മിനി കൺട്രിമാന്റെ വിശേഷങ്ങളുമായി ബീന കണ്ണൻ

ശീമാട്ടിയുടെ അമരക്കാരിയായ ബീന കണ്ണൻ തന്റെ ഇഷ്ടവാഹനത്തിന്റെ വിശേഷങ്ങൾ മനോരമഓൺലൈനുമായി പങ്കുവയ്ക്കുന്നു...

Beena Kannan

ഡ്രൈവിങ് ഹരമാണ്...

"ഡ്രൈവിങ് ചെറുപ്പം മുതലേ വളരെ ഇഷ്ടമുള്ള കാര്യമാണ്. മാരുതി 800 മുതൽ മിനി കൂപ്പർ വരെ നിരവധി കാറുകൾ ഓടിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അംബാസഡറായിരുന്നു വീട്ടിൽ കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പഴയ അംബാസഡറിലായിരുന്നു ഡ്രൈവിങ് പഠിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. വിവാഹശേഷം ഭർത്താവും സഹായിച്ചിട്ടുണ്ട്. പിന്നീട് പ്രീമിയർ വന്നു, ഫിയറ്റ് വന്നു, മാരുതി വന്നു... കാലം കുറെ പുരോഗമിച്ചപ്പോൾ എസ്‌യുവിയിലേക്ക് മാറി. മിനി സെഡാൻ വന്നു. ടൊയോട്ട, ബെൻസ്, ഔഡി എന്നിവയും മാറിവന്നു. സ്വന്തമായി ഡ്രൈവറുണ്ടെങ്കിലും ശീമാട്ടിയിലേക്കും മറ്റ് ചെറിയ ഔദ്യോഗിക യാത്രകൾക്കും ഞാൻ തന്നെ ഡ്രൈവ് ചെയ്യുകയാണ് പതിവ്." ബീന കണ്ണൻ പറയുന്നു.

വാഹനവിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ പണ്ടുമുതലേ ബീന കണ്ണൻ ശ്രദ്ധിക്കാറുണ്ട്. മക്കൾക്കും വാഹനപ്രേമം പകർന്നു കിട്ടിയിട്ടുണ്ട്. "മൂത്ത മകനാണ് കാർ പ്രേമം ഏറ്റവുമുള്ളത്. അവൻ ഓഫ് റോഡിങ്, റേസുകൾ എന്നിവയ്ക്ക് പോയിരുന്നു. ഇളയ മകൻ പഠനം കഴിഞ്ഞു വന്നപ്പോഴേക്കും ഒരു മിനി കൂപ്പർ മേടിച്ചു. ഇപ്പോൾ അവനാണ് എന്റെ വാഹനസംബന്ധമായ സംശയങ്ങൾ തീർത്തുതരുന്നത്." എന്ന് ബീന കണ്ണൻ വ്യക്തമാക്കുന്നു.

ചാരിയറ്റ് ഓഫ് സിൽക്ക്

"കൊച്ചിയിലെ ട്രാഫിക്കിൽ കൂടി ഓടിക്കാനുള്ള സുഖമാണ് ഈ കാറിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബിഎംഡബ്ല്യു കുടുംബത്തിൽ നിന്നുള്ള ഇളമുറക്കാരൻ എന്ന പ്രൗഢിയുമുണ്ട് കൺട്രിമാന്. മിനി കൂപ്പറിനെക്കാൾ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. റെഡ് കളർ കാറാണ് ഞാൻ വാങ്ങിയത്. അതൊരു കോമൺ വേരിയന്റ് ആണെന്ന് തോന്നിയപ്പോഴാണ് ബ്ലാക് മെറ്റാലിക് ഫിനിഷ് നൽകി മോഡിഫൈ ചെയ്തത്."

"എന്റെ പ്രിയപ്പെട്ട ഗണപതിയുടെ ചിത്രം കാറിൽ ആലേഖനം ചെയ്തു. ഒപ്പം എന്റെ ഇഷ്ടങ്ങളോട് ചേർന്നു നിൽക്കുന്ന സ്റ്റിക്കറുകളും ഇതിൽ ഒട്ടിച്ചു. ചക്രങ്ങളിൽ കോപ്പർ ക്ലാഡഡ് വീൽ എൻഹാൻസ്മെന്റും നൽകി. ഞാൻ സിൽക്ക് ഇൻഡസ്ട്രിയുടെ ഭാഗമായതുകൊണ്ട് എന്റെ വാഹനത്തിനു ഞാൻ Chariot of Silk എന്നു പേരുമിട്ടു." ബീന കണ്ണൻ വ്യക്തമാക്കുന്നു.

സേഫ്റ്റി ഫീച്ചേഴ്‌സിന്റെ കാര്യത്തിലും കൺട്രിമാൻ പുലിയാണ്. ചെറിയ കാറാണെങ്കിലും എയർബാഗ്‌സ് അടക്കമുള്ള സംവിധാനങ്ങൾ എല്ലാമുണ്ട്. ഓട്ടമാറ്റിക്- മാനുവൽ മോഡുകളിലേക്ക് അനായാസം മാറ്റാം. മികച്ച റോഡുകളിൽ പരീക്ഷിക്കാൻ റേസിങ് മോഡ് ഉണ്ട്. കൺസോൾ, എസി, സീറ്റുകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നു. ചുരുക്കത്തിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കൺട്രിമാൻ എന്നും ബീന കണ്ണൻ നിസംശയം പറയുന്നു.