ജാവ എന്ന ഐതിഹാസികൻ

ഒരു ചെക്കോസ്ലോവാക്യൻ കമ്പനിയാണ് ജാവ എന്നു മിക്കവർക്കും അറിയാം. ഇവരുടെ മോട്ടോർസൈക്കിളുകൾക്ക് ഒരു ജർമൻ പാരമ്പര്യമുണ്ടെന്ന കാര്യം അത്ര പ്രസിദ്ധമല്ല. വാഹനസാങ്കേതികവിദ്യയിൽ മുൻനിര കമ്പനിയായ ഔഡിയുമായാണു ബന്ധുത്വം. നാലു ജർമൻ വാഹന കമ്പനികൾ ചേർന്നുണ്ടായ ഓട്ടോ യൂണിയനിൽനിന്നാണ് ഔഡിയുടെ തുടക്കം. സൈക്കിളുകൾ, മോട്ടോർസൈക്കിളുകൾ, മറ്റു വാഹനങ്ങൾ, യന്ത്രങ്ങൾ എന്നിവയെല്ലാം നിർമിച്ചിരുന്ന വാൻഡറർ ആണ് ഇതിലൊന്ന്. ഓട്ടോ യൂണിയനിൽ ലയിച്ചപ്പോൾ അവർ തങ്ങളുടെ മോട്ടോർ സൈക്കിൾ യൂണിറ്റ് ഫ്രാന്റിസെജ്യാനിസെക് എന്ന ചെക്കോസ്ലോവാക്യക്കാരനു വിറ്റു. അങ്ങനെ 1929 ൽ പ്രാഗിൽ തന്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ ജെനി എന്നിവയോട് വാൻഡററിന്റെ ഡബ്ല്യു എ കൂട്ടിച്ചേർത്ത് ജ്യാനിസെക് ജാവ മോട്ടോർ സൈക്കിൾ കമ്പനി സ്ഥാപിച്ചു. 

ജാവ വിപണിയിലേക്ക്

വാഹനിർമാണത്തിൽ മുൻപരിചയം ഒന്നുമില്ലായിരുന്നെങ്കിലും മിടുക്കനായ ഒരു എൻജിനീയറായിരുന്നു ജ്യാനിസെക്. പ്രാഗിലെ ബെർലിൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്നു ബിരുദം നേടിയ ഇയാൾക്ക് അറുപതിലേറെ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുണ്ടായിരുന്നു. ഒന്നാംലോക യുദ്ധാനന്തര യൂറോപ്പിൽ മോട്ടോർസൈക്കിളുകൾ പ്രചാരത്തിലായി വന്നിരുന്ന കാലത്ത് പെട്ടെന്നു നിർമാണരംഗത്തിറങ്ങാൻ ജ്യാനിസെക് കണ്ടെത്തിയ മാർഗമാണ് നിലവിലുള്ള ഒരു രൂപകൽപന സ്വന്തമാക്കുക എന്നത്. അങ്ങനെയാണ് 1929 ൽ പുതിയ ഉൽപന്നമായിരുന്ന വാൻഡറർ 500 മോട്ടോർസൈക്കിളിന്റെ രൂപകൽപന, നിർമാണ–വിപണന സൗകര്യങ്ങൾ എന്നിവ വാങ്ങിയത്.

തുടർന്നു ചെക്കോസ്ലോവാക്യയിൽ‍ പുതിയ കമ്പനിയുടെ ജാവ 500 നിരത്തിലിറക്കി. മികച്ച ഉൽപന്നമായിരുന്നു ജാവ 500 എങ്കിലും വിപണിയുടെ ആവശ്യം ഭാരം കുറഞ്ഞ ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിളാണെന്നു ജ്യാനിസെക്കിനു താമസിയാതെ മനസ്സിലായി. അങ്ങനെയാണ് പരിചയസമ്പന്നനും പ്രശസ്തനുമായ ബ്രിട്ടിഷ് എൻജിനീയർ പാച്ചറ്റ് പ്രധാന രൂപകൽപന വിദഗ്ധനായി ജാവയിൽ നിയമിക്കപ്പെട്ടത്. വലിയ ജർമൻ എൻജിൻ ഉപേക്ഷിച്ചു പകരം 175 സിസിയുടെ വില്ലിയേഴ്സ് എൻജിനുമായി പുതിയ ജാവ 175, 1933 ൽ ഇറങ്ങി. വെറും എഴുപതു കിലോ ഭാരവും മികച്ച ഇന്ധനക്ഷമതയുമുണ്ടായിരുന്ന ഇതു പെട്ടെന്നുതന്നെ വിപണിവിജയം നേടി. പാച്ചറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഗവേഷണവിഭാഗം ജാവയുടെ സ്വന്തം 250, 350 സിസി രണ്ടു സ്ട്രോക്ക് എൻജിനുകൾക്കു ജന്മം കൊടുത്തു. ഇവ മോട്ടോർസൈക്കിൾ മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജാവയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിനു പ്രശസ്തി വർധിച്ചു. ജ്യാനിസെക് പാച്ചെറ്റുമായി ചേർന്നു രൂപകൽപന െചയ്ത 350 സിസി നാലു സ്ട്രോക്ക് എൻജിനായിരുന്നു ജാവയുടെ മറ്റൊരു താരം. 

Yezdi

ജാവയുടെ കയ്യൊപ്പ്

രണ്ടാം ലോകയുദ്ധാരംഭത്തോടെ മോട്ടോർ സൈക്കിൾ നിർമാണം നിലച്ച മട്ടാവുകയും 1941 ൽ ജാനിസെക് അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രൻ കാരെൽ പിതാവിന്റെ രൂപകൽപനകൾ ഏറ്റെടുത്തു. മരണത്തിനു മുൻപുവരെ ജ്യാനിസെക് മിനുക്കുപണികളിൽ മുഴുകിയിരുന്ന 249 സിസി മോട്ടോർ സൈക്കിൾ അങ്ങനെ 1946 ൽ രംഗത്തെത്തി. എൻജിനും ഗിയർബോക്സും ഏകീകൃത ഘടനയിൽ നിർമിച്ച, മുന്നിലും പിന്നിലും ആധുനിക സസ്പെൻഷനുള്ള ഇതിന് ആ വർഷത്തെ പാരിസ് മോട്ടോർഷോയിൽ സ്വർണമെഡൽ ലഭിച്ചു. ക്ലച്ച് ഉപയോഗിക്കാതെ ഗിയർമാറ്റം സാധ്യമാക്കുന്ന ഇതിന്റെ മൾട്ടി ഡിസ്ക് വെറ്റ് ക്ലച്ച് സംവിധാനം തുടർന്നുവന്ന മോട്ടോർസൈക്കിൾ ശ്രേണിയുടെ ഭാഗമായതോടെ ജാവയ്ക്ക് വാഹനചരിത്രത്തിൽ മായാത്ത ഒരു സ്ഥാനം ഉറപ്പായി. 

രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ ചെക്കോസ്ലോവാക്യ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായി. കമ്പനി ദേശീയവൽക്കരിക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി നിലയ്ക്കുകയും ചെയ്തു.  ആധുനിക നാലു സ്ട്രോക്ക് ഇരട്ട സിലിണ്ടർ എൻജിനുള്ള ജാവ 500 ശ്രേണി മൂന്നാം ലോകരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെട്ടു. അൻപതുകളുടെ പകുതിയോടെ ജാവ ഇന്ത്യയിലും എത്തിയിരുന്നു. അറുപതുകളായപ്പോഴേക്കും ജാവ മോട്ടോർ സൈക്കിളുകൾ 120 രാജ്യങ്ങളി‍ൽ വിപണിയിലുണ്ടായിരുന്നു. ഇക്കാലത്ത് സവിശേഷ രൂപകൽപനയുള്ള ടു സ്ട്രോക്ക് എൻജിനുകളുമായി ജാവ മത്സരരംഗത്തും സജീവമായി. ജാവയുടെ 250, 350 സിസി രണ്ടു സ്ട്രോക്ക് എൻജിൻ മോട്ടോർ സൈക്കിളുകളാണ് ഏറ്റവും വിൽപന നേടിയിട്ടുള്ളത്. എഴുപതുകളിലെ രൂപകൽപന ഇന്നു മാറ്റമില്ലാതെ തുടരുന്നുവെങ്കിലും പ്രവർത്തനമികവുമൂലം ഇന്നും ഈ മോഡലുകൾ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വിറ്റുവരുന്നു. സ്പീഡ്‌വേ, ഡർട്ട് ട്രാക്ക് എന്നീ മത്സരങ്ങളിൽ ജാവ എക്കാലവും മുൻനിരയിലാണ്.

ജാവ ഇന്ത്യയിൽ

പാഴ്സി സഹോദരന്മാരായ റസ്റ്റവും ഫറോക്കും ഐഡിയൽ ജാവ എന്ന കമ്പനി തുടങ്ങി ഇന്ത്യയിലേക്കു മോട്ടോർ സൈക്കിളുകൾ ഇറക്കുമതി നടത്തിയിരുന്നു. വിപണിയിൽ ജാവയുടെ സ്വീകാര്യത തിരിച്ചറിഞ്ഞ ഇവർ 1961 ൽ മൈസൂറിൽ മോട്ടോർ സൈക്കിൾ നിർമാണ ഫാക്ടറി തുടങ്ങി. ടൈപ്പ് 353 എന്ന 250 സിസി രണ്ടു സ്ട്രോക്ക് എൻജിനുള്ള മോട്ടോർ സൈക്കിളാണ് തുടർന്നു പത്തുവർഷം ഇറക്കിയത്. താഴ്ന്ന സീറ്റും, അൽപം കഫെ റെയ്സർ ഛായയുള്ള മുൻ ഫോർക്കും ഹാൻഡിൽ ബാറും സവിശേഷമായ ഇരട്ട എക്സോസ്റ്റിന്റെ ശബ്ദവും ജാവയ്ക്ക് ഒരു പ്രത്യേക പരിവേഷം നൽകി. ഇടതുകാലിന്റെ ഉപ്പൂറ്റികൊണ്ട് ഗിയർ ലിവർ അൽപം ഉള്ളിലേക്കു തള്ളിയാൽ അതു നിവർന്നുവന്ന് കിക്ക് പെഡലായി മാറും! മുന്നിലെയും പിന്നിലെയും വീലുകൾ അന്യോന്യം മാറ്റിയിടാം. ആക്സിലറേറ്റർ പ്രയോഗം നിയന്ത്രിച്ചാൽ ക്ലച്ച് പിടിക്കാതെ ഗിയർ മാറ്റാം. ഈ വക പ്രത്യേകതകൾ ജാവയുടെ ഉപയോഗക്ഷമത ഏറെ വർധിപ്പിച്ചിരുന്നു. 

Yezdi

ജാവയിൽനിന്നു യെസ്ഡിയിലേക്ക്

1971 നുശേഷം യെസ്ഡി എന്ന പേരിൽ ഇറങ്ങിയപ്പോഴും ജാവയുടെ പിൻഗാമി ഈ സവിശേഷതകളൊന്നും കൈവിട്ടില്ല. റോഡ് കിങ് എന്നൊരു വകഭേദവും ഇരട്ട സിലിണ്ടർ 350 സിസി യെസ്ഡിയും ഇടക്കാലത്ത് ഐഡിയൽ ജാവ കമ്പനി നിർമിച്ചിരുന്നു. 1996 ൽ യെസ്ഡിയുടെ നിർമാണം നിലച്ചു. നാലു സ്ട്രോക്ക് നൂറു സിസി ജാപ്പനീസ് ബൈക്കുകളുടെ മുന്നിൽ യെസ്ഡിക്കു പിൻവാങ്ങേണ്ടിവന്നു എന്നതാണു സത്യം. 

ജാവ പുനർജനിക്കുന്നു

എക്കാലത്തും ജാവയുടെ മോട്ടോർസൈക്കിളുകൾക്ക് ആരാധകരുണ്ടായിരുന്നു. ഈ ബ്രാൻഡിന്റെ ആകർഷണം മുതലെടുക്കാൻ മഹീന്ദ്ര ജാവയുമായി ഇന്ത്യൻ വിപണിയിലെത്തുന്നു. ഇക്കുറി ഒരു 350 സിസി നാല് സ്ട്രോക്ക് എൻജിനുമായാണ് വരവ്.