനെ കുറഞ്ഞ ചെലവിൽ കിട്ടും. കുടകിലേക്കുള്ള യാത്രയിലാണ് ആ ഹോം മെയ്ഡ് ജി ക്ലാസ് കാണുന്നത്. ഒറ്റനോട്ടത്തിൽ ലോകോത്തര എസ് യു വിയെപ്പോലെതന്നെയുണ്ട്. അടുത്തു ചെന്നുനോക്കിയപ്പോഴാണ് സംഗതി ആരാണെന്നു മനസിലായത്. ഫോഴ്സ് ഗൂർഖയെ ഒന്നു മോഡിഫൈ ചെയ്തെടുത്തതാണീ ജി ക്ലാസ്.
അസ്സൽ ജി ക്ലാസിനെ അറിയാം
ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡർ വാഹനങ്ങളിലൊന്നാണ് മെഴ്സിഡീസ് ബെൻസിന്റെ ജി ക്ലാസ്. ജി വാഗൻ എന്ന ്ആദ്യ നാമം. ജീവിക്കുന്ന ഇതിഹാസങ്ങളിലൊന്ന് എന്നു വേണമെങ്കിൽ പറയാവുന്ന മോഡൽ. ആ ചതുരരൂപം നമുക്ക് പരിചിതമാണ്. ജി ക്ലാസിന്റെ ആദ്യകാല രൂപത്തോടു സാദൃശ്യമുണ്ട് നമ്മുടെ ഗൂർഖയ്ക്ക്. മാർപാപ്പ വരെ ഉപയോഗിച്ചിരുന്ന ജി വാഗൻ വേരിയന്റിന്റെ രൂപത്തിലേക്ക് ജനങ്ങൾ ഇടിച്ചുകയറുന്ന ഫോഴ്സ് വാഹനത്തിലൊന്നിനെ മാറ്റിയെടുത്ത മാജിക് എന്ത്?
ആദ്യം മുഖം ഒന്നു മാറ്റിയെടുത്തു. ഐതിഹാസികമായ ഗ്രിൽ ചേർന്നപ്പോഴേ ഗൂർഖ എക്സ്പെഡിഷൻ മോഡലിന്റെ ഭാവം മാറി. ബംപറും ഗ്രില്ലും വിദഗ്ധരായ മെക്കാനിക്കുകൾ കൈയാൽ മെനഞ്ഞെടുത്തതാണ്. വീൽ ആർച്ചുകൾ ഇതേ പോലെ നിർമിച്ചെടുത്ത് ഘടിപ്പിച്ചു. എൻഫീൽഡ് ബൈക്കുകളുടെ ലൈറ്റുകളാണ് ഹെഡ് ലാംപുകളാക്കി എടുത്തത്. താഴെ എൽഇഡി സ്ട്രിപ്പ്. മുകളിലെ ഇൻഡിക്കേറ്റർ ജി ക്ലാസ് ശൈലിയിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സൈഡ് മിററുകൾ ചേർന്നപ്പോൾ മുന്നിൽ നിന്ന അസ്സൽ പ്രതീതി ഉളവാകാൻ കഴിഞ്ഞിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ മാറ്റം റൂഫിലാണ്. ഗൂർഖയുടെ ചെരിഞ്ഞു പൊങ്ങുന്ന തരം റൂഫ് ഡിസൈൻ ഉടച്ചുവാർത്ത് വിൻഡോയ്ക്കു സമാന്തരമാക്കി. പിൻവശത്തിനും ക്വാർട്ടർ പാനലിനും ചെറു മാറ്റങ്ങൾ വരുത്തി. പേരു പറയാനിഷ്ടമില്ലാത്ത മെക്കാനിക്കിനോടു മോഡിഫിക്കേഷന് എത്ര ചെലവുണ്ടെന്ന ചോദ്യമെറിഞ്ഞുനോക്കി. മോഡിഫിക്കേഷന് ചെലവായ തുക അഞ്ചുലക്ഷം. ത്രീ ഡോർ മോഡൽ മോഡിഫൈ ചെയ്യാൻ നാലു ലക്ഷം. എൻജിനിലും മറ്റും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.