ഫോഡ് പോകുമ്പോൾ കൂടെ പോകുന്നത്...
മഹീന്ദ്രയുടെ കരം ഗ്രഹിച്ചെത്തി ഒടുവിൽ മഹീന്ദ്രയുടെ കനിവില്ലാതെ മടക്കം; ഇന്ത്യയിലെ പ്രവർത്തനം ഫോഡ് അവസാനിപ്പിക്കുമ്പോൾ ഇവിടുത്തെ വാഹന നിർമാണമേഖലയിലെ അനിവാര്യതകളും അസ്ഥിരതകളും ഒരിക്കൽക്കൂടി പരസ്യമാകുന്നു. പ്രതീക്ഷിച്ചതു സംഭവിച്ചു. വാഹന മേഖലയിൽ വമ്പൻമാർക്കു പലർക്കും സംഭവിച്ച കാലിടറൽ ഇന്ത്യയിലെ
മഹീന്ദ്രയുടെ കരം ഗ്രഹിച്ചെത്തി ഒടുവിൽ മഹീന്ദ്രയുടെ കനിവില്ലാതെ മടക്കം; ഇന്ത്യയിലെ പ്രവർത്തനം ഫോഡ് അവസാനിപ്പിക്കുമ്പോൾ ഇവിടുത്തെ വാഹന നിർമാണമേഖലയിലെ അനിവാര്യതകളും അസ്ഥിരതകളും ഒരിക്കൽക്കൂടി പരസ്യമാകുന്നു. പ്രതീക്ഷിച്ചതു സംഭവിച്ചു. വാഹന മേഖലയിൽ വമ്പൻമാർക്കു പലർക്കും സംഭവിച്ച കാലിടറൽ ഇന്ത്യയിലെ
മഹീന്ദ്രയുടെ കരം ഗ്രഹിച്ചെത്തി ഒടുവിൽ മഹീന്ദ്രയുടെ കനിവില്ലാതെ മടക്കം; ഇന്ത്യയിലെ പ്രവർത്തനം ഫോഡ് അവസാനിപ്പിക്കുമ്പോൾ ഇവിടുത്തെ വാഹന നിർമാണമേഖലയിലെ അനിവാര്യതകളും അസ്ഥിരതകളും ഒരിക്കൽക്കൂടി പരസ്യമാകുന്നു. പ്രതീക്ഷിച്ചതു സംഭവിച്ചു. വാഹന മേഖലയിൽ വമ്പൻമാർക്കു പലർക്കും സംഭവിച്ച കാലിടറൽ ഇന്ത്യയിലെ
മഹീന്ദ്രയുടെ കരം ഗ്രഹിച്ചെത്തി ഒടുവിൽ മഹീന്ദ്രയുടെ കനിവില്ലാതെ മടക്കം; ഇന്ത്യയിലെ പ്രവർത്തനം ഫോഡ് അവസാനിപ്പിക്കുമ്പോൾ ഇവിടുത്തെ വാഹന നിർമാണമേഖലയിലെ അനിവാര്യതകളും അസ്ഥിരതകളും ഒരിക്കൽക്കൂടി പരസ്യമാകുന്നു. പ്രതീക്ഷിച്ചതു സംഭവിച്ചു. വാഹന മേഖലയിൽ വമ്പൻമാർക്കു പലർക്കും സംഭവിച്ച കാലിടറൽ ഇന്ത്യയിലെ വഴുക്കുന്ന പാതകളിൽ 26 കൊല്ലം ഒാടിക്കഴിഞ്ഞ ഫോഡിനും സംഭവിച്ചു. ദെയ്വു, ഫിയറ്റ്, പെഷൊ, മിത്സുബിഷി, ജി എമ്മിന്റെ ഓപൽ, ഷെവർലെ... ഏറെ നാൾ പിടിച്ചു നിന്നിട്ട് ഇപ്പോഴിതാ ഫോഡ്... നമുക്ക് നഷ്ടമാകുന്നത് രാജ്യാന്തര നിലവാരമുള്ള കുറെ കാറുകൾ...
അനുരാഗ് പറഞ്ഞു, നാം ദുഃഖിച്ചു...
സൂപ്പർ കാറായ മസ്റ്റാങും മാക്ക് ഇ പോലെയുള്ള ഇലക്ട്രിക് വാഹനങ്ങളുമായി ഫോഡ് തുടരും (അല്ലെങ്കിൽ ഒതുങ്ങും). ഗുജറാത്തിലെയും ചെന്നൈയിലെയും ഫാക്ടറികൾ നിർത്തി. ഫിഗോയും അസ്പയറും ഇക്കൊസ്പോർട്ടും എൻഡവറും ഡീലർക്ക് സ്റ്റോക്ക് ഉള്ള കാലം വരെ കിട്ടും. നിയമപ്രകാരമുള്ള 9 വർഷം സർവീസ് ലഭിക്കും. ഡീലർമാർക്കും ഉപഭോക്താക്കൾക്കും നന്ദി... ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്റോത്ര ചിരിക്കുന്ന മുഖവുമായി സമൂഹമാധ്യമത്തിലൂടെ പറഞ്ഞതൊക്കെ കരയിക്കുന്ന കാര്യങ്ങൾ. ഫോഡ് ഇന്ത്യ വിട്ടു. 26 കൊല്ലം പ്രവർത്തിച്ച് ഇന്ത്യയിലെ കാർപ്രേമികളുടെ ജീവിതത്തിന്റെ ഭാഗമായിട്ടിപ്പോൾ എല്ലാം ഇട്ടെറിഞ്ഞൊരു പോക്ക്... രണ്ടു വലിയ ഫാക്ടറികളും അസംഖ്യം ഡീലർഷിപ്പുകളും അനേക ലക്ഷം ഉപഭോക്താക്കളും നാളെ മുതൽ എന്തു ചെയ്യും? മറുപടിയില്ല... ഈ അനുരാഗിനൊരു ഭാഗ്യമുണ്ട്. ഇന്ത്യയിൽ ഇന്നുവരെ ഒരു മേധാവിക്കും ഇങ്ങനെയൊരു പ്രസ്താവന വിഡിയോ പോസ്റ്റ് ചെയ്ത് സ്ഥലം കാലിയാക്കാനുള്ള ദൗർഭാഗ്യം സിദ്ധിച്ചിട്ടില്ല.
കമ്യൂണിസമാണ് മോഡൽ ടി
അമേരിക്കയിലെ വിപ്ലവമാണ് ഫോഡ്. കമ്യൂണിസത്തെക്കാൾ വലിയ വിപ്ലവം. സാധാരണക്കാരനെ കാറിലേറ്റി സമത്വ സുന്ദരലോകം യാഥാർത്ഥ്യമാക്കി. ആദ്യമായി മാസ് പ്രൊഡക്ഷൻ സാങ്കേതികതയുപയോഗിച്ച് കാറുകൾ ആഡംബരത്തിൽനിന്നു ആവശ്യകതയിലേക്കെത്തിച്ച സ്ഥാപനം. ഹെൻട്രി ഫോർഡ് മോഡൽ ടി എന്ന പ്രഥമ മാസ് പ്രൊഡക്ഷൻ മോഡൽ എത്തിക്കും വരെ സാധാരണ അമേരിക്കക്കാരൻ കാർ പുറത്തു നിന്നു കണ്ടിട്ടേയുള്ളൂ. മോഡൽ ടി ആണ് അസംബ്ലി ലൈനിൽ നിർമിച്ച ലോകത്തിലെ ആദ്യ കാർ 1908 മുതൽ 1927 വരെയുള്ള കാലഘട്ടം കൊണ്ട് അക്ഷരാർത്ഥത്തിൽ എല്ലാ അമേരിക്കക്കാരെയും കാറിലേറ്റാൻ ഫോഡിനായി; അന്നു വരെ വൻമുതലാളിമാർ മാത്രം അനുഭവിച്ചിരുന്ന സൗകര്യം. അങ്ങനെ ഫോഡ് ജനകീയനായി.
ഇന്ത്യയിൽ പണ്ടേയുണ്ട്
ഫോഡ് ഇന്ത്യയിൽ പുതുമയേയല്ല. 1926 മുതൽ സജീവ സാന്നിധ്യം. അമേരിക്കയിൽ നിന്നായിരുന്നില്ല കാനഡയിൽ നിന്നായിരുന്നു ഇറക്കുമതി. ഫോഡ് കാനഡയാണ് ആദ്യ വരവിൽ ഇന്ത്യയിൽ പ്രവർത്തിച്ചത്. 1953 വരെ കാറുകളും പിക്കപ്പുകളും ട്രക്കുകളും ഇറക്കിയ ശേഷം അന്നത്തെ കടുകട്ടി നിയമങ്ങളിൽ തട്ടി ഫോഡ് വീണു. മൂന്നു ദശകത്തോളം നീണ്ട പ്രവർത്തനം പുനരാരംഭിച്ചത് 1995 ലാണ്. മഹീന്ദ്രയുമായി സഹകരിച്ച് മഹീന്ദ്ര ഫോഡ്. രണ്ടാം വരവിലെ ആദ്യ വാഹനം എസ്കോർട്ട്. അംബാസഡറും ഫിയറ്റും പതിയെ വിടവാങ്ങി മാരുതി 800 ആണ് കാറുകളുടെ അവസാനവാക്കെന്ന് ഇന്ത്യക്കാർ വിശ്വസിച്ചു തുടങ്ങിയ കാലത്ത് പെട്ടകം പോലെയുള്ള ഫോഡ് എസ്കോർട്ട് തരംഗമായി. പ്രഫഷനലുകളും വലിയ വ്യവസായികളും 800ന്റെ ചെറുപ്പത്തിൽ നിന്നു എസ്കോർട്ടിന്റെ രാജകീയതയിലേക്ക് വളർന്നു, ഒപ്പം പുത്തൻ വാഹനസംസ്കാരവും പിറന്നു.
എസ്കോർട്ട് സീ ടെക് എന്ന വറ്റാത്ത ഓർമ
1998. മീഡിയ ഡ്രൈവ് എന്ന, വിപണിയിൽ ഇറക്കുംമുമ്പ് പത്രപ്രവർത്തകർക്കായി ആദ്യം ടെസ്റ്റ്ഡ്രൈവ് എന്ന ചടങ്ങിനെപ്പറ്റി അന്ന് ആരും കേട്ടിട്ടേയില്ല. അമേരിക്കൻ മാധ്യമസംസ്കാരത്തിന്റെ ഭാഗമായി ഫോഡ് ഇറക്കുമതിചെയ്ത ആ ഡ്രൈവിലാണ് ആദ്യമായി നിർമാതാക്കൾ ഒരുക്കുന്ന ഒരു കാർ ടെസ്റ്റ് ഡ്രൈവിൽ പങ്കെടുക്കുന്നത്. അധികം പേരൊന്നുമില്ല. ഇന്നത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ ഓട്ടൊ കാർ അടക്കമുള്ളവർ അന്നില്ല. സമൂഹമാധ്യമങ്ങളുടെ ഗ്വാ ഗ്വാ വിളികളും ഓരിയിടലുകളുമില്ല. ശാന്തം, സ്വഛന്ദം. ഇന്ത്യയിൽ നിന്നൊട്ടാകെ പത്തിൽത്താഴെ മാധ്യമപ്രവർത്തകർ. ടുട്ടു ധവാൻ, ബോബ് രുപാനി, മുറാദ് അലി ബെഗ്, മലയാളിയായ ആദ്യകാല മോട്ടോറിങ് പത്രപ്രവർത്തകൻ ബിജോയ് കുമാർ.. അങ്ങനെ കുറച്ചു പേർ. അന്ന് ബിജോയ് ബിസിനസ് സ്റ്റാൻഡാർഡ് മോട്ടോറിങ് എഡിറ്റർ, ഇന്ന് പത്രപ്രവർത്തനം വിട്ട് മഹീന്ദ്ര അഡ്വഞ്ചർ വിഭാഗം ജി എം. കൊച്ചിയിലെ പി ജെ മോട്ടോഴ്സ് ആണ് അന്ന് കേരളത്തിലെ മുഖ്യ ഫോഡ് ഡീലർ. പി ജെ വർഗീസ് എന്ന ആ സ്ഥാപന ഉടമ ഫാസ്റ്റ്ട്രാക്ക് കോളം രണ്ടു കൊല്ലമായി പിന്തുടരുന്നയാളായതിനാൽ കേരളത്തിൽ നിന്ന് പംക്തികാരനായ ഞാനും ആ ഡ്രൈവിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ഫോഡ് സമ്മതിച്ചു. അങ്ങനെ എസ്കോർട്ട് സീടെക് പെട്രോൾ കൊച്ചിയിൽ നിന്ന് മൂന്നാർ വഴി തിരിച്ചു കൊച്ചിയിലെത്തിച്ച് ജീവിതത്തിലെ ആദ്യ, ഏതാണ്ട് ഇന്ത്യയിലെതന്നെ ആദ്യ മാധ്യമ ഡ്രൈവ് തികച്ചു. പിന്നെയുണ്ടായ നൂറു കണക്കിനു ഡ്രൈവുകൾക്ക് മുൻഗാമി.
നേരിട്ടു നയിക്കാൻ പാർക്കർ
ഇന്നും മറക്കാനാവാത്ത ഓർമകളാണ് ആ ഡ്രൈവ്. ജോൺ പാർക്കർ എന്ന ഫോഡ് ഇന്ത്യ സി ഇ ഒ ആണ് മീഡിയ ഡ്രൈവ് നയിച്ചത്. പിന്നാലെയുള്ള 10 കാറുകളിൽ മാധ്യമ പ്രവർത്തകരും മറ്റ് ഫോഡ് ഉദ്യോഗസ്ഥരും. മലയാളികളായ ഞാനും ബിനോയിയും ഒരു ടീം. സൂര്യനെല്ലിയിലെ മഹീന്ദ്ര റിസോർട്ടിൽ രാത്രി ക്യാംപ് ഫയർ, പ്രൊഡക്ട് ബ്രീഫിങ്, താമസം. രാവിലെ ഗ്യാപ് റോഡ് വഴി ബിനോയിയുടെ ജീവന്മരണ ഡ്രൈവിങ്. സീടെക്ക് പെട്രോൾ എൻജിന്റെ സ്പോർട്സ് പാരമ്പര്യം ഇടുങ്ങിയ വഴിയിൽ യാഥാർത്ഥ്യമായി. ഓരോ ചെറിയ കാര്യങ്ങളിലും പാർക്കറുടെയും ഡീലറായ വർഗീസിന്റെയും വിശദീകരണങ്ങൾ.
പാർക്കർ പിന്നെയും നയിച്ചു
ജോൺ പാർക്കർ ഫോഡിനെ പിന്നീട് നയിച്ചത് ഇന്ത്യയെ ഒരു കയറ്റുമതി കേന്ദ്രമാക്കാനാണ്. അതിനായി അദ്ദേഹം വിഭാവനം ചെയ്ത വാഹനമാണ് ഐക്കൺ. പേരു സൂചിപ്പിക്കുന്നതുപോലെ ഇന്ത്യയുടെ ആഗോള ചിഹ്നം. പിന്നീട് വാഹന പത്രപ്രവർത്തകനെന്ന നിലയിൽ പല തവണ ചെന്നൈയിലെ ശാലയിലേക്ക് ക്ഷണം. അഭിപ്രായങ്ങൾ പലതും ഫോഡ് സ്വീകരിച്ചുവെന്നത് ആദ്യം അദ്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് മനസ്സിലായി അതാണ് ഫോഡ് തന്ത്രം. പ്രാദേശിക വിപണികളെ നേരിട്ടറിയുക, അതിനനുസരിച്ച് പ്രവർത്തിക്കുക. പാർക്കർ വിഭാവനംചെയ്ത ഐക്കൺ ഇന്ത്യയിൽ മാത്രമല്ല ലോകത്തെ പല വികസ്വര വിപണികളിലും ഫോഡിന്റെ ഐക്കണായി. പാർക്കറിന്റെ പിൻഗാമിയായെത്തിയ ഫിൽ സ്പെൻഡറും ഇതേ പാത തുടർന്നു. ഇരുവരുമായുള്ള ബന്ധം ഇവർ ഇന്ത്യ വിട്ട ശേഷവും തുടർന്നു. 2010 ൽ ഇരുവരും ഫോഡ് വിടും വരെ ഔദ്യോഗികമായ എഴുത്തുകുത്തുകളുണ്ടായിരുന്നു.
എത്രയെത്ര കാറുകൾ, അതിലെത്ര ഓർമകൾ...
ഇന്ത്യയിൽ ആഡംബര കാർ എങ്ങനെയാകണമെന്നതിനു രൂപരേഖ തീർത്തത് ഫോഡ് ആണ്. എസ്കോർട്ട് 1996–99, ഐക്കൺ 99–2011, മൊണ്ടിയോ 2001–06, എൻഡവർ 2003, ഫ്യൂഷൻ 2004–10, ഫിയസ്റ്റ ക്ലാസിക് 2005–15. ഫിഗോ 2010, ഫിയസ്റ്റ 2011–16, ഇക്കൊസ്പോർട്ട് 2013, അസ്പയർ 2015, മസ്റ്റാങ് 2016, ഫ്രീസ്റ്റൈൽ 2018... എന്നിങ്ങനെ മധ്യനിര, മുകൾ നിര, ഹാച്ച്ബാക്ക്, ക്രോസ് ഓവർ, എസ് യു വി, സൂപ്പർ കാർ എന്നിങ്ങനെ എല്ലാ നിലകളിലും ഫോഡ് മോഡലുകളിറക്കി. എന്നിട്ടെന്തിനു പടിയിറങ്ങി?
വിൽപന പൊടി പൊടിച്ചു
ഫോഡ് വിൽപന ഉച്ചകോടിയിലെത്തിയപ്പോൾ വാർഷിക ഉത്പാദനം ലക്ഷത്തിനടുത്തെത്തി. 2011 ൽ 96354 കാറുകളും 2018 ൽ 97804 കാറുകളും ഇറക്കിയതാണ് ഉയർന്ന ഉത്പാദനം. എങ്കിലും ഇന്ത്യയിലെ മൊത്തം കാർ ഉത്പാദനത്തിന്റെ മൂന്നു ശതമാനത്തിൽ താഴെയായിരുന്നു എന്നും ഫോഡിന്റെ സ്ഥാനം. ഗുജറാത്തിലെ സാനന്ദിലെ ശാലയിൽ എൻജിൻ നിർമാണവും മോശമില്ലാതെ നടന്നു. കാർ ഉത്പാദനത്തിന്റെ 45 ശതമാനവും എൻജിൻ ഉത്പാദനത്തിന്റെ 25 ശതമാനവും കയറ്റി അയയ്ക്കപ്പെട്ടു. അമേരിക്കയും കാനഡയുമടക്കം 35 രാജ്യങ്ങളിൽ ഈ വാഹനനങ്ങളോടി. പല തവണ പോകാൻ അവസരം ലഭിച്ചിട്ടുള്ള ചെന്നൈയിലെ മരൈമലൈനഗർ ശാലയിൽ വർഷം രണ്ടു ലക്ഷം കാറുകളും 2.4 ലക്ഷം എൻജിനുകളുമായിരുന്നു ഉത്പാദന ശേഷി. ഗുജറാത്തിലെ സാനന്ദിലെ ശാല 500 ഏക്കറിൽ പരന്നു കിടക്കുന്നു. 5 ലക്ഷം കാറുകളും 6 ലക്ഷം എൻജിനുകളുമാണ് നിർമാണശേഷി.
കാലത്തിനു മുൻപേ ഓടിയ കാറുകൾ
ഇന്ത്യയിൽ ആധുനിക കാറുകൾ ആദ്യമായി എത്തിച്ചത് ഫോഡ് ആണെന്നു പറയണം. ആദ്യം ഇറങ്ങിയ എസ്കോർട്ട് മുതൽ ഫോഡ് ഇന്ത്യയിലിറക്കിയ കാറുകളെല്ലാം അത്യാധുനികമായിരുന്നു. എസ്കോർട്ട് ഡീസലിനും പെട്രോളിനും പുറമെ 1998 ൽ ഇറങ്ങിയ സീടെക് പെട്രോളാണ് റാലി പാരമ്പര്യമുള്ള ഇന്ത്യയിലെ ആദ്യകാർ. സീടെക് സീരീസ് പെട്രോൾ അധികം ഇറങ്ങിയില്ലെങ്കിലും ടർബോ പെട്രോളുകൾ അടുത്തയിടെ ഇറങ്ങുംവരെ അത്ര ഉയർന്ന സാങ്കേതികത നൽകുന്ന കാറുകൾ ഇന്ത്യയിലില്ലായിരുന്നു.
ഐക്കണും ഫിഗോയും
ഇന്ത്യയിലെ കാറുകളുടെ തിലകക്കുറിയായിരുന്നു ഈ രണ്ടു മോഡലുകളും. എസ്കോർട്ടിനു ശേഷം മൊണ്ടിയൊ ലക്ഷുറി സെഡാൻ വന്നെങ്കിലും ഇന്ത്യയിൽ നിർമിച്ച ഇന്ത്യക്കായുള്ള ആദ്യ കാർ ഐക്കൺ ആയിരുന്നു. ഒതുക്കമുള്ള സെഡാൻ. യൂറോപ്പിലെ ഫിയസ്റ്റ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതം. ആറാം തലമുറ യൂറോപ്യൻ ഫിയസ്റ്റ ഇന്ത്യയിൽ ഫിഗൊയായും ഇറങ്ങി. രണ്ടു മോഡലുകളും തകർപ്പൻ വിജയങ്ങളായി. ഫിഗോയുടെ ഡിമാൻഡ് കൂടിയതോടെ ഫോഡ് ഉത്പാദനശേഷി ഗണ്യമായി ഉയർത്തേണ്ടി വന്നു. ഒരിക്കലെങ്കിലും ഫിഗോ ഉപയോഗിച്ചിട്ടുള്ളവർ വർഷങ്ങൾ കഴിഞ്ഞാലും ആ വാഹനത്തിന്റെ സ്റ്റെബിലിറ്റിയും കരുത്തും ഈടും മറക്കില്ല. പാട്ടത്തകിടല്ല, നല്ല കരുത്തുള്ള ഹാച്ച്ബാക്ക്. സോളിഡ് ഫീൽ.
ട്രെൻഡ് സെറ്റർ
ഇന്ത്യൻ വിപണിയിൽ പല പുതുമകൾക്കും തുടക്കമിട്ടതു ഫോഡാണ്. പിന്നീട് ആ തുടക്കം എതിരാളികൾ ഏറ്റു പിടിച്ചു വൻ വിജയമാക്കി എന്നതു വേറെ കാര്യം. ക്രോസ് ഓവർ എന്ന വിഭാഗത്തിൽപ്പെടുന്ന ആദ്യ കാർ ഫ്യൂഷൻ 2004ൽ ഇറക്കി. അതിനും മുമ്പ് ഇറങ്ങിയ ആഡംബര സെഡാൻ മൊണ്ടിയോയോടു കിടപിടിക്കാൻ ഇന്നും ഇന്ത്യയിലൊരു കാറില്ല. സ്കോഡ സുപർബ് മാത്രമാണ് ഇന്ന് ഈ ഗണത്തിൽപ്പെടുത്താവുന്ന ഏക വാഹനം. നാലു മീറ്ററിൽത്താഴെയുള്ള കാറുകളുടെ നികുതി ആനുകൂല്യം വന്നപ്പോൾ ആദ്യം മുതലെടുത്തത് ഇക്കൊസ്പോർട്ട് ക്രോസ് ഓവറാണ്. ഇന്ത്യയിലുണ്ടാക്കിയ ഇക്കൊസ്പോർട്ട് അമേരിക്കയിൽ വരെ ഓടി. എവറസ്റ്റ് എസ്‌യുവിയിൽ അധിഷ്ഠിതമായ എൻഡവറിന്റെ ആനച്ചന്തത്തെ വെല്ലാൻ അന്നും ഇന്നും അധികം വാഹനങ്ങളില്ല.
എൻഡവറും ഇക്കൊസ്പോർട്ടും
25 കൊല്ലത്തിലധികമായി കാർ വിൽക്കാൻ തുടങ്ങിയിട്ട്. ഇത്രയധികം ബുക്കിങ് ഇന്നേവരെ ലഭിച്ചിട്ടില്ല. രണ്ടായിരത്തിലധികം ബുക്കിങ് പെൻഡിങ്. ഇക്കൊസ്പോർട്ടിനും എൻഡവറിനും ബുക്കിങ് കുമിഞ്ഞു കൂടുന്നു. വണ്ടിയാണെങ്കിലൊട്ടു കിട്ടാനുമില്ല. ചിപ് ക്ഷാമത്തെപ്പറ്റി അറിയാനായി കൈരളിഫോഡ് സെയിൽസ് മാനേജർ ജോണുമായി ഏതാനും മാസം മുമ്പ് സംസാരിച്ചപ്പോൾ കിട്ടിയ മറുപടി. അതായിരുന്നു ഫോഡിന്റെ അവസാന കാലത്തെ അവസ്ഥ. അസ്പയറും ഫിഗോയും ഫ്രീ സ്റ്റൈലുമൊന്നും ആർക്കും വേണ്ട. എന്നാൽ എൻഡവറിനും ഇക്കൊസ്പോർട്ടിനും അസാധാരണ ഡിമാൻഡ്. ഉറപ്പാണ് ഡീലർഷിപ്പ് പൂട്ടിയാലും ഈ രണ്ടു വാഹനങ്ങൾക്കും ആവശ്യക്കാരുണ്ടാകും. അതാണൊരു ഫോഡ് സ്പിരിറ്റ്.
എന്താണ് പറ്റിയത്?
എല്ലാവരുടെയും സംശയം. ഉത്തരം ലളിതമല്ല. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളുടെ കൂടിച്ചേരലും ഇടക്കാലത്ത് ഉപഭോക്ത പരാതികൾക്കായി ചെവികൊടുക്കാൻ മടിച്ചതും നല്ല നേതൃത്വത്തിന്റെ അപര്യാപ്തതയുമൊക്കെ കാരണങ്ങൾ. തകർച്ചയുടെ കാരണം ഇതൊക്കെ:
ഒന്ന്: മഹീന്ദ്ര കയ്യൊഴിഞ്ഞു. 50 ശതമാനം പങ്കാളിത്തത്തിൽ 1995ൽ ആരംഭിച്ച മഹീന്ദ്ര ഫോഡ് 1998 ൽ ഫോഡ് ഇന്ത്യ ലിമിറ്റഡായി. ഫോഡ് മോട്ടോർ കമ്പനി 72 ശതമാനം ഉടമസ്ഥത കയ്യാളിയതോടെ മഹീന്ദ്ര ഗാലറിയിലായി. ഇന്നും നല്ലൊരു കാറില്ലാത്ത മഹീന്ദ്ര ഫോഡുമായുള്ള ബന്ധം നിലനിർത്താൻ ശ്രമിച്ചെങ്കിലും സാമ്പത്തികമായി തിരിച്ചടികളുണ്ടാകുമെന്ന വിലയിരുത്തലിൽ ഇക്കൊല്ലം ആദ്യം പൂർണമായും ഈ ബന്ധത്തിൽ നിന്നു പിൻവാങ്ങി. ഫോഡ് ഒറ്റക്കായി.
രണ്ട്: ഉയർന്ന അറ്റകുറ്റപ്പണി എന്ന ചീത്തപ്പേര്. ഒന്നാന്തരം കാറുകളാണെങ്കിലും അറ്റകുറ്റപ്പണി കൊക്കിലൊതുങ്ങില്ല. സ്പെയർ പാർട്ടുകൾക്ക് തീ വില. ആദ്യ കാലങ്ങളിൽ പ്രശ്നമായിരുന്നില്ലെങ്കിലും വലിയ മുതലാളിമാരിൽ നിന്ന് സാധാരണക്കാരിലേക്ക് ഫിഗോയും മറ്റും എത്തിയപ്പോൾ ഇതൊരു വലിയ പ്രശ്നമായി, ചീത്തപ്പേരായി. പിന്നീട് ഇതു തിരുത്തിയെങ്കിലും ജനങ്ങളിലേക്ക് എത്തിയില്ല.
മൂന്ന്: വിപണിയിലെ മത്സരം. കടുത്ത മത്സരം നേരിടാൻ ഫോഡിനായില്ല. ഫിഗോ, അസ്പയർ, ഇക്കൊസ്പോർട്ട്, എൻഡവർ ഇവയെല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നെങ്കിലും വിൽപന ഗ്രാഫും ലാഭവും കുത്തനെ ഉയർത്താൻ സഹായിക്കുന്ന ഹാച്ച്, സെഡാൻ വിഭാഗത്തിൽ ഫോഡിന് അടി പതറി. ഇക്കൊസ്പോർട്ടും എൻഡവറുമായി അധികനാൾ പിടിച്ചു നിൽക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. കാലികമായ പുതിയ മോഡലുകൾ എത്തിക്കുന്നതിലും ഫോഡ് പരാജയപ്പെട്ടു.
നാല്: തന്ത്രങ്ങളുടെയും നേതൃത്വത്തിന്റെയും അഭാവം. അവസാന കാലഘട്ടത്തിൽ ഫോഡിന് കാര്യമായ നേതൃത്വമില്ലായിരുന്നു. സെയിൽസ് വിഭാഗത്തിൽ നിന്ന് സി ഇ ഒയായി ഉയർന്ന വിനയ് പിപ്പർസാനിയ കുറച്ചു നാൾ മുമ്പ് ഫോഡ് വിട്ടപ്പോഴേ ഊഹിച്ചു ഇനി അധികനാളില്ല. ഫോഡ് നേതൃത്വത്തിൽ ഏറ്റവുമധികം സേവിച്ച വ്യക്തിയാണ് വിനയ്.
അഞ്ച്: കയറ്റുമതിയിൽ നേരിട്ട തിരിച്ചടി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരായ ഫോഡിന് കഴിഞ്ഞ കൊല്ലം 65 ശതമാനം കുറവാണ് കയറ്റുമതിയിലുണ്ടായത്. 131476 കാറുകളിൽ നിന്ന് 46064 ലേക്ക് കയറ്റുമതി കുറഞ്ഞപ്പോൾ ലാഭവും കുത്തനെ ഇടിഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മോഡലുകൾക്ക് പ്രിയം കുറഞ്ഞതും കോവിഡ്മൂലം ഘടകങ്ങൾക്കു ക്ഷാമം വന്നതുമൊക്കെ കാരണങ്ങൾ.
ആറ്: നഷ്ടം. കഴിഞ്ഞ 10 കൊല്ലം കൊണ്ട് 200 കോടി ഡോളറാണ് ഫോഡ് ഇന്ത്യ വരുത്തിയ നഷ്ടം.
ഇനിയെന്ത്?
നാലായിരം ജീവനക്കാരാണ് ഫോഡിന് ഇന്ത്യയിലുള്ളത്. ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മറ്റു നിർമാതാക്കൾക്ക് എൻജിനും ഘടകങ്ങളും നിർമിച്ചു നൽകി ഇന്ത്യയിൽ തുടരുമെന്ന് അനുരാഗ് പറഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കുന്നതും തുടരും. ചുരുക്കത്തിൽ ഫോഡ് എന്ന പേര് ഇന്ത്യയിൽ നിലനിൽക്കും. വലിയ ചോദ്യം ഡീലർഷിപ്പുകൾക്ക് എന്തു സംഭവിക്കും.170 ഡീലർഷിപ്പുകളിലായി 40000 ജീവനക്കാരും 2000 കോടി മുതൽമുടക്കുമുണ്ട്. 1000 കാറുകൾ വീതമെങ്കിലും ഡീലർഷിപ്പുകളിലുണ്ട്. ഇതിനു തന്നെ 150 കോടി മതിക്കും. മാത്രമല്ല ഏതാനും മാസം മുമ്പുവരെ ഫോഡ് പുതിയ ഡീലർഷിപ്പുകൾ നൽകിയിരുന്നുവെന്നും ഒാട്ടമൊബിൽ ഡീലേഴ്സ് അസോസിയേഷൻ പറയുന്നു. ഒറ്റദിനം കൊണ്ട് എല്ലാം നിർത്തിപ്പോകുന്നത് കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് അസോസിയേഷൻ പറഞ്ഞു. നിലവിലുള്ള ഫോഡ് ഉടമകൾക്ക് സർവീസ് സൗകര്യം എത്രനാൾ ലഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
കാറേ നീ പോകരുതിപ്പോൾ
കാർ എന്നാൽ ഫോഡ് എന്നാണു ചൊല്ല്. അങ്ങനെ നോക്കിയാൽ കാറാണ് ഇന്ത്യ വിടുന്നത്. നിസ്സാരവൽക്കരിക്കാനാവില്ല. ഇന്ത്യയിലിപ്പോള്‍ കാറുകൾക്ക് പ്രിയം കുറയുകയാണ്. ചെറു ഹാച്ച് ബാക്കുകൾ കഴിഞ്ഞാൽ പിന്നെ എസ്‌യുവികളുടെ കാലമാണ്. ഹാച്ച്ബാക്കിനുമുകളിൽ പണിതുണ്ടാക്കിയ എസ്‌യുവി രൂപങ്ങൾ. മൈക്രൊ, മിനി എസ്‌യുവികൾ നന്നായി വിറ്റഴിക്കപ്പെടുന്നു. ഇതറിഞ്ഞ് കളം മാറ്റിച്ചവിട്ടാത്ത നിർമാതാക്കൾക്കാണ് പണി കിട്ടുന്നത്. മധ്യനിര, പ്രീമിയം സെഡാനുകൾക്കും ഡിമാൻഡ് കുറയുന്ന കാലമാണ്. കാറുകൾക്ക് ഇന്ത്യയിൽ കഷ്ടകാലമാണെന്ന് ഫോഡിന്റെ ദുർഗതി പഠിപ്പിക്കുന്നു.
വിവിധ കാലഘട്ടങ്ങളിൽ മനോരമ ദിനപത്രത്തിൽ ഫോഡിനെക്കുറിച്ച് വന്ന ലേഖനങ്ങൾ
2004 ഏപ്രിൽ 1ന് ഫോഡ് എൻഡെവറിനെക്കുറിച്ചും 1999 ജൂൺ 3ന് ഫോഡ് ഐക്കൊണിനെക്കുറിച്ചും പ്രസിദ്ധീകരിച്ച ലേഖനം
2004 സെപ്റ്റംബർ 2ന് ഫോഡ് ഫ്യൂഷനിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം
2004 സെപ്റ്റംബർ 2ന് ഫോഡ് ഫ്യൂഷനിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം