ആശാ ശരത്തിന്റെ വാഹന വിശേഷങ്ങൾ

asha-sarath
SHARE

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ആശാ ശരത്. അഭിനേത്രി എന്നതിന് പുറമേ നർത്തകിയും നൃത്താധ്യാപികയുമായ ആശ ശരത് തന്റെ വാഹന വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

asha-sarath-3
ആശ ശരത്

എല്ലാം ഓർമയുണ്ടല്ലോ അല്ലേ? അവരുടെ മുഖത്തേക്കു നോക്കുകയേ വേണ്ട. ടെൻഷൻ കൂടും. ഇനിയും ട്രൈ ചെയ്യാനുള്ളതല്ലേ.. ഇത്ര എക്സ്പേർട്ടായ ഞാൻ തന്നെ അഞ്ചാം തവണയാ കരപറ്റിയത്. നീ അപ്പോൾ ചുരുങ്ങിയത് ഏഴെട്ടു പ്രാവശ്യമെങ്കിലും പോകേണ്ടിവരും. അപ്പോൾ എല്ലാം പറഞ്ഞപോലെ... ടെസ്റ്റിനു പോകുമ്പോൾ ശരത്തേട്ടൻ അനുഗ്രഹിച്ചു വിട്ടു. പോയി തോറ്റുവരൂ!

asha-sarath-5
ആശ ശരത്

നമ്മുടെ ഐഎഎസ് കിട്ടുന്നതുപോലെയാണ് ദുബായിലെ ലൈസൻസ് ടെസ്റ്റ്. അത്രയ്ക്കു കഠിനം! എനിക്കു ലൈസൻസ് കിട്ടില്ല എന്ന കാര്യത്തിൽ ശരത്തേട്ടന് ഒരു സംശയവുമില്ലായിരുന്നു. പക്ഷേ, ടെസ്റ്റ് കഴിഞ്ഞപ്പോൾ ആദ്യം ഞെട്ടിയത് കക്ഷിയാണ്! ഞാൻ ആദ്യ ശ്രമത്തിൽത്തന്നെ ടെസ്റ്റ് പാസായി . നീ ഓടിക്കുന്നത് അവർ ശരിക്കു കണ്ടിട്ടുണ്ടാവില്ല അതാണ് ടെസ്റ്റ് പാസായതെന്നാണ് ശരത്തേട്ടന്റെ അഭിപ്രായം.

പ്രിയ ഇക്കോസ്പോർട്

അച്ഛന്റെ കൈനറ്റിക് ഹോണ്ടയിലാണ് വാഹനജീവിതം ആരംഭിക്കുന്നത്. കോളജിൽ പഠിക്കുമ്പോൾ കൈനറ്റിക് ഓടിക്കുമായിരുന്നു. പതിനെട്ടാം വയസ്സിൽ ലൈസൻസ് എടുത്തശേഷം വീട്ടിലെ അംബാസഡർ ഓടിച്ചിട്ടുണ്ട്.

asha-sarath-2
ആശ ശരത് ഭർത്താവ് ശരത് വാര്യറിനൊപ്പം

ശരത്തുമായുള്ള വിവാഹം കഴിഞ്ഞു ദുബായിൽ എത്തിയശേഷം 1994–95 ൽ ആണ് ഞങ്ങൾ ആദ്യ കാർ വാങ്ങുന്നത്. 1985 മോഡൽ ചുവന്ന ഹോണ്ട സിവിക് രസികൻ വണ്ടിയായിരുന്നു. കുറച്ചു ദൂരം ഓടിയാൽ നിൽക്കും. പിന്നെ ഇറങ്ങി തള്ളണം. അങ്ങനെ ഉന്തിയും തള്ളിയും ഒരു വർഷം ഓടിച്ചു. പിന്നെ ടൊയോട്ട ക്യാംറി. അതിനുശേഷം ബെൻസ് ഇ–ക്ലാസ് തുടങ്ങിയവയാണ് ഉപയോഗിച്ചിരുന്നത്. ശരത്ത് ബിഎംഡബ്ല്യു ഫാൻ ആയതുകൊണ്ട് 5 സീരീസ് എടുത്തു ഔഡി ക്യൂ 7 നും ഉപയോഗിച്ചിരുന്നു. ഇപ്പോൾ ബിഎംഡബ്ല്യു 7 സീരീസാണ് ശരത്തിന്റെ പ്രിയപ്പെട്ട കാർ. ഞാൻ കൂടുതലും ഉപയോഗിക്കുന്നത് ബെൻസ് ജി എൽ 500. ഏകദേശം രണ്ടു വർഷമായി വാങ്ങിയിട്ട് മസരെട്ടി സ്പോർട്സ് കാറും ഉണ്ട്. നാട്ടിൽ വരുമ്പോൾ ഔഡി ക്യൂ 7 ഉപയോഗിക്കും.

എങ്കിലും ഏറ്റവും അടുപ്പമുള്ള കാർ ഇതൊന്നുമല്ല. ഏതു വാഹനം കണ്ടാലും എന്റെ സഹോദരൻ‍ ബാലേട്ടനെ ഓർമ വരും. ഏതു വണ്ടി വാങ്ങണം, ഏതാണു നല്ലത് എന്നൊക്കെ നന്നായി അറിയാവുന്നത് ബാലേട്ടനാണ്. ഏട്ടന്റെ ഓർമയ്ക്കു പെരുമ്പാവൂരിലെ വീട്ടിൽ അദ്ദേഹത്തിന്റെ ഫോഡ് ഇക്കോസ്പോർട് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കാർ.

സേഫ്ടി– നോ കോംപ്രമൈസ്

asha-sarath-4
ആശ ശരത്

ഏതു കാർ ആണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ശരത്ത്, മോൾ‌ ഉത്തരയ്ക്കു ലൈസൻസ് കിട്ടിയപ്പോൾ ബിഎംഡബ്ല്യു 7 സീരീസ് തന്നെ ഓടിക്കാൻ കൊടുത്തു, അന്നു ഞാൻ ചോദിച്ചു എതിനാ ഇത്ര വിലകൂടിയ കാർ കൊടുക്കുന്നേ... ചെറിയ കാർ പോരെ എന്ന്. പക്ഷേ സേഫ്ടിയാണ് പ്രധാനം എന്നു പറഞ്ഞ് ശരത്ത് സമ്മതിച്ചില്ല. ഒന്നരവർഷം മുൻപ് ഒരു അപകടം ഉണ്ടായി. കാർ തകർന്നുപോയെങ്കിലും മോൾ സുരക്ഷിതയായിരുന്നു. അതിനുശേഷം വീണ്ടും അതേ മോഡൽ തന്നെ വാങ്ങി. ലക്ഷ്വറി കാറുകളിലെ യാത്ര നൽകുന്ന സമാധാനം സേഫ്ടിയാണ്. ഞാൻ അധികം ഡ്രൈവ് ചെയ്യാറില്ല. പല കാര്യങ്ങൾ എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കും. വെറുതെ എന്തിനാ വേറൊരു ടെൻഷൻ. എന്റെ കൂടെ എപ്പോഴും പേഴ്സനൽ ഡ്രൈവർ ഉണ്ടാകും.

ഇതാണു നിയമം

നിയമം പാലിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇവിടെയുള്ളവർ. നിയമം തെറ്റിച്ചാൽ 1500 ദിർഹം (ഏകദേശം 30,000 രൂപ) ഫൈൻ കൊടുക്കണം. മാത്രമല്ല, നമ്മുടെ പോയിന്റ് കുറയും. നിശ്ചിത പോയിന്റ് കുറഞ്ഞാൽ ലൈസൻസ് റദ്ദാകും. പിന്നെ ഈ സമയത്ത് ഇവിടെ വണ്ടിയോടിക്കാം എന്നു വിചാരിക്കേണ്ട. പൊലീസ്, ആംബുലൻസ് ലൈയിനിൽ കയറിയാൽ അതു കുറ്റകരമാണ് .റെഡ് സിഗ്നൽ ക്രോസ് ചെയ്താൽ 100% ക്രൈം ആണ്. നമ്മൾ കേറിയില്ല, അറിയാതെ പറ്റിയതാ എന്നൊക്കെ തർക്കിച്ചാൽ ക്യാമറയിൽ പതിഞ്ഞ ഫോട്ടോ പൊലീസ് കാണിച്ചുതരും. നമുക്ക് എന്തെങ്കിലും ആവശ്യത്തിനായി പൊലീസിനെ വിളിച്ചാൽ നിമിഷങ്ങൾക്കകം അവർ എത്തിയിരിക്കും. ഒരു ഇടിച്ച വണ്ടിയും റോഡിലൂടെ പോകില്ല.

asha-sarath-1
ആശ ശരത്

അതുപോലെ എല്ലാ വർഷവും നമ്മുടെ വാഹനം ടെസ്റ്റ് െചയ്തു ഫിറ്റ്നസ്, ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ശരിയാക്കണം. അല്ലാത്തവ റോഡിലിറക്കാൻ പറ്റില്ല. ഇവിടെ എല്ലായിടത്തും ക്യാമറയാണ്. നമ്മുടെ നാട്ടുകാർ തന്നെയാണ് ഇവിടെയും കൂടുതൽ ഡ്രൈവ് ചെയ്യുന്നത്. പക്ഷേ ആരും അബദ്ധത്തിൽപോലും നിയമം തെറ്റിക്കാൻ മിനക്കെടില്ല.

എന്റെ ഡാൻസ് സ്കൂളിന് ബസുകൾ ഉണ്ട്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാനൊന്നും പറ്റില്ല. ഓരോ സീറ്റിലും സീറ്റ്ബെൽറ്റ് വേണം. ബസിന്റെ ഫിറ്റ്നസ് ടെസ്റ്റ് കൃത്യമായിരിക്കണം. ഡ്രൈവറിന്റെ പ്രൊഫൈൽ നോക്കും. ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കാൻ പറ്റില്ല. വാഹനം ഫിറ്റ് അല്ലെങ്കിൽ സ്കൂൾ ലൈസൻസ് വരെ കട്ടാകും.

ശരത്ത് 23–24 വർഷമായി ഇവിടെ ഡ്രൈവ് ചെയ്യുന്ന ആളാണ്. പക്ഷേ നാട്ടിൽ വരുമ്പോൾ ഡ്രൈവ് ചെയ്യാറില്ല. എതിരെ വാഹനങ്ങൾ വരുന്നതു കാണുമ്പോൾ പേടി തോന്നും. ചെന്നൈയിലൊക്കെ ട്രാഫിക്കിൽ കുരുങ്ങിയാൽ ആ ദിവസം പോകും. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ട്രാഫിക് സംസ്കാരം ഭേദമാണ്.

എങ്കിലും നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സർക്കാരും ശ്രമിക്കണം. ജനങ്ങളും ഇതിനെക്കുറിച്ചു ബോധവാന്മാരായിരിക്കണം. നിയമം തെറ്റിക്കില്ലെന്നു നമ്മളും വിചാരിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA