ഇതാണ് സൂപ്പർതാരമാകാൻ എത്തുന്ന ഹാരിയർ: വിഡിയോ

ഈ വർഷമാദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിലെ താരമായിരുന്നു ടാറ്റയുടെ പ്രീമിയം എസ്‌യുവി ഹാരിയർ. ടാറ്റ ഇന്നുവരെ നിർമിച്ചതിൽ ഏറ്റവും മികച്ച വാഹനങ്ങളിലൊന്ന് എന്ന പേര് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഹാരിയറിന് ലഭിച്ചു. അടിപൊളി ലുക്കും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഹാരിയറിനെപ്പറ്റി കൂടുതലറിയാം.

Tata Harrier

ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നു വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. ലോകത്ത് പത്തുലക്ഷത്തിലധികം എസ്‌യുവികൾക്ക് ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോം അടിത്തറയായിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ്ഫോമിലാണ്. ഏതു തരത്തിലുള്ള റോഡുകളിലൂടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നാണ് ടാറ്റ പറയുന്നത്. ഇന്ത്യൻ നിരത്തിലെ എസ്‌യുവികൾക്ക് പുതിയൊരു മാനം നൽകും ഹാരിയർ.

Tata Harrier

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരമാണ് ഹാരിയറിന്റെ രൂപകൽപ്പന. ഫ്ലോട്ടിങ് റൂഫ് ഫിനിഷ്, വലിയ വീൽആർച്ചുകൾ, പ്രൊട്ടക്ടീവ് സൈഡ് ക്ലാഡിങ്, സിൽവർ ചിൻ ഗാർഡോഡു കൂടിയ ഡ്യുവൽ ടോൺ ഫ്രണ്ട് ബംബർ, സെനോൺ എച്ച്ഐഡി പ്രൊഡക്റ്റർ ഹെഡ്‌ലാംപ്, ടേൺ‍ ഇന്റീകേറ്ററുകളോടു കൂടിയ ഡ്യുവൽ ഫങ്ഷൻ എൽഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ, സ്പോർട്ടി പിയാനോ ബ്ലാക് ഫിനിഷിലുള്ള 3ഡി എൽഇഡി ടെയിൽ ലാംപ്, ലോഗോ പ്രൊജക്ഷനോടു കൂടിയ ഒആർവിഎം എന്നിവയുണ്ട് ഹാരിയറിൽ. 235/65/ആർ17 ഇഞ്ച് 5 സ്പോർക്ക് സ്പോർട്ടി അലോയ് വീലുകളും ഉപയോഗിക്കുന്നു.

Tata Harrier

ഓക് വുഡ് ഫിനിഷുള്ള ഇന്റീയറും. ഡോർപാഡിലേയും സീറ്റുകളിലേയും ലതർ ഫിനിഷും ഇന്റീരിയർ മനോഹരമാക്കുന്നു. 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയാണ് മീറ്റർ കൺസോളിൽ. ഫ്ലോട്ടിങ് ഐലന്റ് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഹാരിയറിൽ. 8.8 ഇഞ്ച് ടച്ച്സ്ക്രീൻ നാലു സ്പീക്കറുകളും 4 ട്വീറ്ററുകളും ഒരു സബ്‌വൂഫറും അടങ്ങിയതാണ് ഇൻഫോടൈൻമെന്റ് സിസ്റ്റം.

Tata Harrier

രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിന്‍. മികവുറ്റ ഡ്രൈവിങ് ക്ഷമതയും പ്രകടനവുമൊക്കെ ഉറപ്പാക്കാൻ ഈ പുത്തൻ എൻജിനു സാധിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ. കരുത്തിലും വിശ്വാസ്യതയിലും ക്രയോജെനിക് റോക്കറ്റ് എൻജിനാണു ക്രയോടെക്കിനു മാതൃകയെന്നു ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തുന്നു. പ്രകടനക്ഷമതയിലും ആധുനികതയിലും ആഗോളനിലവാരമാണു ക്രയോടെക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 1956 സിസി എൻജിന് 3750 ആർപിഎമ്മിൽ 140 എൻഎം ടോർക്കും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ.

Tata Harrier

4598 എംഎം നീളവും 1894 എംഎം വീതിയും 1706 ഉയരവുമുണ്ട് വാഹനത്തിന്. 2741 എംഎം വീൽബെയ്സും 205 എംഎം ഗ്രൗണ്ട് ക്രിയറൻസും. 50 ലീറ്ററാണ് ഫ്യൂവൽടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്കായി മുന്നിലെ ഡ്യൂവൽ എയർബാഗുകളും സീറ്റ് സൈഡ് എയർബാഗും കർട്ടൻ എയർബാഗുകളുമടക്കം 6 എയർബാഗുകളുണ്ട്. കൂടാതെ എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ഓഫ് റോ‍ഡ് എബിഎസ്, ഇലക്ട്രോണിക് ട്രാക്‌ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽഡിസന്റ് കൺട്രോൾ,  ബ്രേക് ഡിസ്ക് വൈപ്പിങ്, ഹൈഡ്രോളിങ് ബ്രേക് അസിസ്റ്റ് തുടങ്ങി 14 ഫങ്ഷനാലിറ്റികളുള്ള അഡ്വാൻസിഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റ് പ്രോഗ്രാമാണ് വാഹനത്തിൽ.

Tata Harrier

മുന്നിൽ ലാൻഡ്റോവർ സസ്പെൻഷനും പിന്നിൽ ഹാരിയറിലായി ലോട്ടസ് വികസിപ്പിച്ച സസ്പെൻഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്. കരുത്തും ഇന്ധനക്ഷമതയും നൽകുന്നതിനായി സിറ്റി, ഇക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുണ്ട്. കൂടാതെ വ്യത്യസ്ത തരം ഡ്രൈവിങ് കണ്ടീഷനുകൾക്കായി വെറ്റ്, റഫ്, നോർമൽ മോഡുകളുമുണ്ട്. എട്ടുതരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവിങ് സീറ്റും 4 തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന കോഡ്രൈവർ സീറ്റുമാണ്. പിന്നിലെ സീറ്റ് 60:40 അനുപാതത്തിൽ മടക്കാനും സാധിക്കും. 425 ലീറ്ററാണ് ബുട്ട് സ്പെയ്സ്, പിൻ സീറ്റ് മടക്കിയാൽ അത് 810 ലീറ്ററായി ഉയരും. അടുത്ത വർഷം ആദ്യ ഹാരിയർ വിപണിയിലെത്തും.