ലോകനേതാക്കളുടെ പറക്കും കൊട്ടാരങ്ങള്‍

world-leaders-flight
SHARE

വിമാനത്തില്‍ കയറി ആകാശത്തിലൂടെ പറക്കുക എന്നത് ഇപ്പോള്‍ അത്ര അദ്ഭുതമുള്ള കാര്യമൊന്നുമല്ല. എവിടേക്കും വേഗത്തില്‍ എത്താന്‍ കഴിയും എന്ന സൗകര്യവും ടിക്കറ്റുകള്‍ മിതമായ വിലയില്‍ ലഭ്യമായി തുടങ്ങിയതും വിമാനസഞ്ചാരം സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായി തുടങ്ങി. എന്നാല്‍ ഒരു വശത്ത് വിമാനയാത്ര സാധാരണമാകുമ്പോള്‍ മറ്റൊരു വശത്ത് ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്ത സൗകര്യങ്ങളുമായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ചില പറക്കും കൊട്ടാരങ്ങളുണ്ട്. സുരക്ഷയിലും ആഡംബരത്തിലും സമാനതകളില്ലാത്ത സവിശേഷതകളുള്ള ഈ വിമാനങ്ങളില്‍ മിക്കതും ലോക നേതാക്കളുടേതാണ്.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എയര്‍ ഫോഴ്സ് 1

air-force-one
എയര്‍ ഫോഴ്സ് വണ്‍

ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പ്രശസ്മായ വിമാനമെന്ന് എയര്‍ഫോഴ്സ് 1 നെ വിശേഷിപ്പിക്കാം. അമേരിക്കന്‍ പ്രസിഡന്‍റ് യാത്രാവിമാനമായി ഉപയോഗിക്കുന്ന ഏതിനെയും ആ നിമിഷം വിളിക്കുന്നത് എയര്‍ ഫോഴ്സ് 1 എന്നാണ്. എങ്കിലും മിക്ക യാത്രകളിലും പ്രസിഡന്‍റ് ഉപയോഗിക്കുക ബോയിങ് 747 200 B എന്ന വിമാനമാണ്. ഈ വിമാനത്തിന് ഇറങ്ങാന്‍ പറ്റാത്ത വലുപ്പത്തിലുള്ള റണ്‍വേയോ, മറ്റു ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളോ വന്നാല്‍ മറ്റ് വിമാനങ്ങളായ CT-25A, ബോയിങ് സി- 32 എന്നിവ ഉപയോഗിക്കും. ഇവയില്‍ CT-25A ഓപ്പറേഷന്‍ റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങളടങ്ങിയ വിമാനമാണ്. ഒരു ലോകനേതാവ് ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിമാനവും ഇതാണ് 25 വര്‍ഷത്തെ പഴക്കമാണ് ഈ വിമാനത്തിലുള്ളത്.

മുഖ്യവിമാനമായ ബോയിങ് 747 200 B ഏതാണ്ട് 100 കോടി അമേരിക്കന്‍ ഡോളർ വിലയുള്ളതാണ്. 70 യാത്രക്കാരെയും 26 ജീവനക്കാരെയും ഈ വിമാനം ഉള്‍ക്കൊള്ളും. 140000 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനും കഴിയും. മികച്ച സുരക്ഷാ, ആശയവിനിമയ സംവിധാനങ്ങളാണ് എയര്‍ഫോഴ്സ് 1 ലുള്ളത്. 1000 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ എയര്‍ഫോഴ്സ് 1 ന് കഴിയും. പ്രസിഡന്‍റിനുള്ള ബെഡ്റൂമും, ഓഫീസും ജിമ്മും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിമാനത്തിലുണ്ട്. കൂടെ യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക മേഖലയും വിമാനത്തില്‍ തിരിച്ചിട്ടുണ്ട്.

വ്ലാഡമീര്‍ പുടിന്‍റെ പറക്കും കോട്ട

Vladimir-Putin
IL-96-300PU

ലോകനേതാക്കളില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ വിമാനം ഉപയോഗിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമീര്‍ പുടിനാണ്. ഏതാണ്ട് 50 കോടി അമേരിക്കന്‍ ഡോളറാണ് IL-96-300PU എന്ന വിമാനത്തിന്‍റെ ഏകദേശ വില. ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങളാണ് പുടിന്‍റെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. രൂപത്തിലും ഭാവത്തിലും ഇതേഗണത്തിൽ പെടുന്ന യാത്രാവിമാനങ്ങളില്‍ നിന്നു ഏറെ വ്യത്യസ്തമാണ് വ്ലാഡമീര്‍ പുടിന്‍റെ വിമാനം. കൂടുതല്‍ വലുപ്പവും വീതിയും വിമാനത്തിനുണ്ട്. വേഗതയിലും എൻജിനുള്‍പ്പടെയുള്ള സാങ്കേതിക കാര്യങ്ങളിലും പക്ഷേ യാത്രവിമാനത്തില്‍ നിന്നു വലിയ മാറ്റങ്ങള്‍ ഈ വിമാനത്തില്‍ വരുത്തിയിട്ടില്ല. റഷ്യന്‍ നിര്‍മാതാക്കളായ വൊറോനേഷ് ആണ് IL-96-300PU വിമാനത്തിന്‍റെ നിര്‍മാതാക്കള്‍. റഡാറില്‍ പെടാതെ സഞ്ചരിക്കാനുള്ള സാങ്കേതികവിദ്യയും ഈ വിമാനത്തിലുണ്ട്. കൂടാതെ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലുകളെ അതിജീവിക്കാനുള്ള സൗകര്യങ്ങളും പുടിന്‍റെ  IL-96-300PU വില്‍ ഉണ്ട്.

വലുപ്പത്തിനൊപ്പം അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ആശയവിനിമയ സൗകര്യവും സമാനതകളില്ലാത്ത ആഡംബര സൗകര്യങ്ങളുമാണ് വിമാനത്തിന്‍റെ മൂല്യം ഉയര്‍ത്തുന്നത്. പ്രസിഡന്‍റിന്‍റെ ഒരു മിനി ഓഫീസും, കിടപ്പ് മുറിയും ജിമ്മും മറ്റു സൗകര്യങ്ങളും വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. വിഖ്യാത റഷ്യന്‍ ചിത്രകാരന്‍ ഇല്യാ ഗ്ലുനോവ് ആണ് പുടിന്‍റെ വിമാനത്തിന്‍റെ അകത്തളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പക്ഷേ പ്രസിഡന്‍റ് സഞ്ചരിക്കുന്ന വിമാനത്തേക്കാളും ഇതിന്റെ സുരക്ഷ നല്‍കുന്ന വ്യോമവ്യൂഹത്തിന്‍റെ വലുപ്പമാകും ഏവരെയും അദ്ഭുതപ്പെടുത്തുക. 68 വിമാനങ്ങളും 64 ഹെലികോപ്ടറുകളുമാണ് പ്രസിഡിന്‍റിന്‍റെ വ്യോമയാത്രയില്‍ സുരക്ഷ നല്‍കുന്ന വ്യോമസേന സംഘത്തിലുള്ളത്.

സ്വന്തമായി വിമാനമില്ലാത്ത സീ ജിന്‍പിങ്

air-china
സീ ജിന്‍പിങ്ങിന്റെ എയർ ചൈന

വ്ലാഡമീര്‍ പുടിംനും ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയാണ് ചൈനീസ് പ്രസിഡന്‍റ്. പക്ഷേ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വിമാനങ്ങള്‍ സീ ജിന്‍പിങ്ങിനില്ല. ബോയിങ് 747-400 ഇനത്തില്‍ പെട്ട 2 വിമാനങ്ങളില്‍ ഏതെങ്കിലും ഒന്നാണ് തന്‍റെ യാത്രകളില്‍ സീ ജിന്‍പിങ് ഉപയോഗിക്കുന്നത്. ഒരു വിമാനത്തിന് ഏതാണ്ട് 25 കോടി അമേരിക്കന്‍ ഡോളര്‍ വില വരും. അമിതമായ ആഡംബരമില്ലാത്ത ഈ വിമാനങ്ങള്‍ സാധാരണ യാത്രാ വിമാനങ്ങളായും ഉപയോഗിക്കാറുണ്ട്. എയര്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ വിമാനങ്ങള്‍ ശക്തമായ പരിശോധനയ്ക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ ആവശ്യത്തിനായി എത്തിക്കുക. കൂടാതെ പ്രസിഡന്‍റിന്‍റെ യാത്രയ്ക്ക് മുന്നോടിയായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും വിമാനത്തില്‍ ഘടിപ്പിക്കും.

പ്രസിഡന്‍റ്, പ്രധാനമന്ത്രി തുടങ്ങിയവരുടെ യാത്രാ സമയത്ത് വിമാനത്തില്‍ സീറ്റുകള്‍ പകുതിയില്‍ ഏറെയും നീക്കം ചെയ്യും. തുടര്‍ന്ന് ഇവിടെ കിടപ്പ് മുറി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഈ സമയത്ത് ഒരുക്കുന്ന സുരക്ഷാ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. നേതാക്കളുടെ യാത്ര പൂര്‍ത്തിയായാല്‍ വിമാനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി എയര്‍ ചൈനയ്ക്ക് കൈമാറും.

ജര്‍മന്‍ ചാന്‍സിലറിന്‍റെ കൊണ്‍റാഡ് അഡനിയൂര്‍

german-air
കോൺറാഡ് അഡനിയൂർ

പുടിന്‍ കഴിഞ്ഞാല്‍ ഒരു ജനാധിപത്യരാജ്യത്തിന്‍റെ ഭരണാധികാരിയായി ഏറ്റവും കൂടുതല്‍ കാലമായി അധികാരത്തിലിരിക്കുന്ന ലോകനേതാവാണ് ജര്‍മന്‍ ചാന്‍സിലര്‍ അഞ്ചെലാ മെര്‍കല്‍. വ്യോമയാത്രയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആഞ്ചെലാ മെര്‍ക്കലിന് റഷ്യന്‍ പ്രസിഡന്‍റിനോടാണ് സാമ്യമെങ്കില്‍, വിമാനങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആഞ്ചെലാ മെര്‍ക്കല്‍ ട്രംപിനെയും കടത്തി വെട്ടും. രാജ്യത്തിനകത്തുള്ള യാത്രകള്‍ക്കും, അയല്‍രാജ്യങ്ങളിലേക്കും യാത്രചെയ്യാന്‍ ആഞ്ചെല ഉപയോഗിക്കുന്ന യൂറോ കോപ്റ്റര്‍ SA-532 എന്ന ഹെലികോപ്റ്ററാണ്.

ദൂരയാത്ര വേണ്ടിവന്നാല്‍ ജര്‍മന്‍ ചാന്‍സിലറുടെ ഔദ്യോഗിക വിമാനങ്ങള്‍ അഞ്ചാണ്. ഇതില്‍ പ്രധാനപ്പെട്ടത് കൊണ്‍റാഡ് അഡനിയൂര്‍ എന്ന A340-313X VIP എയര്‍ബസ് ആണ്. A340-313X VIP തന്നെ രണ്ടെണ്ണമാണ് മെര്‍കലിനുള്ളത്. തിയോഡാര്‍ ഹ്യൂസ് എന്നതാണ് രണ്ടാമത്തെ വിമാനത്തിന്‍റെ പേര്. 13500 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ ബുണ്ടേഷ്വര്‍ എന്ന ജര്‍മന്‍ വ്യോമസേനയുടെ കീഴിലാണ്. മുന്‍പ് സാധാരണ യാത്രാവിമാനമായും ഉപയോഗിച്ചിരുന്ന ഈ എയര്‍ബസുകള്‍ 2011 ലാണ് ലുഫ്ത്താന്‍സ വ്യോമസേനയ്ക്ക് കൈമാറുന്നത്. കൊണ്‍റാഡ് അഡനിയൂറും, തിയോഡാര്‍ ഹ്യൂസും കൂടാതെ മൂന്നു പ്രത്യേക വിമാനങ്ങള്‍ കൂടി ജര്‍മന്‍ ചാന്‍സിലറിനുണ്ട്. ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000 എന്ന വിമാനം ഹ്രസ്വയാത്രകള്‍ക്ക് ഉപയോഗിക്കുന്നതാണ്. എയർബസ് A319-133X CJ ഇനത്തില്‍ പെട്ട രണ്ടു വിമാനങ്ങളാണ് ഇതു കൂടാതെ മെര്‍ക്കലിന്‍റെ ആകാശയാത്രയ്ക്ക് ഉപയോഗിക്കുന്നത്.

മൂന്നു വിഭാഗത്തിലും പെട്ട വിമാനങ്ങളുടെയും വില കണക്കാക്കിയാല്‍ ഏകദേശം 70 കോടി അമേരിക്കന്‍ ഡോളറാണ് മൂല്യം. സൗകര്യങ്ങളുടെ കാര്യത്തിലും പുടിന്‍റെയും ട്രംപിന്‍റെയും വിമാനങ്ങളില്‍ നിന്ന് ഒട്ടും പിന്നിലല്ല മെര്‍ക്കലിന്‍റെ മുഖ്യ യാത്രാവിമാനങ്ങളായ കൊണ്‍റാഡ് അഡനിയൂറും, തിയോഡാര്‍ ഹ്യൂസും. മാത്രമല്ല അവരുടെ വിമാനങ്ങളില്‍ നിന്ന് വ്യത്യാസ്തമായി ജീവനക്കാരെ കൂടാതെ 143 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഈ വിമാനങ്ങള്‍ക്ക് കഴിയും.

എലിസബത്ത് രാജ്ഞിയുടെ 32 സ്ക്വാഡ്രോണ്‍

queen-elizabeth
എലിസബത്ത് രാജ്ഞി

കരുത്തില്‍ മുന്‍പന്തിയിലില്ലെങ്കില്‍ പ്രശസ്തിയില്‍ മറ്റേത് ലോകനേതാവിനോടും ഒപ്പം നില്‍ക്കുന്ന വ്യക്തിത്ത്വമാണ് ബ്രിട്ടീഷ് രാജ്ഞിയുടേത്. ഇത് പോലെ തന്നെ രാജ്ഞിയുടെ സന്നാഹങ്ങളും ലോകനേതാക്കളോട് കിടപിടിക്കുന്നതാണ്. നമ്പര്‍ 32 സ്ക്വാഡ്രോണ്‍ എന്ന വിമാനസമുച്ചയാണ് രാജ്ഞി ആകാശ യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. അടുത്തിടെ വരെ ബോയിങ് റോയല്‍ 747, 777 എന്നീ ബ്രിട്ടീഷ് എയര്‍ലൈന്‍സ് വിമാനങ്ങളില്‍ സഞ്ചരിച്ചിരുന്ന രാജ്ഞിയും രാജകുടുംബവും അടുത്തിടെയാണ് 32 സ്ക്വാഡ്രോണിലേക്ക് പൂര്‍ണമായി മാറിയത്. രണ്ട്  AW109 ഹെലികോപ്റ്റുകള്‍ ആറ് BAE-125 വിമാനങ്ങള്‍, ആറ് BAE-146 വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 32 സ്ക്വാഡ്രോണ്‍. ഏതാണ്ട് 10 കോടി അമേരിക്കന്‍ ഡോളറാണ് രാജ്ഞിയുടെ ആകാശ സഞ്ചാര സന്നാഹങ്ങളുടെ ആകെ മൂല്യം കണക്കാക്കുന്നത്. ഇതുകൂടാതെ സിക്രോ സ്കൈ S-76 സ്പിരിറ്റ് എന്ന സ്വന്തം ഹെലികോപ്റ്ററും രാജ്ഞിയ്ക്കുണ്ട്. ചിലസമയങ്ങളില്‍ റോയല്‍ എയര്‍ഫോഴ്സും രാജ്ഞിയുടെ യാത്രാചുമതല വഹിക്കാറുണ്ട്.

രാജ്ഞിക്കും മുകളില്‍ പ്രധാനമന്ത്രി തെരേസ മെയ്

Theresa-May
തെരേസ മെയ്

ഔദ്യോഗിക പദവി കണക്കിലെടുത്താല്‍ ബ്രിട്ടീഷ് രാജ്ഞിയാണ് മുകളില്‍. എന്നാൽ ആകാശ സഞ്ചാരത്തിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ അധികാരത്തില്‍ എന്നപോലെ തന്നെ പ്രധാനമന്ത്രിയ്ക്കാണ് പ്രാധാന്യം. അതുകൊണ്ട് തന്നെ തെരേസ മെയുടെ യാത്രയ്ക്ക് വേണ്ടി ബ്രിട്ടൻ അടുത്തിടെ വാങ്ങിയത് 27 കോടി അമേരിക്കന്‍ ഡോളറിന്‍റെ എയര്‍ബസ് 330 ആണ്. രാജ്ഞിക്കെന്ന പോലെ സ്ക്വാര്‍ഡോണ്‍ 32 ആണ് തെരേസ മെയുടെ ആകാശയാത്രയ്ക്കും സുരക്ഷ ഒരുക്കുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ തെരേസ മെയുടെ ആകാശ സന്നാഹത്തിന്‍റെ ചെലവ് ഏകദേശം 30 കോടി അമേരിക്കന്‍ ഡോളര്‍ കവിയും.

മറ്റു ലോകശക്തികളിലെ ഭരണാധികാരികളുടെ വിമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന ലളിതമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ യാത്രാ വിമാനം. സാധാരണ പാസഞ്ചര്‍ വിമാനങ്ങളോട് സാമ്യമുള്ളതാണ് വിമാനത്തിന്‍റെ അകവും പുറവും. ഉള്‍വശത്ത് ദീര്‍ഘയാത്രകളില്‍ ഉപയോഗിക്കാന്‍ കിടപ്പ് മുറിയും, ചെറിയ ഓഫീസും പ്രധാനമന്ത്രിയ്ക്ക് വേണ്ടി തയാറാക്കിയിട്ടുണ്ട്. നൂറു പേര്‍ക്കിരിക്കാവുന്ന വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായും പ്രത്യേക ഭാഗം തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആഡംബരങ്ങളില്ലാത്ത വിമാനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ എയര്‍ബസ് 330. മാത്രമല്ല അടുത്ത കാലം വരെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ സാധാരണക്കാരോടൊപ്പം പാസഞ്ചര്‍ വിമാനങ്ങളിലാണ് അടിയന്തിര ഘട്ടങ്ങളിലൊഴികെ യാത്ര നടത്തിയിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA