കിക്കറടിച്ചു സ്റ്റാർട്ട് ചെയ്ത റോയൽ എൻഫീൽഡ് മോട്ടർ സൈക്കിളിന്റെ ആക്സിലറേറ്ററിൽ നാരായണി കൈ കൊടുത്തു. കണ്ടുനിന്നവരുടെ നെഞ്ചിടിപ്പിന്റെ താളംപോലെ | Sunday | Malayalam News | Manorama Online

കിക്കറടിച്ചു സ്റ്റാർട്ട് ചെയ്ത റോയൽ എൻഫീൽഡ് മോട്ടർ സൈക്കിളിന്റെ ആക്സിലറേറ്ററിൽ നാരായണി കൈ കൊടുത്തു. കണ്ടുനിന്നവരുടെ നെഞ്ചിടിപ്പിന്റെ താളംപോലെ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിക്കറടിച്ചു സ്റ്റാർട്ട് ചെയ്ത റോയൽ എൻഫീൽഡ് മോട്ടർ സൈക്കിളിന്റെ ആക്സിലറേറ്ററിൽ നാരായണി കൈ കൊടുത്തു. കണ്ടുനിന്നവരുടെ നെഞ്ചിടിപ്പിന്റെ താളംപോലെ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപക്ഷേ, കേരളത്തിലാദ്യമായി മോട്ടർ സൈക്കിൾ ഓടിച്ച വനിത ഈ കഥയിലെനാരായണിയാകാം! 

കിക്കറടിച്ചു സ്റ്റാർട്ട് ചെയ്ത റോയൽ എൻഫീൽഡ് മോട്ടർ സൈക്കിളിന്റെ ആക്സിലറേറ്ററിൽ നാരായണി കൈ കൊടുത്തു. കണ്ടുനിന്നവരുടെ നെഞ്ചിടിപ്പിന്റെ താളംപോലെ ഘുഡ് ഘുഡ് ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.

ADVERTISEMENT

ചേർത്തലയിലെ മഠത്തിപ്പറമ്പിൽ വീടിന്റെ മുറ്റത്തുനിന്നു പ്രൗഢിയോടെ റോഡിലേക്കിറങ്ങി പതിനൊന്നാം മൈലിലേക്കു രാജകീയമായി നീങ്ങിയ ആ വാഹനത്തിനു പിന്നാലെ ജനക്കൂട്ടവും ഒഴുകി. വഴിയരികിൽ കണ്ടുനിന്നവർ മൂക്കത്തു വിരൽവച്ചു. ചിലർ കൂക്കിവിളിച്ചു. ആ ബഹളങ്ങളൊക്കെയും നാരായണിയുടെ വാശി കൂട്ടിയതേയുള്ളൂ. ആരെയും കൂസാതെ നാരായണി റോയലായി ആ എൻഫീൽഡ് ബൈക്കിൽ ചേർത്തലയെ കിടുകിടാ വിറപ്പിച്ചു നീങ്ങി.

കാലം 1930കൾ. സ്വന്തമായി സൈക്കിളുള്ള ആണുങ്ങൾ പോലും നന്നേ കുറവ്. മോട്ടർ സൈക്കിൾ അപൂർവങ്ങളിൽ അപൂർവം. കാറും ബസും ചുരുക്കം ചിലർക്കു മാത്രമുള്ള കാലം. അന്നാണ് കളത്തിപ്പറമ്പിൽ രാമന്റെ മകൾ നാരായണി എന്ന യുവതി തലയുയർത്തിപ്പിടിച്ച്, കൂക്കിവിളിച്ച പുരുഷന്മാരെ അവജ്ഞയോടെ അവഗണിച്ച്, റോയൽ എൻഫീൽഡ് മോട്ടർ സൈക്കിളിൽ നാടുചുറ്റിയത്. കളത്തിപ്പറമ്പിൽ രാമന്റെ ഏഴാമത്തെ മകളെ കേരളം അറിയും – കെ.ആർ.ഗൗരിയമ്മ. ഗൗരിയമ്മയുടെ മൂത്ത സഹോദരി നാരായണിയാണ് ഒരുപക്ഷേ, കേരളത്തിലാദ്യമായി മോട്ടർ സൈക്കിൾ ഓടിച്ച വനിത.

സംഗീതമേ ജീവിതം

നാരായണി ജനിച്ചതെന്ന്? ഇപ്പോൾ ആധികാരികമായി പറയാൻ കഴിയുന്നയാൾ ഗൗരിയമ്മ മാത്രമാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം വിശ്രമത്തിലായ ഗൗരിയമ്മയോടു നേരിട്ടു ചോദിക്കാൻ കഴിയാത്തതിനാൽ ഗൗരിയമ്മയുടെ ആത്മകഥയിൽ തിരഞ്ഞു. അതിലും കൃത്യമായ വിവരണമില്ല. സൂചനകളിൽ നിന്ന്, 1900– 1904 കാലത്താകും നാരായണിയുടെ ജനനമെന്നു കണക്കാക്കാം.

ADVERTISEMENT

നാരായണിയുടെ ഭർത്താവ് എൻ.ആർ.കൃഷ്ണൻ വക്കീലിന്റെ ആദ്യഭാര്യ പാർവതിയുടെ (മാണിയമ്മ) മകൾ സരളാദേവിയുടെയും മുൻ എംഎൽഎ പി.എസ്.കാർത്തികേയന്റെയും മകനായ അഡ്വ. കെ.രാധാകൃഷ്ണന്റെ ശേഖരത്തിൽ എൻ.ആർ.കൃഷ്ണൻ വക്കീലിന്റെ ഓർമകളുടെ പുസ്തകമുണ്ട്. പക്ഷേ, അതിലും നാരായണിയെക്കുറിച്ചു കാര്യമായ വിവരങ്ങളില്ല.

‘വീട്ടിൽ, എന്റെ ഓർമയിൽപെട്ട ആദ്യത്തെ കല്യാണം മൂത്ത ചേച്ചിയുടേതായിരുന്നു. പേർഷ്യയിൽ (ഇറാഖ്) ഇംഗ്ലിഷുകാരുടെ എണ്ണക്കമ്പനിയിൽ എൻജിനീയറായ ചേർത്തലക്കാരൻ വേലശേരിയിൽ കേശവനായിരുന്നു വരൻ–’ ഗൗരിയമ്മ പറയുന്നു.

ഗൗരിയമ്മയ്ക്ക് ഏഴെട്ടു വയസ്സുള്ളപ്പോൾ നാരായണിയുടെ മൂത്തമകൻ ചക്രപാണിക്ക് മൂന്നോ നാലോ വയസ്സുണ്ടെന്നും ആത്മകഥയിൽ പറയുന്നു. അതുപ്രകാരം, നാരായണിയുടെ വിവാഹം നടന്നത് 1922 ലോ 23 ലോ ആകും.

എൻ.ആർ.കൃഷ്ണൻ

പാട്ടും വീണവായനയും ഫിഡിൽ വായനയുമായിരുന്നു നാരായണിയുടെ ഹോബികൾ. ‘രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് ആദ്യം കുടകൻ എന്ന പച്ചമരുന്നു ചതച്ചുപിഴിഞ്ഞ് കൽക്കണ്ടം ചേർത്തു കഴിക്കും. അതിനു ശേഷം സാധകം തുടങ്ങും. അവരേതാണ്ട് സുഖമില്ലാതെ കിടപ്പിലാകുന്നതുവരെ ഈ പാട്ടുപാടലും വീണവായനയും നടന്നിരുന്നു. ഞങ്ങളുടെ വീട്ടിൽ ചേച്ചി താമസിച്ചിരുന്നപ്പോൾ അച്ഛനും ഭർതൃവീട്ടിലായിരുന്നപ്പോൾ ഭർത്താവും അവരുടെ പാട്ടുപഠിക്കലിന് അവർ പറഞ്ഞ ഭാഗവതന്മാരെ വച്ചുകൊടുത്തിട്ടുണ്ട്.’– ഗൗരിയമ്മയുടെ ഓർമ.

ADVERTISEMENT

കേശവൻ എൻജിനീയറുടെ ഭാര്യ

വിവാഹം കഴിഞ്ഞ് കേശവൻ എൻജിനീയർ ഇറാഖിലേക്കു മടങ്ങുമ്പോൾ നാരായണിയെയും ഒപ്പം കൂട്ടാൻ ആലോചിച്ചു. അന്നു ഗൾഫിലേക്കു കപ്പലിൽ ദിവസങ്ങൾ നീണ്ട യാത്ര വേണം. നാരായണി നാട്ടിൽ, സ്വന്തം വീടായ കളത്തിപ്പറമ്പിൽ നിൽക്കാൻ തീരുമാനിച്ചു. കേശവൻ എൻജിനീയർ ജോലിസ്ഥലത്തേക്കു പോയി.

അധികം വൈകാതെ, നാരായണി പ്രസവിച്ചു. വീട്ടിലായിരുന്നു പ്രസവം. മകൻ, ചക്രപാണി. പ്രസവത്തോടെ പനി കൂടിയ നാരായണിയെ കൊച്ചിക്കോട്ട ആശുപത്രിയിലേക്കു മാറ്റി. 3 മാസത്തോളം ആശുപത്രിവാസം. വിവരമറിഞ്ഞ് കേശവൻ നാട്ടിലെത്തി. ആരോഗ്യം വീണ്ടെടുക്കാൻ പിന്നെയും സമയമെടുത്തു. നീണ്ട അവധി കഴിഞ്ഞു മടങ്ങിയ കേശവന് പിന്നെ നാട്ടിലെത്താൻ മൂന്നു നാലു വർഷം വേണ്ടി വന്നു.

അടുത്ത അവധിക്കു നാട്ടിലെത്തിയ കേശവൻ, ചേർത്തല മുൻസിഫ് കോടതിക്കു സമീപം മഠത്തിൽപറമ്പ് എന്ന വീടു വാങ്ങി, അവിടേക്കു മാറി.

‘ഇതിനൊന്നും കാലം പാകമായില്ല മോളെ’

കേശവൻ നാരായണിക്ക് ഒരു സമ്മാനം കൊണ്ടുവന്നിരുന്നു – ഇംഗ്ലണ്ടിൽനിന്നു വരുത്തിയ, സൈഡ് കാറുള്ള റോയൽ എൻഫീൽഡ് മോട്ടർ സൈക്കിൾ. വണ്ടിയോടിക്കാൻ ഒരു ഡ്രൈവറെയും നിയമിച്ചു. സൈഡ് സീറ്റിൽ നാരായണിയും മകനും. യാത്രകൾ പതിവായതോടെ നാരായണിക്കു മോഹം –വണ്ടിയോടിക്കണം. 

നിർബന്ധം സഹിക്കവയ്യാതെ ഡ്രൈവർ അവരെ വണ്ടിയോടിക്കാൻ പഠിപ്പിച്ചു. സ്വന്തമായി മോട്ടർ സൈക്കിൾ ഓടിക്കാൻ പഠിച്ച നാരായണി ചേർത്തല ടൗണിലൂടെ വണ്ടിയോടിക്കാൻ തുടങ്ങി. പുരുഷന്മാർക്കു പോലും സാധാരണ സൈക്കിൾ അപൂർവമായ കാലത്ത് ഒരു സ്ത്രീ മോട്ടർ സൈക്കിൾ ഓടിക്കുന്നു. കൗതുകമുണർത്തുന്നതായിരുന്നെങ്കിലും ആ കാഴ്ചയിൽ നാടു ‘നടുങ്ങി’.

നാരായണി മോട്ടർ സൈക്കിൾ ഓടിച്ചതിനെക്കുറിച്ച് ഗൗരിയമ്മയുടെ വാക്കുകൾ ഇങ്ങനെ: ‘കൊച്ചമ്മ (മൂത്ത ചേച്ചിയായ നാരായണിയെ ഗൗരിയമ്മ വിളിക്കുന്നത് കൊച്ചമ്മ എന്നായിരുന്നു) മോട്ടർ സൈക്കിൾ ഓടിക്കുന്നതു കാണാൻ ജനക്കൂട്ടമുണ്ടായിരുന്നു. ചില പുരുഷന്മാർ കൂവുകയും ചെയ്തു. ഇതു കൊച്ചമ്മയെ ദേഷ്യം പിടിപ്പിച്ചു. പിന്നെ, എല്ലാ ദിവസവും കുട്ടികളായ ഞങ്ങളെ സൈഡ് കാറിലിരുത്തി ചേർത്തല 11–ാം മൈൽ വരെ പോകും. 11–ാം മൈലിന് അന്നു പറഞ്ഞിരുന്ന പേര് ആനത്തറവെളി എന്നായിരുന്നു. ആന നിന്നാൽ പുതഞ്ഞു പോകത്തക്ക നിലയിൽ ചൊരിമണൽ നിറഞ്ഞ പ്രദേശമാണ്. ഇന്ന് ഗ്രീൻ ഗാർഡൻസ് ആശുപത്രി, സെന്റ് മൈക്കിൾസ് കോളജ്, കടകൾ ഒക്കെയാണീ ഭാഗത്ത്.’

പക്ഷേ, ആ യാത്രകൾ അധികം നീണ്ടില്ല. നാരായണി വണ്ടിയോടിക്കുന്ന വിവരം അച്ഛൻ അറിഞ്ഞു. അച്ഛൻ പറഞ്ഞു: ‘ഇതിനെല്ലാം കാലം പാകമായില്ല മോളെ.’ അച്ഛന്റെ നിർദേശമനുസരിച്ച നാരായണി വണ്ടിയോടിക്കൽ നിർത്തിയെന്ന് ഗൗരിയമ്മ പറയുന്നു.

സെക്കൻഡ് ഫോമിൽ (ഇന്നത്തെ ആറാം ക്ലാസ്) ഗൗരിയമ്മയെ ചേർത്തല ഇംഗ്ലിഷ് ഹൈസ്കൂളിൽ ചേർത്തപ്പോഴാണ് സഹോദരി നാരായണിയുടെ കൂടെ നിർത്തിയത്. അപ്പോഴാണ് ഈ സംഭവങ്ങളുണ്ടായതെന്നാണ് ആത്മകഥയിലെ സൂചന. അങ്ങനെയെങ്കിൽ കാലം 1929– 30 ആയിരിക്കണം. കേരളത്തിൽ അതിനു മുൻപ് ഏതെങ്കിലുമൊരു വനിത മോട്ടർ സൈക്കിൾ ഓടിച്ചതായി എവിടെയും കേട്ടിട്ടില്ല!

കൃഷ്ണൻ വക്കീലിന്റെ ഭാര്യ

എൻജിനീയർ കേശവനുമായുള്ള വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതോടെ വിവാഹമോചനം നേടിയ നാരായണി, അന്നത്തെ പ്രമുഖ അഭിഭാഷകനും എസ്എൻഡിപി യൂണിയൻ നേതാവുമായിരുന്ന എൻ.ആർ.കൃഷ്ണൻ വക്കീലിനെ വിവാഹം കഴിച്ചു. ഭർത്താവ് മരിച്ച സ്ത്രീകൾ പോലും രണ്ടാം വിവാഹം കഴി‍ക്കുന്നത് അപൂർവമായ കാലമാണ്. 

ഗൗരിയമ്മ തേഡ് ഫോമിൽ പഠിക്കുന്ന കാലത്താണ് ആ വിവാഹം എന്നാണ് ആത്മകഥയിൽ പറയുന്നത്. 1930–31 കാലം ആയിരിക്കാം. എൻ.ആർ.കൃഷ്ണനും നാരായണിക്കും രണ്ടു മക്കൾ ജനിച്ചു– ശുഭയും ശോഭയും. 86 വയസ്സുള്ള ശോഭ ഇപ്പോൾ എറണാകുളത്തു മകനോടൊപ്പം താമസിക്കുന്നു. ശുഭ മരിച്ചുപോയി. 

ചരിത്രത്തിലില്ലാത്ത നാരായണി

തിരക്കുള്ള അഭിഭാഷകനായിരുന്ന എൻ.ആർ.കൃഷ്ണനു ഭൂസ്വത്തിൽ നിന്നുള്ള ആദായത്തിനു പുറമേ ചിട്ടി നടത്തിപ്പും ബാങ്ക് നടത്തിപ്പുമുണ്ടായിരുന്നു. ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലും അംഗമായിരുന്നു. നാരായണിയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. ചേർത്തലയിലെ ശ്രീനാരായണ മിഷൻ ആശുപത്രിയുടെ സ്ഥാപകരിലൊരാളായിരുന്നു കൃഷ്ണൻ വക്കീൽ. അതിനു പൂ ർണ പിന്തുണയുമായി നാരായണി ഒപ്പം നിന്നു. 1946ൽ നാരായണി മരിച്ചു. അതിനു മുൻപ് ക്ഷയരോഗം ബാധിച്ച് നാഗർകോവിലിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. നീണ്ടനാൾ നാട്ടിൽനിന്നു മാറിനിൽക്കാൻ കഴിയാത്തതിനാലാണ് കൃഷ്ണൻ വക്കീൽ നാരായണിയുടെ ചികിത്സകൂടി ലക്ഷ്യമിട്ട് ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എക്സ്റേ യന്ത്രം സ്ഥാപിക്കാൻ മുൻകയ്യെടുത്തത്. ആലപ്പുഴയിൽ ആദ്യമായി എക്സ്റേ യന്ത്രം സ്ഥാപിച്ച സ്വകാര്യ ആശുപത്രിയാണ് അത്. ആ ആശുപത്രി നിൽക്കുന്ന സ്ഥലം ഇപ്പോൾ എക്സ്റേ ജംക്‌ഷൻ എന്നാണ് അറിയപ്പെടുന്നത്.

1940കളിൽ, ചേർത്തലയിൽ ക്ഷാമമുണ്ടായപ്പോൾ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ നാരായണിയുടെ നേതൃത്വത്തിൽ അനാഥാലയം തുടങ്ങി. മറ്റു ചില വനിതകൾക്കൊപ്പം യങ് വിമൻസ് ഹിന്ദു അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കി. അതിനു കീഴിൽ, ശ്രീനാരായണ മിഷൻ ആശുപത്രിയോടു ചേർന്ന് നഴ്സിങ് പരിശീലനം നടത്താനുള്ള അനുവാദം സർക്കാരിൽനിന്നു വാങ്ങി.

യുദ്ധകാലത്ത് കൊടുംക്ഷാമം വന്നപ്പോൾ നാരായണി പട്ടിണിപ്പാവങ്ങൾക്കു സ്വന്തം നിലയിൽ കഞ്ഞിവീഴ്ത്ത് നടത്തിയതായി ഗൗരിയമ്മ ഓർമിക്കുന്നു. അക്കാലത്ത് പട്ടിണിയിലായ പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ, സ്വന്തം പുരയിടത്തിലെ തേങ്ങയുടെ തൊണ്ട് ചകിരിയാക്കി നൽകി അവരുൽപാദിപ്പിച്ച കയർ വിലയ്ക്കു വാങ്ങി സംഭരിച്ചു. യുദ്ധകാലത്തിനു ശേഷം കയറിന്റെ വില കൂടിയപ്പോൾ നാരായണി അവ വിറ്റു. 14,000 രൂപയോളം അന്നു ലാഭം കിട്ടിയിരുന്നു. ആ തുക ഉപയോഗിച്ചാണ് ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രസവ വാർഡ് പണിതത്. അന്നത്തെ ദിവാൻ സി.പി.രാമസ്വാമി അയ്യർ അത് ഉദ്ഘാടനം ചെയ്തു.

നാരായണി കാലത്തിനു മുന്നേ നടന്നു. ആ നടപ്പിൽ ചില ചരിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ, അവയൊന്നും വരുംതലമുറയുടെ മനസ്സിലേക്കു രേഖപ്പെടുത്താൻ ചരിത്രം തയാറായില്ലെന്നു മാത്രം!