‌ഫ്ലൈറ്റ് മോഡ് കളിയല്ല, സുരക്ഷ

942571580
SHARE

വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണമെന്ന അഭ്യര്‍ത്ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യര്‍ത്ഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഓഫുചെയ്യുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യേണ്ടതില്ലെന്ന് വാദിക്കുന്നവരുണ്ട്. ഇതില്‍ ഏതാണ് സത്യമെന്നറിയാന്‍ ചില കാര്യങ്ങള്‍ പരിശോധിക്കാം.

മുന്‍പ് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു പോലും നിയന്ത്രണം ഉണ്ടായിരുന്നു. എന്നാലിന്ന് വിമാനം ടേക്ക് ഓഫ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇവ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ വച്ച് ഉപയോഗിച്ചാല്‍ അത് പൈലറ്റുമാര്‍ക്ക് ലഭിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകളെ ബാധിക്കുമെന്ന സംശയമാണ് മുന്‍പ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായത്. വിമാനം നിശ്ചിത ഉയരത്തിലെത്തിയാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമെ നിന്ന് സിഗ്നലുകള്‍ ലഭിക്കില്ല എന്നതാണ് ഇവ പിന്നീട് ഉപയോഗിക്കാന്‍ അനുവദിച്ചതിന് കാരണം.

പക്ഷേ, വിമാനം പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴുമുള്ള സ്ഥിതി ഇതല്ല. ഫോണ്‍ മുതല്‍ ലാപ്ടോപ് വരെയുള്ള ഗാഡ്ജറ്റുകള്‍ ഭൂമിയില്‍ നിന്നുള്ള പല സിഗ്നലുകളും സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സിഗ്നലുകള്‍ സ്വീകരിക്കുന്നത് വിമാനത്തിന് ലഭിക്കുന്ന സിഗ്നലുകളെ ബാധിച്ചേക്കും. ഈ ഭയമാണ് പറന്നുയരുമ്പോളും ഇറങ്ങുമ്പോഴും മൈബാല്‍ ഫ്ലൈറ്റ് മോഡിലാക്കാനും ലാപ്ടോപ് ഓഫുചെയ്യാനും നിർദേശിക്കുന്നതിന് കാരണം.

ശാസ്ത്രീയമായ തെളിവ്

വിമാനത്തിലേക്ക് ലഭിക്കുമെന്ന പറയുന്ന സിഗ്നലുകളെ ഗാഡ്ജറ്റുകള്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് ശാസ്ത്രലോകം നല്‍കുന്ന ഉത്തരം. എന്നാല്‍ സാധ്യത തീരെ കുറവാണ്. വളരെ ദുര്‍ബലമായ തോതില്‍ മാത്രമേ ഇത്തരത്തില്‍ സിഗ്നലുകളെ ഗാഡ്ജറ്റുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയൂ. നൂറ് കണക്കിന് പേരുടെ ജീവനും വഹിച്ച് ആകാശത്ത് കൂടി പോകുന്ന വിമാനത്തിന് അപകടത്തിനുള്ള നേരിയ സാധ്യത പോലും അറിഞ്ഞു കൊണ്ട് അനുവദിക്കാനാകില്ല. അതിനാല്‍ തന്നെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സ്പീക്കറിന്റേയും മറ്റും സമീപത്ത് മൊബൈല്‍ ഫോണ്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഇത്തരത്തില്‍ മൊബൈലിലേക്കെത്തുന്ന തരംഗങ്ങള്‍ നടത്തുന്ന ഇടപെടലിന് ഉദാഹരണമാണ്. സമാനമായ പ്രശ്നം വൈമാനികരും നേരിട്ടേക്കാമെന്നാണ് പൈലറ്റുമാരും വിവരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പ്രധാനപ്പെട്ട പല വിവരങ്ങളും കണ്‍ട്രോള്‍ സ്റ്റേഷനുമായി വിനിമയം നടത്തുന്നതിന് തടസ്സം നേരിടുമെന്ന് അമേരിക്കന്‍ പൈലറ്റും കോക്പിറ്റ് കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പാട്രിക് സ്മിത്ത് പറയുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇടപെടല്‍ മൂലം സംഭവിച്ചതെന്ന് കരുതുന്ന വിമാന അപകടങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൃഷ്ടിച്ചെന്ന് കരുതുന്ന രണ്ടപകടങ്ങളാണ് വ്യോമയാന ചരിത്രത്തിലുള്ളത്. 2000ത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഉണ്ടായ അപകടമാണ് ഇവയില്‍ ആദ്യത്തേത്. കണ്‍ട്രോള്‍ സ്റ്റേഷനില്‍ നിന്നു ലഭിച്ച സന്ദേശം വ്യക്തമായി പൈലറ്റിന് ലഭിക്കാത്തതാണ് അന്നത്തെ അപകടത്തിന് കാരണമായി കരുതുന്നത്. ഇതിനു കാരണമായത് വിമാനത്തിലുള്ള പലരും ലാന്‍ഡിങ് സമയത്ത് സെല്‍ഫോണുകള്‍ ഉപയോഗിച്ചതിനാലാണെന്ന് കരുതുന്നു. ഇക്കാര്യം ഇതുവരെ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല.

2003ല്‍ ന്യൂസിലന്‍ഡിലുണ്ടായതാണ് രണ്ടാമത്തെ അപകടം. വിമാനത്തിന് ലഭിച്ച സിഗ്നലുകള്‍ മൊബൈല്‍ സിഗ്നലുകളുമായി ഇടകലര്‍ന്നതാണ് ഇവിടുത്തെ അപകടത്തിന് കാരണമായതെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. സിഗ്നലുകള്‍ തമ്മില്‍ വേര്‍തിരിച്ച് അറിയാന്‍ പൈലറ്റിന് കഴിയാതെ വന്നതോടെ സംഭവിച്ച അപകടത്തില്‍ നിരവധി പേര്‍ അന്ന് മരിച്ചിരുന്നു.

നിര്‍ദ്ദേശം പാലിക്കാറുണ്ടോ?

സ്ഥിരമായി യാത്ര ചെയ്യുന്നവരായാലും ആദ്യമായി യാത്ര ചെയ്യുന്നവരായാലും മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡിലാക്കാനോ സ്വിച്ച് ഓഫ് ചെയ്യനോ ആവശ്യപ്പെടുമ്പോള്‍ പലര്‍ക്കും മടിയാണ്. യാത്രക്കാരില്‍ പകുതി പേരും ഇത്തരത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മടിക്കുന്നവരായിരിക്കും. പതിനഞ്ച് വര്‍ഷം മുന്‍പുള്ള ഫോണിന്റെ റേഡിയേഷന്റെ അളവിലും ഏറെ കുറവാണ് ഇപ്പോഴത്തെ മൊബൈലിന്റെ റേഡിയേഷന്‍ എങ്കിലും ഒരു കൂട്ടം മൊബൈലുകള്‍ ഒരുമിച്ച് സിഗ്നലിനായി ശ്രമിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന റേഡിയോ ട്രാഫിക് ചെറുതല്ല. ഇത് നേരിയ തോതിലെങ്കിലും വിമാനത്തിന് ലഭിക്കുന്ന സിഗ്നലുകളെ ബാധിച്ചാല്‍ തന്നെ അതുയര്‍ത്തുന്ന ഭീഷണി ഏറെ വലുതാണ്. അതുകൊണ്ട് തന്നെ എന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെങ്കിലും സ്വന്തം സുരക്ഷയും സഹയാത്രികരുടെ സുരക്ഷയും മുന്‍നിര്‍ത്തി ടേക്ക് ഓഫിലും ലാന്‍ഡിംഗിലും മൊബൈല്‍ ഫ്ലൈറ്റ് മോഡിലിടുകയും മറ്റ് ഉപകരങ്ങളുണ്ടെങ്കില്‍ അവ ഓഫാക്കുകയും ചെയ്യുന്നതാകും ഉത്തമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA