‘നമ്മൾ പാവം ഇന്നോവയായിട്ട് നടക്കാ... അവൻ വല്യ ബെൻസ് മുതലാളിയൊക്കെയാട്ടാ...’ പിഷുനെ തോണ്ടി ധറുന്റെ ട്രോൾ. ‘ഇപ്പോൾ ഒരുമിച്ചുള്ള യാത്രകൾ കുറവാണ്. പണ്ട് ഒരു വണ്ടിയിലായിരുന്നു യാത്ര. പിഷാരടി നന്നായിട്ട് വണ്ടിയോടിക്കും. എന്നാ വണ്ടി എടുത്ത ദിവസം തന്നെ ഇടിച്ചിട്ടുള്ള ആളുമാണ്,’ ധർമജൻ ഒന്നു ശ്വാസം വിടാൻ നിർത്തിയതും പിഷാരടിയുടെ കൗണ്ടർ അറ്റാക്ക്, ‘ഇവന് കാറോടിക്കാൻ അറിയില്ലെങ്കിലും ബോട്ട് ഓടിക്കാൻ എക്സ്പെർട്ടാ.’
ധർമജനും പിഷാരടിയും അവരുടെ ഡ്രൈവിങ് കഥകളുടെ കെട്ടഴിക്കുകയാണ് ഫാസ്റ്റ്ട്രാക്കിനോട്.. ധർമജൻ : ഞാൻ സിനിമയ്ക്കു വേണ്ടിയാണ് ഡ്രൈവ് എന്ന പരിപാടിക്കുതന്നെ പോകുന്നത്. ആദ്യ സിനിമയായ പാപ്പി അപ്പച്ചായിൽ ഡ്രൈവറുടെ റോളാണെന്നറിഞ്ഞപ്പോൾ കൂട്ടുകാരന്റെ ഇന്നോവയിൽ
ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് സെറ്റിലെത്തി. അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത്.. ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കിൽ ഇത് പതിനാറു തിരി തിരിക്കണം. ആ സിനിമയിൽ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിങ്ങിന്റെ ഗുണംകൊണ്ടാണോന്നറിയില്ല അത് വണ്ടിയിൽ കേറടാ എന്നാക്കേണ്ടിവന്നു.
ആ സിനിമയിൽ സ്കൂൾ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം. ആദ്യ തവണ ടയർ തിരിഞ്ഞുപോയി. രണ്ടാമത്തെ തവണ ജീപ് വളഞ്ഞുപോയി. ടേക്ക് ഓകെ ആയില്ല. എടാ... സെറ്റ് കത്തിത്തീരുമ്പോഴേക്കെങ്കിലും ഓടിച്ചെത്തുമോ എന്നായി ഡയറക്ടർ. സ്കൂൾ കത്തിത്തീർന്നാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ? എട്ടുലക്ഷത്തിന്റെ സെറ്റാണ് പെട്രോൾ ഒഴിച്ചു കത്തിക്കുന്നത്. പിന്നെ മൂന്നാമത്തെ ടേക്കിൽ ഓക്കെ ആയി. അപ്പൊഴാ എന്റെയും ശ്വാസം വീണത്! നല്ല ഗായകരോടും ഡ്രൈവറോടും അസൂയ തോന്നാറുണ്ട്.
പിഷാരടി : അപ്പോൾ നിനക്കെന്നോട് അസൂയ തോന്നണമല്ലോ..ഞാൻ സൂപ്പർ ഡ്രൈവറാണല്ലോ.. അച്ഛന്റെ പഴയ ലാംബി സ്കൂട്ടറിലാണ് ഞാനും എന്റെ ചേട്ടന്മാരും വണ്ടിയോടിക്കാൻ പഠിച്ചത്. പതിനെട്ടു വയസ്സു പൂർത്തിയായപ്പോൾത്തന്നെ ലൈസൻസ് എടുത്തു. പിന്നെ ഷോയാണ്. പൊലീസ് പിടിക്കാനായി മനഃപൂർവം വണ്ടിയുമെടുത്ത് കറങ്ങും. പൊലീസ് ചെക്കിങ്ങിനു നിൽക്കുന്നിടത്തുകൂടി പോകും. എന്നെയൊന്ന് പിടിക്ക് എന്ന മട്ടിൽ...
നിനക്ക് ലൈസൻസ് ഉണ്ടോടാ എന്നു ചോദിക്കുമ്പോൾ... ദാ കണ്ടോ എന്റെ ലൈസൻസ് എന്നു ഗമയിൽ കാണിക്കാൻ കൊതിയായിരുന്നു. കഷ്ടകാലത്തിന് ഇന്നേവരെ ആരും എന്നോടു ലൈസൻസ് ചോദിച്ചിട്ടില്ല.
ധർമജൻ : ഡ്രൈവിങ് സീരിയസ് ആയി പഠിക്കാൻ കാരണം എന്റെ ഡ്രൈവറാണ്. ആദ്യമൊക്കെ എന്റെയൊരു കൂട്ടുകാരൻ സുമേഷാണ് എന്റെ കാർ ഓടിച്ചിരുന്നത്. ആൾ കുറച്ച് ഉഴപ്പനാണ്. കൃത്യ സമയത്ത് ഷൂട്ടിങ്ങിനു പോകണമെങ്കിൽ അതൊരു ഭയങ്കര പണിയാണ്. ആദ്യം ഞാൻ എണീറ്റു റെഡിയായി ബൈക്ക് എടുത്ത് അവന്റെ വീട്ടിൽ പോകണം. എന്നിട്ട് അവന്റെ അമ്മയെ വിളിച്ചുണർത്തണം. എന്നിട്ടു വേണം കിടക്കേന്ന് അവനെ പൊക്കാൻ. അതു കഴിഞ്ഞ് അവനെ കുളിപ്പിച്ച് റെഡിയാക്കി വീട്ടിലെത്തിച്ചിട്ടു വേണം കാറെടുക്കാൻ പറയാൻ!!
അതുകൊണ്ട് എനിക്കെപ്പഴും ടെൻഷനാണ്. എന്നെങ്കിലും ഇവൻ പണി തന്നാലോ? ഇവൻ വരാതായാൽ എന്റെ കാര്യം ആപ്പിലാകും. അങ്ങനെയാണ് ഞാൻ ഡ്രൈവിങ് പഠിക്കുന്നത്. മുളവുകാടാണ് വീട്. റോഡിനെക്കാൾ വെള്ളവുമായാണ് പരിചയം. ആദ്യമൊക്കെ പ്രോഗ്രാമിനു പോകുമ്പോൾ ബസും ട്രെയിനും ബൈക്കുമൊക്കെത്തന്നെയാണ് ആശ്രയം. അന്നൊന്നും കാർ കൊണ്ടുനടക്കാനുള്ള വരുമാനമില്ലാത്തതുകൊണ്ട് അതേപ്പറ്റി ചിന്തിച്ചിട്ടില്ല. പിന്നെ യാത്രകൾ, സിനിമകൾ എല്ലാം തിരക്കായപ്പോൾ കാർ വാങ്ങി. ഹ്യുണ്ടായ് ആക്സെന്റ്. പിന്നെ സ്വിഫ്റ്റ് എടുത്തു. അടുത്തകാലം വരെ ഹ്യുണ്ടായ് ക്രേറ്റയാണ് ഉപയോഗിച്ചിരുന്നത്. പ്രളയം വന്നപ്പോൾ കാറും മുങ്ങിപ്പോയി. അതു മാറ്റി ടൊയോട്ട ക്രിസ്റ്റ എടുത്തു. ഭാര്യയ്ക്ക് കഴിഞ്ഞ മാസം സെലേറിയോ സമ്മാനിച്ചു. എന്റെ എല്ലാ വണ്ടികളോടും സ്നേഹമാണ്. കംഫർട്ടബിൾ ആണ്. ഇപ്പോൾ ഡ്രൈവർ ജ്യോതിഷ് ഉള്ളതിനാൽ യാത്രയെക്കുറിച്ച് ടെൻഷൻ വേണ്ട.
പിഷാരടി : ശരിക്കും കാർ വാങ്ങാൻ പാങ്ങില്ലാത്ത സമയത്താണു വാങ്ങിയത്. ബൈക്കിൽ സ്ഥിരമായി യാത്ര ചെയ്തു നടുവിനു പ്രശ്നമായപ്പോൾ ഡോക്ടർ തീർത്തു പറഞ്ഞു, ബൈക്കോടിച്ചാൽ നിങ്ങടെ നടുവേദന മാറൂല. അങ്ങനെയാണ് ആൾട്ടോ എടുക്കുന്നത്.
ധർമജൻ: ആ കാറിലല്ലേ ആ പൈന്റ് കഥ..
പിഷാരടി : ആ..! ഒരു തുള്ളിപോലും തൊടാത്ത എന്റെ കാറിൽ പൈന്റ് കുപ്പി.
ധർമജൻ : പിഷു ആ ആൾട്ടോയുമായി സിനിമാല സെറ്റിൽ കാറുമായി വന്നു. എല്ലാവർക്കും ചെലവ് ചെയ്തു. സെറ്റിലെ ഒരു ചേട്ടൻ അൽപം ജ്യോതിഷമൊക്കെ വശമുള്ള പാർട്ടിയാണ്. പിഷു, ചേട്ടനോട്...ചേട്ടാ ഞാൻ കാറെടുത്തുട്ടാ..ആ..ഹാ.. ഏതാടാ വണ്ടി?ആൾട്ടോയാണ്.ങ്ഹാ..എത്രയാടാ നമ്പറ്?പിഷു – 44
ഉം... നാലും നാലും എട്ട്! എട്ടെന്നു പറഞ്ഞാൽ തട്ടിയും മുട്ടും. അതു കേട്ട് ഞാൻ പറഞ്ഞു : എന്റെ ദൈവമേ.. പറഞ്ഞപോലെതന്നെ അന്നു സംഭവിച്ചു. പോണ വഴിയിൽ സ്പീഡ് കുറയ്ക്കാനുള്ള ബാരിക്കേഡ് വച്ചിട്ടുണ്ട്. അവിടെ എത്തിയപ്പോൾ പിഷു ഒന്നു ചവിട്ടി... പിന്നിൽ വന്ന ബൈക്കുകാർ കാറിൽ മുട്ടി. ആ ബൈക്കിലെ പൈന്റ് കുപ്പി കറക്ടായി പറന്നുവന്ന് കാറിന്റെ ചില്ലുപൊട്ടിച്ച് നേരെ തെറിച്ചുവീണത് പിഷുന്റെ കാറിലെ ബാക്ക് സീറ്റിൽ.
പൊലീസ് വന്നു നോക്കുമ്പോൾ ഞങ്ങളുടെ കാറിലതാ മദ്യം. പെട്ടില്ലേ..? ഞങ്ങളോ.. ഒരു തുള്ളി പോലും അടിച്ചിട്ടില്ല. അവരുടെ ബൈക്കിൽനിന്നു പൈന്റ് വാങ്ങിയതിന്റെ ബില്ല് കണ്ടെടുത്തതുകൊണ്ട് അന്നു ഞങ്ങൾ രക്ഷപ്പെട്ടു!
പിഷാരടി : ആ കാർ വാങ്ങി ഷോറൂമിൽനിന്നു വീട്ടിലോട്ടു വരുന്ന വഴി കടുത്തുരുത്തിയിൽവച്ച് പുറകിൽ ഒരോട്ടോർഷ ഇടിച്ചു. അതൊക്കെ കേട്ടാൽ അമ്മയ്ക്ക് സങ്കടാവും. അതുകൊണ്ട് ഇരുട്ടാകാൻ കാത്തുനിന്നു.ഏഴെട്ടുമണിയായപ്പോൾ വീട്ടിലെത്തി. അന്ന് വീട്ടിൽ കാർ പോർച്ചില്ല. കാർ മതിലിനോടു ചേർന്ന് റിവേഴ്സ് കേറ്റിയിട്ടു. എങ്ങനെ നടന്നുനോക്കിയാലും പുറകുവശം കാണാൻ പറ്റൂല. എല്ലാരും വന്നുകണ്ടു കൊള്ളാം എന്നൊക്കെ പറഞ്ഞ്.. പിറ്റേന്നു രാവിലെ തന്നെ കാർ സർവീസ് സെന്ററിൽ കൊടുത്തു ശരിയാക്കി.
ധർമജൻ : ഭാര്യമാരുടെ കൂടെയുള്ള യാത്രയെക്കാൾ അധികം ഞങ്ങൾ ഒന്നിച്ചു യാത്രകൾ ചെയ്തിട്ടുണ്ട്. അല്ലേ പിഷു.
പിഷാരടി : ശരിയാ.. എന്നും യാത്രയായതുകൊണ്ട് ഒഴിവു കിട്ടിയാൽ വീട്ടിലിരിക്കാനാണ് ഇഷ്ടം.
ധർമജൻ : ഉം... നീ ഇപ്പൊ വല്യ ബെൻസ് മുതലാളിയല്ലേ...
പിഷാരടി : ആം..തന്നെ..തന്നെ.. ആൾട്ടോയ്ക്കു ശേഷം സാൻട്രോ, ആക്സെന്റ്, ലോഗൻ, സൈലോ, ഇന്നോവ, ബെൻസ് ബി–ക്ലാസ് എല്ലാം ഉപയോഗിച്ചു. ഒരു വർഷമായി ബെൻസ് സി–ക്ലാസ് ഓടിക്കുന്നു. സിനിമാക്കാർക്കു ബെൻസ് എടുത്താൽ രാശി ഉണ്ടാവില്ല എന്നൊക്കെ ആരോ പറഞ്ഞു. പക്ഷേ, അതിനു ശേഷമാണ് ഞാൻ ആദ്യ സിനിമ സംവിധാനം ചെയ്തത്. എനിക്കീ അന്ധവിശ്വാസങ്ങളിൽ വലിയ വിശ്വാസമില്ല. ഒരാവശ്യവും ഇല്ലാതിരുന്ന കാലത്ത് പാസ്പോർട്ട് എടുത്തുവച്ചു. അപ്പോൾ എല്ലാവരും കളിയാക്കി. പക്ഷേ അതു വേണ്ടിവന്നു.
എപ്പോഴും യാത്രയായതിനാൽ സുരക്ഷിതത്വം ഉള്ള കാർ വേണമെന്നുണ്ടായിരുന്നു. പിന്നെ പണ്ടുതൊട്ടേ കേൾക്കുന്ന പേരാണ് ബെൻസ് കാർ. അതുകൊണ്ട് അതങ്ങ് വാങ്ങി, അത്രതന്നെ. ഞാൻ അത്ര വാഹനഭ്രാന്തുള്ള ആളല്ല. കംഫർട്ട് ആയി യാത്ര ചെയ്യണം എന്നുമാത്രം. നിയമങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ ഡ്രൈവ് ചെയ്യാറുള്ളൂ. ഒരുതവണ മാത്രം പൊലീസ് പിടിച്ചിട്ടുണ്ട്. കൂട്ടുകാരൊത്തുള്ള പരിപാടിക്ക് ഒരു പെഗ് കഴിച്ചു. അന്നു പൊലീസ് പിടിച്ചു. പിന്നെ ഇതുവരെ മദ്യപിച്ചോ, നിയമം തെറ്റിച്ചോ ഡ്രൈവ് ചെയ്തിട്ടില്ല.
ധർമജൻ : അതുശരിയാ, എന്നപ്പോലല്ല.. നീ നന്നായി ഡ്രൈവ് ചെയ്യും. ഞാനാണെങ്കിൽ ഒറ്റയ്ക്കോടിച്ച് ഇന്നേവരെ രണ്ടാമത്തെ ജില്ല താണ്ടിയിട്ടില്ല. ലോങ്ങ് റൂട്ടൊന്നും ഓടിക്കാറില്ല... പ്രത്യേകിച്ചു ഷൂട്ടിങ്ങിനു പോകുമ്പോൾ. പിഷാരടി : ധർമു... നിനക്കോർമയുണ്ടോ അന്നു വോൾവോ ബസിൽ ചമ്മിയ യാത്ര...?
ധർമജൻ : യേത്?? വണ്ടർ കേക്ക് യാത്രയോ?
പിഷാരടി : അതുതന്നെ. ഞങ്ങൾ തിരുവനന്തപുരത്തുനിന്നു പ്രോഗ്രാം കഴിഞ്ഞ് ആറ്റിങ്ങലിൽനിന്ന് ഒരു വോൾവോ ബസിൽ കയറി. നോക്കുമ്പോൾ രണ്ടു സീറ്റ് കാലിയായി കിടക്കുന്നു. കയറിയിരുന്നു. ആ സീറ്റിന്റെ ഹുക്കിൽ ഒരു കവർ തൂക്കിയിട്ടിരിക്കുന്നു. കുറെ നേരമായിട്ടും ആരും അതെടുക്കുന്നില്ല. ഞങ്ങൾക്ക് അതിലെന്താണെന്നറിയാതെ ഇരിക്കപ്പൊറുതിയില്ല. ആരും അന്വേഷിച്ചു വാരാതിരുന്നപ്പോൾ ആ കവർ പരിശോധിച്ചു. അതിൽ വണ്ടർകേക്കും ഫ്രുട്ടി ജൂസും ആയിരുന്നു. ഞങ്ങക്കാണെങ്കിൽ പൊരിഞ്ഞ വിശപ്പും. ആരും എടുക്കുന്നില്ല എന്നാൽ കഴിച്ചേക്കാം എന്നു തീരുമാനിച്ചു.
‘ഹാവു.. കേക്ക് വാങ്ങിയത് എത്ര നന്നായി. അല്ലെങ്കിൽ വിശന്നു ചത്തേനേ...’ എന്നുറക്കെ തട്ടിവിട്ട് അതെല്ലാം അകത്താക്കാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ അടുത്ത സീറ്റിലിരിക്കുന്ന ഒരമ്മാവൻ ഞങ്ങളോട്,
‘അതിലെ ബാറ്ററി ബാക്കിവച്ചേക്കണേ..’ ഞങ്ങളങ്ങ് വിറങ്ങലിച്ചുപോയി!
പുള്ളിടെ സീറ്റായിരുന്നു അത്. ബസ് നിർത്തിയപ്പോൾ കക്ഷി എഴുന്നേറ്റു പോയ നേരത്താണ് ഞങ്ങൾ അവിടെ കേറിയിരുന്നത്. തിരിച്ചു വന്നപ്പോൾ ഞങ്ങളെ എഴുന്നേൽപ്പിക്കണ്ടാ എന്നു കരുതി ആൾ അടുത്ത സീറ്റിൽ ഇരുന്നതാ. ധർമജൻ : അന്നത്തെ ചമ്മൽ...
പിഷാരടി : അതുപോലെ നീ എന്നെ കായലിൽ വെയിൽ കൊള്ളിച്ചത് ഓർക്കുന്നുണ്ടോ?
ധർമജൻ : എന്ന്?
പിഷാരടി : ഇവൻ എന്നെ സ്പീഡ് ബോട്ടിൽ കറക്കാം എന്നൊക്കെ പറഞ്ഞ് ഒരു ബോട്ടിൽ കയറ്റി. ഇവൻ ബോട്ട് ഓടിക്കുന്നതിലൊക്കെ എക്സ്പേർട്ടാ.. ഞങ്ങൾ സ്പീഡ് ബോട്ടിൽ കയറി കായലിലൂടെ കറങ്ങി.. ബോട്ട് വട്ടംകറക്കി കാണിച്ചു. കായലിന്റെ ഒത്തനടുക്കെത്തിയപ്പോൾ ബോട്ടിലെ പെട്രോൾ തീർന്നുപോയി. വല്ലയിടത്തും ഇറങ്ങി ഓടാൻ പറ്റുമോ... ധറു കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വെറോരു ബോട്ടിൽ എണ്ണ എത്തിച്ചാണ് കരപറ്റിയത്.പൊരിവെയിലത്ത് കായലിന്റെ ഒത്തനടക്ക് പെട്ടുപോയെന്നു പറഞ്ഞാൽ മതിയല്ലോ... പുതിയ സിനിമകളുടെ തിരക്കുകൾക്കിടയിലും ഒളിമങ്ങാത്ത സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് ഇരുവരും.