എസ്‌യുവി വികസനം തന്നെ ജീവിതം, എസ്‌യുവി വിൽപന തന്നെ അമൃതം...
മോഹൻലാലിന്റെ പവിത്രം സിനിമയിലെ പ്രശസ്തമായ ഒരു കോമഡി രംഗമാണ് ‘ഉണ്ണിമധുരം’. അടുപ്പത്തു നിന്നു വാങ്ങാൻ താമസിച്ചതോടെ ചെമ്പിന്റെ അടിക്കുപിടിച്ച മധുരക്കറിയിൽ (മധ്യ തിരുവിതാംകൂറിൽ പച്ചഡി എന്നും പറയും) നെയ്യും പഞ്ചസാരയും കശുവണ്ടിയും മുന്തിരിയും ഒക്കെ ചേർത്ത് ഇളക്കി ‘ഉണ്ണിമധുരം’ എന്ന വിഭവമാക്കി വിളമ്പുകയാണു
മോഹൻലാലിന്റെ പവിത്രം സിനിമയിലെ പ്രശസ്തമായ ഒരു കോമഡി രംഗമാണ് ‘ഉണ്ണിമധുരം’. അടുപ്പത്തു നിന്നു വാങ്ങാൻ താമസിച്ചതോടെ ചെമ്പിന്റെ അടിക്കുപിടിച്ച മധുരക്കറിയിൽ (മധ്യ തിരുവിതാംകൂറിൽ പച്ചഡി എന്നും പറയും) നെയ്യും പഞ്ചസാരയും കശുവണ്ടിയും മുന്തിരിയും ഒക്കെ ചേർത്ത് ഇളക്കി ‘ഉണ്ണിമധുരം’ എന്ന വിഭവമാക്കി വിളമ്പുകയാണു
മോഹൻലാലിന്റെ പവിത്രം സിനിമയിലെ പ്രശസ്തമായ ഒരു കോമഡി രംഗമാണ് ‘ഉണ്ണിമധുരം’. അടുപ്പത്തു നിന്നു വാങ്ങാൻ താമസിച്ചതോടെ ചെമ്പിന്റെ അടിക്കുപിടിച്ച മധുരക്കറിയിൽ (മധ്യ തിരുവിതാംകൂറിൽ പച്ചഡി എന്നും പറയും) നെയ്യും പഞ്ചസാരയും കശുവണ്ടിയും മുന്തിരിയും ഒക്കെ ചേർത്ത് ഇളക്കി ‘ഉണ്ണിമധുരം’ എന്ന വിഭവമാക്കി വിളമ്പുകയാണു
മോഹൻലാലിന്റെ പവിത്രം സിനിമയിലെ പ്രശസ്തമായ ഒരു കോമഡി രംഗമാണ് ‘ഉണ്ണിമധുരം’. അടുപ്പത്തു നിന്നു വാങ്ങാൻ താമസിച്ചതോടെ ചെമ്പിന്റെ അടിക്കുപിടിച്ച മധുരക്കറിയിൽ (മധ്യ തിരുവിതാംകൂറിൽ പച്ചഡി എന്നും പറയും) നെയ്യും പഞ്ചസാരയും കശുവണ്ടിയും മുന്തിരിയും ഒക്കെ ചേർത്ത് ഇളക്കി ‘ഉണ്ണിമധുരം’ എന്ന വിഭവമാക്കി വിളമ്പുകയാണു മോഹൻലാലിന്റെയും ഇന്നസെന്റിന്റെയും പാചകക്കാരായ കഥാപാത്രങ്ങൾ. സദ്യ തുടങ്ങുമ്പോൾ ശോഭനയുടെ കഥാപാത്രം ‘ഇതിനു വല്ലാത്തൊരു ചുവ’ ഉണ്ടെന്നു മോഹൻലാലിനോടു രഹസ്യമായി പറയും.
അപ്പോൾ ‘ഇതൊരു പ്രത്യേകതരം സ്വീറ്റ് ആണ്’ എന്നു പറഞ്ഞു മോഹൻലാൽ തടിതപ്പും. എന്നാൽ നരേന്ദ്ര പ്രസാദിന്റെ കഥാപാത്രം ‘ആ ജന്മദിന സ്പെഷൽ നന്നായിരിക്കുന്നു, റിയലി ഡെലീഷ്യസ്’ എന്നു പറയുകയും എന്താണ് അതിന്റെ പേര് എന്ന് ഉറക്കെ ചോദിക്കുകയും ചെയ്യുമ്പോൾ മോഹൻലാൽ പെട്ടെന്ന് ഒപ്പിച്ചു പറയുന്ന പേരാണ് ‘ഉണ്ണിമധുരം’. സദ്യയ്ക്കിരിക്കുന്ന എല്ലാവരും കേൾക്കെ ഇത്രയും പറഞ്ഞതോടെ ഈ കറി കയറിയങ്ങു ഹിറ്റ് ആകുന്നു. ‘ഉണ്ണിമധുരം ഇനി ആർക്കാ വേണ്ടെ...’ എന്നു ചോദിച്ചു വിളമ്പാൻ ഓടുന്നതിനിടെ ‘ഇതു കഴിച്ചാൽ എന്താ സംഭവിക്കുക എന്നു ഞാനൊന്നു നോക്കട്ടെ...’ എന്ന് ഇന്നസെന്റിന്റെ കഥാപാത്രം സ്വയം പറയുന്നുമുണ്ട്.
വാഹനവിപണിയിൽ ഇപ്പോൾ കത്തി നിൽക്കുന്ന ‘സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ’ (എസ്‌യുവി) പ്രേമത്തെ ഈ രംഗവുമായി ചേർത്തു വച്ചാൽ ഒന്നാന്തരമൊരു ട്രോൾ ഉണ്ടാക്കാം. സെഡാനുകളെയും സ്റ്റേഷൻ വാഗണുകളെയും ഹാച്ച്ബാക്കുകളെയും പിന്തള്ളി എസ്‌യുവികൾ വിൽപനക്കണക്കിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തതോടെ നല്ല രീതിയിൽ മുന്നോട്ടു പോകുന്ന എല്ലാ വാഹനനിർമാണ കമ്പനികളും എസ്‌യുവിയോ ‘എസ്‌യുവിഷ്’ ആയ എന്തെങ്കിലുമോ പുറത്തിറക്കാൻ സകല അടവുകളും പയറ്റുകയാണ്. ചിലർ പയറ്റിപ്പയറ്റി എസ്‌യുവി ചന്തമുള്ള സ്റ്റേഷൻ വാഗൺ വരെ ഇറക്കിത്തുടങ്ങി. കേൾക്കുമ്പോൾ ‘ഉണക്കമീൻ സാമ്പാർ’ എന്നതുപോലെ തോന്നുമെങ്കിലും ഇങ്ങനെയും കുറച്ചു വാഹനങ്ങൾ ഇറങ്ങിയെന്നുള്ളതു സത്യം തന്നെയാണ്. നമ്മുടെ നാട്ടിലെ ചില എൻട്രി ലെവൽ ഹാച്ച്ബാക്കുകൾക്കു പോലും ‘എസ്‌യുവി സ്റ്റൈൽ’ നൽകാൻ പല നിർമാതാക്കളും ശ്രമിച്ചിട്ടുണ്ട്.
സൂപ്പർകാർ നിർമാതാക്കൾ അടക്കം വളരെ കുറച്ച് അംഗങ്ങൾ മാത്രമേ ‘എസ്‌യുവി പ്രേമ വിരുദ്ധ സമിതി’യിൽ ഉള്ളു. നാൾക്കു നാൾ എസ്‌യുവി പ്രേമം കൂടി വരുന്നുണ്ടെങ്കിലും ഇവയിൽ പകുതിയും പരമ്പരാഗത എസ്‌യുവികളുടെ ഗുണഗണങ്ങൾ ഉള്ള വാഹനങ്ങളല്ല. പലതും ‘കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്’ പോലെയുള്ള ചില എസ്‌യുവി ഗുണങ്ങൾ മാത്രം കടംകൊണ്ടവയാണ്. എസ്‌യുവിയോടു സാദൃശ്യമുള്ള രൂപവും ഇവയ്ക്കുണ്ടാകും. ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന ഡിസൈനർമാർ മാതൃകയാക്കുന്ന ചില വാഹനങ്ങളുണ്ട്, അവയാണ് ‘യഥാർഥ എസ്‌യുവികൾ’. ഏതു കുന്നും മലയും കിടങ്ങും താണ്ടാൻ കഴിവുള്ള കരിമ്പുലികൾ. അത്തരം വാഹനങ്ങൾ മാത്രം നിർമിക്കുന്ന ചില കമ്പനികളെപ്പറ്റി... ഇതിലൊന്ന് ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആണെന്നത് ഇരട്ടി സന്തോഷം തരുന്ന കാര്യമാണ്.
ജിഎംസി
1902ൽ മിഷിഗനിൽ ആരംഭിച്ച റാപിഡ് മോട്ടർ വെഹിക്കിൾ കമ്പനിയാണു പിന്നീട് ജിഎംസി ആയത്. 1909ൽ ജനറൽ മോട്ടോഴ്സ് (ജിഎം) സ്ഥാപകൻ വില്യം സി.ഡ്യൂറന്റ് ഈ കമ്പനി ഏറ്റെടുത്തു. 1908ൽ റിലയൻസ് മോട്ടർ കാർ കമ്പനി കൂടി ഏറ്റെടുത്തിരുന്ന വില്യം സി.ഡ്യൂറന്റ് റാപിഡും റിലയൻസും ഒന്നിച്ചു ചേർത്തു ജിഎംസി എന്ന ബ്രാൻഡ് സ്ഥാപിച്ചു. 1925ൽ ജിഎം യെല്ലോ കോച്ച് എന്ന ബസ് – ടാക്സി ക്യാബ് നിർമാതാവിനെക്കൂടി ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ചു. 1943ൽ ഈ കമ്പനികളെ എല്ലാം ചേർത്ത് ജിഎംസി ട്രക്ക് ആൻഡ് കോച്ച് ഡിവിഷൻ നിലവിൽ വന്നു.
1981ൽ അത് ജിഎം വേൾഡ്‌വൈഡ് ട്രക്ക് ആൻഡ് ബസ് ഗ്രൂപ്പ് എന്ന കമ്പനി ആയി മാറി. 1987ൽ ബസ് നിർമാണം നിർത്തിയതോടെ ജിഎംസി ട്രക്ക് ഡിവിഷൻ എന്നാക്കി അതിന്റെ പേര്. 1996ൽ ജിഎം അവരുടെ പോണ്ടിയാക് ബ്രാൻഡിനെ ഇതിൽ ലയിപ്പിച്ചു. ഇപ്പോൾ ജനറൽ മോട്ടോഴ്സ് ട്രക്ക് കമ്പനി (ജിഎംസി) ജിഎമ്മിന്റെ ഉപസ്ഥാപനമാണ്.
ടെറെയ്‌ൻ, അക്കാഡിയ, യൂക്കോൺ എന്നീ എസ്‌യുവികൾ ആണ് ജിഎംസി പുറത്തിറക്കുന്ന സ്വകാര്യ യാത്രാവാഹനങ്ങൾ. ആറു സിലിണ്ടർ, എട്ടു സിലിൻഡർ പെട്രോൾ – ഡീസൽ എൻജിനോടെ പുറത്തിറങ്ങുന്ന ഈ വാഹനങ്ങൾ നമ്മുടെ നാട്ടിലെ ഫുൾ സൈസ് എസ്‌യുവികളായ ഫോർഡ് എൻഡേവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾടൂറാസ് എന്നിവയെ അപേക്ഷിച്ചു പോലും കുംഭകർണൻമാരാണ്. ഷെവർലെയുടെ ഇക്വിനോക്സ്, ട്രാവേഴ്സ്, സബ്അർബൻ എന്നീ വാഹനങ്ങളുടെ ബാഡ്ജ് എൻജിനീയറിങ് ആഡംബര പതിപ്പുകളാണവ. ഇവയുടെ കൂടിയ പതിപ്പുകളിൽ ‘ഡെനാലി’ എന്ന ബാഡ്ജും കാണാം. ഷെവർലേ സിൽവെറാഡോ, കോളറാഡോ പിക്കപ്പ് ട്രക്കുകൾ സീയറ, കാന്യൻ എന്നീ പേരുകളിൽ ജിഎംസിയും പുറത്തിറക്കുന്നുണ്ട്.
പ്രധാനമായും ബാഡ്ജ് എൻജിനീയറിങ് വാഹനങ്ങളാണ് ജിഎംസി പുറത്തിറക്കുന്നതെങ്കിലും ഷെവർലേയുടെയോ ജിഎമ്മിന്റെ മറ്റ് ഏതെങ്കിലും ബ്രാൻഡുകളുടെയോ എസ്‌യുവികളും ട്രക്കുകളും അല്ലാതെ വേറെ ഒരു ബോഡി സ്റ്റൈലിലും പെട്ട വാഹനങ്ങൾ ജിഎംസി വിൽക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ജിഎംസി ഒരു ലക്ഷണമൊത്ത എസ്‌യുവി നിർമാതാവു തന്നെയാണ്. ലോകം മുഴുവൻ ആരാധാകർ ഉണ്ടായിരുന്ന ഹമ്മർ ബ്രാൻഡിനെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ജിഎം ഏൽപ്പിച്ചത് ജിഎംസിയെ ആണ്. പുതിയ ഹമ്മർ ഇലക്ട്രിക് ‘ഒരു ജിഎംസി ഉൽപന്ന’മായിരിക്കും.
ജീപ്പ്
രണ്ടാം ലോക മഹായുദ്ധ കാലത്ത് വില്ലീസ് ഓവർലാൻഡ്, അമേരിക്കൻ ബാന്റം എന്നീ കമ്പനികൾ ചേർന്ന് അമേരിക്കൻ പട്ടാളത്തിനായി നിർമിച്ച ജിപിഡബ്യൂ എന്ന വാഹനം, പിന്നീട് ലോകമെമ്പാടുമുള്ള 4 വീൽ ഡ്രൈവ് വാഹനങ്ങളുടെ റെഫറൻസ് ടെക്സ്റ്റും പ്രചോദനവും ആയതു ചരിത്രം. 1940കളിൽ ആണ് ഈ ഇതിഹാസം ജന്മമെടുത്തത്.
1943ൽ വില്ലീസ് ഓവർലാൻഡ് കമ്പനി ജീപ്പ് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തു. 1953ൽ വില്ലീസ് കമ്പനിയെ കൈസർ മോട്ടോഴ്സ് ഏറ്റെടുത്തു. പിന്നീട് അവരുടെ കയ്യിൽ നിന്നു ജീപ്പ് ഡിവിഷനെ അമേരിക്കൻ മോട്ടർ കോർപറേഷൻ (എഎംസി) ഏറ്റെടുത്തു. പിന്നീട് റെനോ (ഫ്രാൻസ്) എഎംസിയിൽ നിക്ഷേപം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജീപ്പിന്റെ വിപണനം നിർവഹിച്ചു കുറച്ചു നാൾ. 1987ൽ എഎംസിയുടെ പക്കൽ നിന്ന് ക്രൈസ്‌ലർ ഗ്രൂപ്പ് ജീപ്പ് ബ്രാൻഡിനെ സ്വന്തമാക്കി. പിന്നീട് ക്രൈസ്‌ലർ ഗ്രൂപ്പ് ഡയംലർ കമ്പനിയുമായും (ജർമനി) അതുകഴിഞ്ഞു ഫിയറ്റ് ഗ്രൂപ്പുമായും (ഇറ്റലി) ലയിച്ചു. കുറച്ചു നാൾ മുൻപ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടൊമൊബീൽസ് പിഎസ്എ ഗ്രൂപ്പുമായി ലയിച്ചു ‘സ്റ്റെലന്റിസ്’ എന്ന സ്ഥാപനമായി. ഇപ്പോൾ സ്റ്റെലന്റിസിന്റെയാണ് ജീപ്പ് ബ്രാൻഡ്.
ക്രൈസ്‌ലർ കാലത്താണു ജീപ്പിനു ലോകമെമ്പാടും ആഡംബര പരിവേഷം ലഭിക്കാൻ തുടങ്ങിയത്. എല്ലാവരും വാനോളം പുകഴ്ത്തുന്ന ഫോർ വീൽ ഡ്രൈവ് മികവിനൊപ്പം ആ ആഡംബര പരിവേഷം ഇന്നും തുടരുന്നു. റാംഗ്ലർ, ചെറോക്കി, ഗ്രാൻഡ് ചെറോക്കി, കോംപസ്, റെനഗേഡ് എന്നീ എസ്‌യുവികളും ഗ്ലാഡിയേറ്റർ എന്ന പിക്പ്പ് ട്രക്കുമാണ് ജീപ്പ് മോഡൽ ലൈനപ്പിൽ ഉള്ളത്. 4 സിലിണ്ടർ മുതൽ 8 സിലിണ്ടർ എൻജിനുകൾ വരെയുണ്ട് ജീപ്പിന്. പെട്രോൾ – ഡീസൽ വകഭേദങ്ങളും ലഭ്യം. പെർഫോമൻസ് എൻജിനുകളുടെ ഉസ്താദ് ആയിരുന്ന ക്രൈസ്‌ലറിന്റെ വളർത്തുപുത്രൻ ആയതിനാൽ ആ ഭാഗം മോശമാകില്ലല്ലോ.
ജീപ്പിന്റെ സഹോദര ബ്രാൻഡ് ആയ ‘റാം’ ആണ് ക്രൈസ്‌ലറിന്റെ പിക്കപ്പ് ട്രക്ക് – കമേഴ്സ്യൽ വെഹിക്കിൾ ഡിവിഷൻ. ജിഎംസിയോടു പടവെട്ടുന്നതു ജീപ്പും റാമും ചേർന്നാണ്. റാം ബ്രാൻഡിന് ജീപ്പുമായുള്ള വ്യത്യാസം എന്തെന്നാൽ ‘റാം’ ക്രൈസ്‌ലറിന്റെ ഉപസ്ഥാപനമായ ഡോജ് ആരംഭിച്ചതാണ് എന്നതാണ്.
ലാൻഡ് റോവർ (ജെഎൽആർ)
അമേരിക്കയുടെ ജീപ്പിൽ നിന്ന് ആദ്യകാലത്തു തന്നെ പ്രചോദനം ഉൾക്കൊണ്ടു ബ്രിട്ടനിലെ റോവർ കമ്പനി നിർമിച്ച വാഹനമാണ് ലാൻഡ് റോവർ. റോവർ കമ്പനി രൂപകൽപനാ വിഭാഗം മേധാവി മോറിസ് വിൽക്സ് 1947ൽ ആണ് ലാൻഡ് റോവറിനായി അധ്വാനിച്ചു തുടങ്ങിയത്. പട്ടാള വാഹനങ്ങൾ എന്ന നിലയിൽ നിർമിക്കപ്പെട്ടതിനാൽ ബ്രിട്ടീഷ് സൈന്യം നിർദേശിച്ച ‘വിമാനത്തിന്റെ കോക്ക്പിറ്റ് പെയിന്റ്’ ആണ് ആദ്യകാല ലാൻഡ്റോവറുകളിൽ അടിച്ചിരുന്നത്. റോവർ കമ്പനി പിന്നീട് ബ്രിട്ടീഷ് ലെയ്‌ലൻഡ് കമ്പനിക്കു കീഴിലായി. 1978ൽ ബ്രിട്ടീഷ് ലെയ്‌ലാൻഡിനു കീഴിൽത്തന്നെ ലാൻഡ്റോവർ കമ്പനിയായി സ്ഥാപിക്കപ്പെട്ടു. 1994ൽ ബിഎംഡബ്യൂ റോവറിനെ വാങ്ങിയപ്പോൾ ലാൻഡ്റോവറും ‘ജർമനിക്കു പോയി’.
2000ൽ ബിഎംഡബ്യൂ ലാൻഡ്റോവറിനെ റോവർ ഗ്രൂപ്പിൽ നിന്നു വേർപ്പെടുത്തി ഫോർഡിനു വിറ്റു. ഫോർഡ് തങ്ങൾ വാങ്ങിയ ആഡംബര ബ്രാൻഡുകളെ എല്ലാം ചേർത്ത് പ്രീമിയർ ഓട്ടൊമോട്ടീവ് ഗ്രൂപ്പ് ഉണ്ടാക്കി. അവയിൽ ഫോർഡിന്റെ തന്നെ ലിങ്കൺ, മെർക്കുറി എന്നിവയ്ക്കൊപ്പം ആസ്റ്റൻ മാർട്ടിൻ, ജാഗ്വാർ, മസ്ഡ, വോൾവോ എന്നിവയും ലാൻഡ്റോവറും ഉൾപ്പെട്ടു. 2008ൽ ഇതിൽ ജാഗ്വാറും ലാൻഡ് റോവറും ടാറ്റ മോട്ടോഴ്സിന് ഫോർഡ് വിറ്റു. ടാറ്റയാണ് നിലവിലെ കമ്പനിയായ ജാഗ്വാർ ലാൻഡ്റോവർ (ജെഎൽആർ) സ്ഥാപിക്കുന്നത്. ജീപ്പ് ബ്രാൻഡിന് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന ഒരേയൊരു ബ്രാൻഡ് മാത്രമേ ഇന്നു ലോകത്തുള്ളു, അതാണ് ലാൻഡ് റോവർ.
അവരുടെ കെയുള്ള പോരായ്മ എന്തെന്നാൽ, സാധാരണക്കാരിലേക്ക് ഇറങ്ങി വരാൻ ശ്രമം നടത്തുന്നില്ല എന്നതു മാത്രമാണ്. ജീപ്പ് അവരുടെ റെനഗേഡ്, കോംപസ് എന്നീ മോഡലുകളുമായി സാധാരണക്കാരിലേക്ക് ഇറങ്ങിയതോടെ ആഡംബര എസ്‌യുവി വിഭാഗത്തിൽ വിൽപനക്കണക്കിൽ ജീപ്പ് ബ്രാൻഡ് ലാൻഡ്റോവറിനു മുകളിലായി. എന്നിട്ടും ലാൻഡ്റോവർ കോംപസിനും റെനഗേഡിനും ഇതുവരെ മറുപടി നൽകിയിട്ടില്ല.
ജീപ്പിന്റെ റാംഗ്ലറിന് എതിരായി ഇപ്പോൾ വിപണിയിലുള്ള ഡിഫൻഡറിൽ തുടങ്ങുന്നു ലാൻഡ്റോവർ മോഡൽ ലൈനപ്പ്. ഈ രണ്ടു വാഹനങ്ങളും ഏകദേശം അരക്കോടി രൂപ വരെ വിലവരുന്ന എസ്‌യുവികൾ ആണ്. ഡിസ്കവറി സ്പോർട്, ഡിസ്കവറി, റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്, റേഞ്ച് റോവർ വേലാർ, റേഞ്ച് റോവർ ഇവോക്ക് എന്നിവയാണ് ലാൻഡ് റോവറിന്റെ മറ്റു വാഹനങ്ങൾ. 4 സിലിണ്ടർ മുതൽ 8 സിലിണ്ടർ വരെയുള്ള പെട്രോൾ – ഡീസൽ എൻജിനുകൾ ലാൻഡ്റോവറിനും ഉണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഫുൾ സൈസ് എസ്‌യുവി ഏതെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണു പൊതുവേ ഉയർന്നു വരാറുള്ളത്. 1. റേഞ്ച് റോവർ, 2. മെഴ്സിഡീസ് ജി വാഗൺ. മമ്മൂട്ടി – മോഹൻലാൽ ആരാധകവൈരം പോലെ ഇതിൽ ആരാണു കേമൻ എന്നതിനും ഒരിക്കലും തീരുമാനമാകാൻ സാധ്യതയില്ല.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
റെനോയുമായി ചേർന്നു വെറീറ്റൊ (ലോഗൻ) എന്ന സെഡാൻ കാർ മുൻപു നിർമിച്ചിരുന്നെങ്കിലും മഹീന്ദ്ര നിലവിൽ ഒരു എസ്‌യുവി നിർതാവു മാത്രമാണ്. അവരുടെ എംപിവി ആയ മാരാസോയെ പോലും അവർ എസ്‌യുവി ആയിട്ടാണ് കണക്കു കൂട്ടിയിരിക്കുന്നത്. 1945ൽ മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന പേരിൽ ആരംഭിച്ച കമ്പനി പിന്നീട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആയി മാറുകയായിരുന്നു. സ്ഥാപകരിലൊരാളായ മാലിക് ഗുലാം മുഹമ്മദ് പാക്കിസ്ഥാനിലേക്കു പോയതോടെയാണ് പേരിൽ മഹീന്ദ്ര മാത്രമായത്. വില്ലീസ് ജീപ്പുകൾ ഇറക്കുമതി ചെയ്തു വിൽക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. അധികം വൈകാതെ വിവിധ ജീപ്പ് മോഡലുകൾ ലൈസൻസ് വാങ്ങി തദ്ദേശീയമായി നിർമിക്കുന്നതിൽ എം ആൻഡ് എം ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവിലെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ കാലത്താണ് ലക്ഷണമൊത്ത യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ കമ്പനി വൈദഗ്ധ്യം നേടുന്നത്.
ബെംഗളൂരുവിലെ റെവ ഇലക്ട്രിക് കാർ കമ്പനി, പുണെയിലെ കൈനറ്റിക് മോട്ടോഴ്സ്, കൊറിയയിലെ സാങ്‌യോങ് മോട്ടോഴ്സ്, ഇറ്റാലിയൻ വാഹന ഡിസൈൻ ഹൗസ് ആയ പിനിൻഫരീന, പ്യൂഷൊ സ്കൂട്ടേഴ്സ് തുടങ്ങിയവ മഹീന്ദ്ര ഏറ്റെടുത്ത വാഹന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ്. വിവിധ ട്രാക്ടർ കമ്പനികളും മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ട്. മഹീന്ദ്രയ്ക്കു ട്രക്ക് ആൻഡ് ബസ് ഡിവിഷനും ഉണ്ട്. ഇതിന് ആദ്യകാലത്തു സാങ്കേതിക സഹായം നൽകിയത് യുഎസിലെ പ്രമുഖ ട്രക്ക് നിർമാതാവായ നാവിസ്റ്റാർ ആണ്. നിലവിൽ യാത്രാവാഹന ലൈനപ്പിൽ 8 വാഹനങ്ങളാണ് മഹീന്ദ്രയ്ക്കുള്ളത്. കെയുവി 100 എൻഎക്സ്ടി ആണ് എൻട്രി ലെവൽ എസ്‌യുവി. മൈക്രോ എസ്‌യുവി എന്നാണു മഹീന്ദ്ര ഇതിനെ വിളിക്കുന്നത്.
ഥാർ എന്ന ഓഫ്റോഡറാണ് ജീപ്പ് ബന്ധത്തിന്റെ തുടർച്ചയെന്നോണം മഹീന്ദ്ര നിലനിർത്തിയിരിക്കുന്ന വാഹനം. പുതിയ ഥാറിന് വിപണി അത്യുഗ്രൻ വരവേൽപാണു നൽകിയത്. എക്സ്‌യുവി 300, ആൾട്യൂറാസ് ജി4, എക്സ്‌യുവി 500, സ്കോർപിയോ, ബൊലേറോ എന്നിവയാണു മറ്റു വാഹനങ്ങൾ. 4 സിലിണ്ടർ – 3 സിലിണ്ടർ പെട്രോൾ – ടർബോ ഡീസൽ എൻജിനുകളാണു മഹീന്ദ്ര ഉപയോഗിക്കുന്നത്. മഹീന്ദ്ര വാഹനങ്ങളുടെ പേരിനൊപ്പമുള്ള സംഖ്യയിലെ പൂജ്യങ്ങൾ ഇംഗ്ലിഷ് അക്ഷരമായ ‘ഒ’ എന്ന രീതിയിലാണ് ഉച്ചരിക്കേണ്ടത്. ബൊലേറോ, സ്കോർപിയോ എന്നിവ ഇന്ത്യൻ വിപണിയിൽ തകർപ്പം വിജയം നേടിയതിനെത്തുടർന്നാണ് ഇങ്ങനെയൊരു പരിഷ്കാരം കമ്പനി കൊണ്ടുവന്നത്. നിലവിൽ ‘ഒ’യിൽ അവസാനിക്കാത്ത മഹീന്ദ്രയുടെ ഏക വാഹനം ആൾട്യൂറാസ് ജി4 ആണ്.
മഹീന്ദ്രയുടെ കൊറിയൻ ഉപസ്ഥാപനമായ സാങ്‌യോങ് മോട്ടോഴ്സും എസ്‌യുവി നിർമാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോൾ. മുൻപ് മെഴ്സിഡെസ് ബെൻസുമായി സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ട് ചെയർമാൻ എന്ന ആഡംബര സെഡാൻ കാർ പുറത്തിറക്കിയിരുന്നു സാങ്‌യോങ്. എന്നാൽ അതിന്റെ നിർമാണം നിർത്തിയ ശേഷം മറ്റൊരു സെഡാനോ ഹാച്ച്ബാക്കോ എസ്റ്റേറ്റോ കമ്പനി പുറത്തിറക്കിയിട്ടില്ല. ഭൂരിഭാഗം എസ്‌യുവികളും ഒരു പിക്കപ്പ് ട്രക്കും അതിന്റെ ആഡംബര പതിപ്പും മാത്രമാണ് കമ്പനിയുടെ ലൈനപ്പിൽ ഉള്ളത്. ഇന്ത്യയിൽ ആൾട്യൂറാസ് ജി4 എന്ന പേരിൽ ഇറങ്ങുന്ന റെക്സ്റ്റൻ, എക്സ്‌യുവി 300 അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ടിവോലി, ടിവോലിയുടെ നീളം കൂട്ടിയ പതിപ്പായ എക്സ്എൽവി, ആഡംബര 5 സീറ്റർ എസ്‌യുവി കൊറാണ്ടോ, പിക്കപ്പ് ട്രക്കായ മുസൊ എന്നിവയാണ് ഇപ്പോൾ കമ്പനി പുറത്തിറക്കുന്ന വാഹനങ്ങൾ.
ജർമനിയിലെ ബോർഗ്‌വാർഡ് ഗ്രൂപ്പ്, ബ്രസീലിലെ ട്രോളർ എന്നിവയും എസ്‌യുവികൾ മാത്രം നിർമിക്കുന്ന കമ്പനികൾ ആണ്. എംജി മോട്ടോഴ്സിനെയും നിലവിലത്തെ അവസ്ഥയിൽ എസ്‌യുവി നിർമാതാവ് ആയി കണക്കാക്കാം. കമ്പനി പുറത്തിറക്കുന്ന ഹെക്ടർ, ഇസഡ്എസ്, ഗ്ലോസ്റ്റർ എന്നിവ എസ്‌യുവികൾ ആണ്. എന്നാൽ എംജിയുടെ മാതൃകമ്പനിയായ എസ്എഐസി (ചൈന) എല്ലാത്തരം വാഹനങ്ങളും പുറത്തിറക്കുന്നുണ്ട്.
ഒരു മിനിവാൻ കൂടെ നിർമിക്കുന്നുണ്ടെങ്കിലും തായ്‌വാനിലെ ലക്സ്ജെൻ മോട്ടർ കമ്പനിയെയും ഈ പട്ടികയിൽ കൂട്ടാം. പ്രധാന ലക്സ്ജെൻ മോഡലുകൾ രണ്ടെണ്ണവും ക്രോസ്ഓവർ എസ്‌യുവികൾ ആണ്. യുആർഎക്സ്, യു6 എന്നിവയാണവ.
ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്‌യുവി നിർമിക്കുന്ന കാൾമാൻ എന്ന കമ്പനിയും ഒരു എസ്‌യുവി നിർമാതാവു മാത്രമാണ്. കാൾമാൻ കിങ് എന്നാണ് ഈ എസ്‌യുവിയുടെ പേര്. 11 ലക്ഷം ഡോളറാണ് ഇതിന്റെ വില. അതായത്, ഏകദേശം 8 കോടി രൂപ.
English Summary: Top SUV Manufacturers In The World