ഈ ലോഗോകൾക്ക് പിന്നിലെ രഹസ്യം ?
പേരു പോലെ തന്നെ പ്രധാനമാണ് കാർ നിർമാതാക്കളുടെ ലോഗോയും. ഫെറാരിയുടെ കിടിലൻ ലുക്കുള്ള ലോഗോയും ഫിയറ്റ് അബാർത്തിന്റെ തേൾ ലോഗോയും പോലെ വ്യത്യസ്തങ്ങളായ അനവധി ലോഗോകളാണ് ഉള്ളത്. ഇൗ ഒാരോ ലോഗോകൾക്ക് പിന്നിലും ഒരു കഥയുണ്ട്.
മസരാറ്റി
ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാർ ലോഗോകളിലൊന്നാണ് ഇറ്റാലിയൻ ലക്ഷ്വറി കാർ നിർമ്മാതാവായ മസരാറ്റിയുടെത്. മസരാറ്റിയുടെ ലോഗോയ്ക്ക് ആധാരമായത് ഒരു കുന്തമാണ്. 1914 ൽ ഇറ്റലിയിലെ ബൊലേനയിൽ ഏഴ് സഹോദരന്മാർ ചേർന്നാണ് മസരാറ്റി സ്ഥാപിക്കുന്നത്. അൽഫീരി മസരാറ്റിയായിരുന്നു മുത്ത ജേഷ്ഠൻ. ആറാമത്തെ സഹോദരനായ മാരിയോ മസരാറ്റി ഒരു ചിത്രകാരനും. തങ്ങൾ തുടങ്ങുന്ന വാഹന കമ്പനിക്ക് വേണ്ടി ലോഗോ വരയ്ക്കുന്ന ചുമതല അൽഫീരി അനുജനെ ഏൽപ്പിച്ചു. ആകെയുണ്ടായിരുന്നത് ഒരു നിർബന്ധം മാത്രം, ലോഗോയ്ക്ക് ജന്മനാടുമായി ബന്ധം വേണം. അങ്ങനെയാണ് തങ്ങളുടെ ജന്മനഗരമായ ബൊലോന നഗരത്തിന്റെ പരമ്പരാഗത ചിഹ്നമായ മൂന്നുതലയുള്ള കുന്തം (ട്രൈഡന്റ് ) മസരാറ്റിയുടെ ലോഗോയായി മാറുന്നത്. ഗ്രീക്ക് ദേവനായ നെപ്ട്യൂണിന്റെ കുന്തമാണിത്. ഇന്നും ബൊലോനയിലെ മാഗ്ഗിയോർ ചത്വരത്തിൽ ഈ പ്രതിമയും കുന്തവുമുണ്ട്.
മേർസിഡിസ് ബെൻസ്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളിലൊന്നായ ബെൻസിന്റെ ലോഗോ നിർമ്മിച്ചത് കമ്പനിയുടെ സ്ഥാപകന്മാരായ ഗോട്ട്ലീബ് ഡയമ്‌ലറും, വിൽഹം മേബാക്കും ചേർന്നാണ്. കമ്പനിയുടെ പേര് വരുന്നത് മേബാക്കിന്റെ ഇളയ മകളുടെ പേരിൽ നിന്നാണ്, മെഴ്സിഡസ്‍ എന്നായിരുന്നു മകളുടെ പേര്. കരയിലും കടലിലും ആകാശത്തും ആധിപത്യം സ്ഥാപിക്കുക എന്ന ആശയത്തിൽ നിന്നാണ് മൂന്നു മുനയുള്ള ലോഗോ എത്തുന്നത്.
ഫെരാരി
ഒന്നാം ലോകമഹായുദ്ധ കാലത്ത് പ്രസിദ്ധനായി മാറിയ പൈലറ്റ് ഫ്രാൻസെസ്ക്കോ ബരാസ്ക്കയുടെ വിമാനത്തിലെ ചിത്രത്തിൽ നിന്നാണ് ഫെരാരിയുടെ ലോഗോയുടെ വരവ്. കുതിരയുടെ പടമുള്ള ലോഗോ ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു എൻസോ ഫെരാരിയുടെ വിശ്വാസം. ലോഗോയിൽ കാണുന്ന മഞ്ഞ, ചുവപ്പ്, വെളുപ്പ്, പച്ച നിറങ്ങൾ ഇറ്റലിയൂടെ ദേശീയപതാകയിൽ നിന്നാണ് സ്വീകരിച്ചത്.
ബിഎംഡബ്ല്യു
സ്റ്റാറ്റസ് സിമ്പലാണ് ബിഎംഡബ്ല്യുവിന്റെ ലോഗോ. ഒരു വൃത്തത്തിനുള്ളിൽ വെള്ളയും കറുപ്പുമുള്ള നാലുകളങ്ങളും അതിന് ചുറ്റുമുള്ള കറുത്ത വൃത്തത്തിൽ ബിഎംഡബ്ല്യു എന്ന എഴുത്തുമാണ് ലോഗോ. ബാവേറിയയുടെ ദേശീയ പതാകയിലെ നിറങ്ങളാണ് ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഒരു നിഗമനം. എന്നാൽ അങ്ങനെയല്ല മറിച്ച് ആകാശവും പ്രൊപ്പല്ലറും ചേർത്തുവെച്ചാണ് ലോഗോ നിർമ്മിച്ചിരിക്കുന്നതെന്നാണ് മറുപക്ഷം. എന്തായാലും ലോകത്തിൽ ഏറ്റവും അധികം വിലപിടിപ്പുള്ള ലോഗോയിൽ ഒന്നാണ് ബിഎംഡബ്ല്യുവിന്റേത്.
ഫോഡ്
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന കാർ നിർമ്മാണ കമ്പനികളിലൊന്നാണ് ഫോഡ്. അതുകൊണ്ട് തന്നെ നിരവധി മാറ്റങ്ങൾ വന്നാണ് ലോഗോ ഇന്നു കാണുന്ന രൂപമായി മാറിയത്. 2003 ൽ കമ്പനിയുടെ 100 വർഷം ആഘോഷിക്കുന്ന സമയത്താണ് ഇന്നത്തെ ലോഗോ ഇറങ്ങുന്നത്. 1909 ലും 1910 ലും 1927 ലും 1957 ലും1979 ലും ഫോർഡിന്റെ ലോഗോയ്ക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്. സി ഹരോൾഡ് വില്ലാണ് ഫോഡിന്റെ ആദ്യ ലോഗോ ഡിസൈൻ ചെയ്തത്.