ടൂറിസ്റ്റ് ബസില് കയറാത്ത മലയാളികളുണ്ടോ; വിഡിയോകോച്ചിൽനിന്ന് ഡിജെ ബസിലെത്തുമ്പോൾ...
കൊമ്പന്മാരിൽ വമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനകളിൽ തലയെടുപ്പുള്ളവൻ. കൊമ്പനെന്ന പേര് ഇന്ന് ആനകൾക്ക് മാത്രമല്ല. കൊമ്പന്മാരെപ്പോലെ മസ്തകം കുലുക്കി കൊമ്പു കുലുക്കി ആടിയാടി ഒഴുകുന്ന ടൂറിസ്റ്റ് ബസുകളിലും കാണാം കൊമ്പനെന്ന പേര്. കൊമ്പൻ പോലെ ഇമ്പമുള്ള പേരുകൾ പലതുണ്ട് ബസുകൾക്ക്. പേരിൽ തീരുന്നില്ല
കൊമ്പന്മാരിൽ വമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനകളിൽ തലയെടുപ്പുള്ളവൻ. കൊമ്പനെന്ന പേര് ഇന്ന് ആനകൾക്ക് മാത്രമല്ല. കൊമ്പന്മാരെപ്പോലെ മസ്തകം കുലുക്കി കൊമ്പു കുലുക്കി ആടിയാടി ഒഴുകുന്ന ടൂറിസ്റ്റ് ബസുകളിലും കാണാം കൊമ്പനെന്ന പേര്. കൊമ്പൻ പോലെ ഇമ്പമുള്ള പേരുകൾ പലതുണ്ട് ബസുകൾക്ക്. പേരിൽ തീരുന്നില്ല
കൊമ്പന്മാരിൽ വമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനകളിൽ തലയെടുപ്പുള്ളവൻ. കൊമ്പനെന്ന പേര് ഇന്ന് ആനകൾക്ക് മാത്രമല്ല. കൊമ്പന്മാരെപ്പോലെ മസ്തകം കുലുക്കി കൊമ്പു കുലുക്കി ആടിയാടി ഒഴുകുന്ന ടൂറിസ്റ്റ് ബസുകളിലും കാണാം കൊമ്പനെന്ന പേര്. കൊമ്പൻ പോലെ ഇമ്പമുള്ള പേരുകൾ പലതുണ്ട് ബസുകൾക്ക്. പേരിൽ തീരുന്നില്ല
കൊമ്പന്മാരിൽ വമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആനകളിൽ തലയെടുപ്പുള്ളവൻ. കൊമ്പനെന്ന പേര് ഇന്ന് ആനകൾക്ക് മാത്രമല്ല. കൊമ്പന്മാരെപ്പോലെ മസ്തകം കുലുക്കി കൊമ്പു കുലുക്കി ആടിയാടി ഒഴുകുന്ന ടൂറിസ്റ്റ് ബസുകളിലും കാണാം കൊമ്പനെന്ന പേര്. കൊമ്പൻ പോലെ ഇമ്പമുള്ള പേരുകൾ പലതുണ്ട് ബസുകൾക്ക്. പേരിൽ തീരുന്നില്ല ആനയും ബസും തമ്മിലുള്ള ബന്ധം. കരയിലെ വലിയ മൃഗമാണ് ആനയെങ്കിൽ വാഹനങ്ങളിൽ വലുത് ബസുകളല്ലേ! ആന ചിഹ്നം ബോഡിയിൽ വന്നപ്പോൾ കെഎസ്ആർടിസി ബസ് ആന വണ്ടിയായി. കുലുങ്ങികുലുങ്ങിപ്പോകുന്ന ആനയെ കണ്ടാൽ ആരും ഒന്നു നോക്കും. നിൽക്കും. റോഡിലൂടെ ഒഴുകുന്ന ടൂറിസ്റ്റ് ബസ് കണ്ടാൽ ആരും നോക്കും. ആനയ്ക്കും ആരാധകരുണ്ട്; ബസുകൾക്കും. പേരുള്ള പാപ്പാൻമാരുണ്ടെങ്കിൽ, പേരെടുത്ത ബസ് ഡ്രൈവർമാരുമുണ്ട്. കൈവിട്ടാൽ ആന മദയാനയാകും. ബസും അങ്ങനെത്തന്നെയാണെന്ന് വടക്കഞ്ചേരി അപകടം ഓർമിപ്പിക്കുന്നു. ‘മാതംഗലീല’യിലെ ലക്ഷണങ്ങളാണ് ആനകളെ കരിവീരന്മാരാക്കുന്നത്. പേരും പെരുമയും ബോഡിയിലെ അലങ്കാരങ്ങളും അകത്തെ സൗകര്യങ്ങളും ബസുകളെ കൊമ്പന്മാരാക്കുന്നു.
∙ ‘വീഡിയോ കോച്ചാണോ? സിനിമ കാണാലോ...’
മധുരതരമായ ഓർമകൾ സമ്മാനിച്ചുകൊണ്ടായിരിക്കും ഓരോ വിനോദയാത്രകളും അവസാനിക്കുക. അതുവരെ കാണാത്ത കാഴ്ചകളും അറിയാത്ത അനുഭവങ്ങളും നൽകുന്ന ആ യാത്രകളിലെ സുന്ദരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയാൽ നായകസ്ഥാനം കയ്യാളുക സാരഥിയായ ടൂറിസ്റ്റ് ബസ് ആയിരിക്കും. നിലവിൽ വിവാദതാരമാണെങ്കിലും അന്നും ഇന്നും യുവാക്കളുടെ ആവേശമാണ് ആ ബസുകൾ. ബസുകളോടും ഡ്രൈവർമാരോടുമുള്ള ആരാധനയ്ക്ക് കാലപ്പഴക്കമേറെയുണ്ട്. റെയ്ബാൻ ഗ്ലാസും വച്ച് ചുരങ്ങൾ കയറി അനായാസം ബസ് ഓടിച്ചുകൊണ്ടുപോകുന്ന ഡ്രൈവർമാർ എക്കാലവും യുവാക്കളുടെ ഹരമായിരുന്നു. എഴുപതുകളിലെയും എൺപതുകളിലെയും തൊണ്ണൂകളിലെയുമെല്ലാം യുവത്വം ടൂറിസ്റ്റ് ബസിനെ ആരാധിച്ചവരാണ്. അവരിൽ ഭൂരിഭാഗവും ആദ്യമായി സിനിമ കാണുന്നതും നല്ലൊരു മ്യൂസിക് സിസ്റ്റത്തിൽ പാട്ടുകേൾക്കുന്നതുമെല്ലാം ഈ ബസുകളിൽ വച്ചായിരിക്കും. അക്കാലം മുതൽ തന്നെ ടൂറിസ്റ്റ് ബസുകൾ നൃത്തച്ചുവടുകൾ നിറഞ്ഞതായിരുന്നു. സ്വകാര്യ ബസുകളും കെഎസ്ആർടിസികളും ഓടുന്ന അക്കാലത്തെ റോഡുകളിലെ ന്യൂജെൻ ആയിരുന്നു ആ ആഡംബര ടൂർ ബസുകൾ.
∙ ആദ്യ ടൂറിസ്റ്റ് ബസ് പത്തനംതിട്ടയിൽ നിന്ന്
കോൺട്രാക്ട് കാര്യേജസിനെയാണ് നമ്മൾ ടൂറിസ്റ്റ് ബസുകൾ എന്ന ഓമനപ്പേരിൽ വിളിക്കുന്നത്. അറുപതുകളുടെ തുടക്കത്തിലാണ് കേരളത്തിലെ ആദ്യ കോൺട്രാക്ട് കാര്യേജ് റജിസ്റ്റർ ചെയ്യുന്നത്. അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന, ഇന്നത്തെ പത്തനംതിട്ട ജില്ലയിലാണ് ആദ്യ വാഹനം റജിസ്റ്റർ ചെയത്. ടാറ്റയുടെ എൽപി 312 ഷാസിയിലാണ് അന്നത് നിർമിച്ചത്. പിന്നീട് അറുപതുകളുടെ പകുതിയോടെ നിരവധി കോൺട്രാക്ട് കാര്യേജ് ബസുകൾ കേരളത്തിലുണ്ടായി.
∙ ചില്ലുകൊട്ടാരം, പുഷ്ബാക്ക് സീറ്റ്, ആഹാ എന്തു രസം
സ്വകാര്യ ബസുകളിൽ പടുത ഉപയോഗിച്ചിരുന്ന കാലത്ത് ടൂർ ബസുകളുടെ ജനാലകളിൽ ഷട്ടറുകളായിരുന്നു. പിന്നീട് ഗ്ലാസിലേക്കും മാറി. റൂട്ട് ബസുകളിൽനിന്നും എന്നും ഒരുപടി മുന്നിൽ നിൽക്കാനാണ് ടൂറിസ്റ്റ് ബസുകള്‍ ശ്രമിക്കാറുള്ളത്. മുൻവശത്തെ ഡ്യുവൽ ഹെഡ്‌ലാംപുകളും ക്രോം ഫിനിഷുമെല്ലാം ആദ്യമായി വന്നത് ഇത്തരം ടൂറിസ്റ്റ് ബസുകൾക്കാണ്. ആദ്യ കാലത്ത് റൂട്ടിൽ ഓടുന്ന ബസുകളിൽനിന്ന് വലിയ മാറ്റങ്ങളില്ലായിരുന്നുവെങ്കിൽ പിന്നീട് വാഹനങ്ങളെ വ്യത്യസ്തമാക്കാൻ ഉടമകൾ ശ്രദ്ധിച്ചിരുന്നു. വിഡിയോ കാസറ്റ് പ്ലെയറുമായി ഇറങ്ങിയ വിഡിയോ കോച്ചുകൾ മലയാളികൾ മറക്കാനിടയില്ല. തൊണ്ണൂറുകളിലെത്തിയ വിഡിയോ കോച്ചുകൾ അക്കാലത്തെ ഹരമായിരുന്നു. കൂടുതൽ കുഷ്യനുള്ള സീറ്റുകളും ഹെഡ് റെസ്റ്റുമെല്ലാം ടൂറിസ്റ്റുബസുകളിലാണ് ആദ്യം വന്നത്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും വിഡിയോ കോച്ചുകളായിരുന്നു കേരളത്തിലെ ടൂറിസ്റ്റ് ബസ് രംഗത്തെ താരം. ഡിലക്സ് ത്രീ പീസ് എന്നു വിളിക്കുന്ന ബോഡി ശൈലിയിലാണ് ഇവയുടെ നിർമാണം. പേരു പോലെത്തന്നെ മൂന്നു തട്ടുകൾ പോലെയാണ് ബോഡി. ഏറ്റവും മുകളിൽ ക്വാട്ടർ ഗ്ലാസ് അതിനു ശേഷം മറ്റൊരു പീസിൽ സ്ലൈഡിങ് ഗ്ലാസും പിന്നെ അതിന്റെ താഴെ ബോഡിയും. ഇപ്പോഴത്തെ മോഡലിനെ അപേക്ഷിച്ച് ഗ്ലാസ് നന്നായി താഴേയ്ക്ക് ഇറക്കിയായിരുന്നു നിർമാണം. ചിലപ്പോഴൊക്കെ സീറ്റുവരെ ഗ്ലാസിന്റെ പോർഷനുണ്ടായിരുന്നു. അതിനു താഴെയായി ക്രോം ഫിനിഷും ചില ബസുകളിൽ നൽകിയിട്ടുണ്ട്. മുന്നിലും ക്രോം ഫിനിഷ് വന്നത് ഈ ബസുകളുടെ കാലത്താണ്. കോൺട്രാക്ട് കാര്യേജസുകളിൽ ടിവി വരുന്നതും തൊണ്ണൂറുളുടെ അവസാനമാണ്. അക്കാലത്ത് ആളുകളെ ഏറെ ആകർഷിച്ച ഫീച്ചറുകളിലാന്നായിരുന്നു ടിവി. കളർ ടിവി കൂടി വന്നതോടെ അന്നത്തെ ടൂറിസ്റ്റു ബസുകൾ വിഡിയോ കോച്ചുകൾ എന്നറിയപ്പെടാൻ തുടങ്ങി. ടിവിഎസും ആസാദും ഇത്തരം ബോഡി ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രകാശായി കേരളത്തിലെ ടൂറിസ്റ്റു ബസുകളുടെ പ്രധാന ബോഡി നിർമാതാക്കൾ.
∙ ‘പ്രകാശം പകർന്ന്’ സത്‌ലജ്
പഞ്ചാബിൽനിന്നുള്ള സത്‌ലജ് ബോഡി ശൈലിയുള്ള ബസുകൾ ഇടക്കാലത്ത് കേരളത്തിലുണ്ടായിരുന്നു. ഉയരം കൂടിയ ഈ ബസുകൾ എന്നാൽ കുറച്ചു കാലം മാത്രമേ വിപണിയിലുണ്ടായിരുന്നുള്ളൂ. പഞ്ചാബ് വരെ സഞ്ചരിക്കാനുള്ള പ്രയാസവും പ്രകാശ് ബോഡി ബിൽഡേഴ്സ് കൂടുതൽ മികച്ച ബോഡികൾ നിർമിച്ചതും സത്‌ലജിനെ അപ്രിയനാക്കി. കോട്ടയത്തെ എക്സ്‌പോ പോലുള്ള ടൂർ ഓപ്പറേറ്റർമാർ സ്വന്തം ബസുകൾക്ക് സ്വയം ബോഡി നിർമിക്കാൻ തുടങ്ങിയെങ്കിലും അവയുടെ കാലതാമസവും ചെലവ് കൂടുതലും മൂലം പ്രകാശ് തന്നെയായി ഏറ്റവും മികച്ച ചോയ്സ്.
എസ്എം കണ്ണപ്പ ഓട്ടോമൊബൈൽസ് എന്ന ഇന്നത്തെ പ്രകാശ് 1968 ലാണ് സ്ഥാപിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യ ബസ് ബോഡി വർക്‌ഷോപ്പുകളിലൊന്ന് എസ്എംകെയായിരുന്നു. 1975 ൽ എസ്എം കണ്ണപ്പ ഓട്ടോമൊബൈൽസിനെ പ്രകാശ് റോഡ്‌ലൈൻസ് ഏറ്റെടുത്തു. അന്നുമുതലാണ് ബസ് ബോഡി നിർമാണ കമ്പനി എസ്എംകെ പ്രകാശായി മാറിയത്. തുടക്കത്തിൽ സിറ്റി ബസുകളുടെയും റൂട്ട് ബസുകളുടെയുമായിരുന്നു നിർമാണം. പിന്നീട് തൊണ്ണൂറുകളിലാണ് ടൂറിസ്റ്റ് ബസ് അഥവ ലക്ഷ്വറി ബസുകളുടെ നിർമാണത്തിലേക്ക് കടന്നത്. 1988 ലാണ് പ്രകാശ് എന്ന പേര് സ്വീകരിച്ചത്.
തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ പതിയെ പ്രകാശിന്റെ വഴിയെ സഞ്ചരിച്ചു തുടങ്ങി. തുടർന്ന് 1995 ല്‍ പി 5000 അല്ലെങ്കിൽ ഹോണ്ട 5000, പി 7000 പി 8000 എന്നീ മോഡലുകൾ പ്രകാശ് പുറത്തിറക്കി. പ്രത്യേകമായ ഡ്രൈവർക്യാബിനും ഒറ്റ ഗ്ലാസും മുൻ ഗ്രിൽ ഉയർത്തി വയ്ക്കാൻ തുടങ്ങിയതും മുകളിൽ നിന്ന് താഴേയ്ക്ക് കൊമ്പ് പോലെ തോന്നുന്ന മിററും ഫൈബർ വീൽകപ്പും പിന്നിലെ ഡിക്കി സ്‌പേസും കേരളത്തിലെ ആദ്യത്തെ എയർസസ്പെൻഷനുമെല്ലാം ഈ മോഡലിലാണ് വരുന്നത്.
∙ ദിലീപ് ഛാബ്രിയ, എയർ ബസിന്റെ ശിൽപി
വിഡിയോ കോച്ചുകളിൽ നിന്ന് നമ്മൾ എയർബസ് എന്ന് വിളിക്കുന്ന രൂപത്തിലേയ്ക്ക് ബസുകൾ മാറിയത് രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ്. പ്രകാശിന്റെ ടൂറിസ്റ്റ് ബസുകൾക്ക് ഇന്നു കാണുന്ന രൂപം വന്നത് ഡിസി പി 6000 എന്ന മോഡൽ ഇറങ്ങിയതോടെയാണ്. പ്രശസ്ത വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയാണ് ആ മോഡലിന്റെ രൂപകൽപന നിർവഹിച്ചത്. മുന്നിലെ സ്ലൈഡിങ് ഡോറുകളും ഇന്റീരിയറിലെ മാറ്റങ്ങളും ഈ മോഡലിനെ വ്യത്യസ്തനും ജനപ്രിയനുമാക്കി മാറ്റി. തുടർന്നിങ്ങോട്ട് പി 6000, പി 8000 ബിഎംആർ ബട്ടർഫ്ലൈ, ഫെതർഫ്രണ്ട് പി 8000 ബിഎംആർ, ഓഡി ഫ്രണ്ട്, ക്ലാസിക് ബിഎംആർ– സഫാരി ഫ്രണ്ട്, ഗ്രാൻഡ് ബിഎംആർ, സെഡ്‌വൺ, സെഡ് വൺ 2, മാക്സമ, ക്യാപ്പില, വേഗ തുടങ്ങി നിരവധി ഡിസൈനുകൾ. രണ്ടായിരം മുതലുള്ള ഈ കാലഘട്ടത്തിലാണ് ടൂറിസ്റ്റ് ബസ് ബോഡിയിൽ ഏറ്റവും അധികം പരീക്ഷണങ്ങളും മാറ്റങ്ങളും നടന്നിട്ടുള്ളത്. ഡ്രൈവർ സൈഡ് ഫുൾഡോറും എമർജൻസി എക്സിറ്റും ബസ് ബോഡി കോഡു വന്നതും ഈ കാലഘട്ടത്തിലാണ്. റീസെയിൽ വാല്യു, കാലികമായ ബോഡി ഡിസൈൻ, മാറ്റങ്ങൾ വരുത്താനും പണിയാനുമുള്ള എളുപ്പം എന്നിവയാണ് പ്രകാശിന്റെ ബോഡിയെ കേരളത്തിലെ നമ്പർ വണ്ണാക്കി മാറ്റിയത്.
∙ ആടാം പാടാം അടിച്ചു പൊളിക്കാം
യാത്രക്കാരെ ആകർഷിക്കാനായി എല്ലാക്കാലത്തും ടൂറിസ്റ്റ് ബസുകൾ ഇന്നവേറ്റീവായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ബസിൽ ടിവി ആദ്യമായി കൊണ്ടുവന്നതു ടൂറിസ്റ്റുബസുകളായിരുന്നു. പാട്ടിന് അനുസരിച്ച് കെടുകയും തെളിയുകയും ചെയ്യുന്ന ഡാൻസിങ് ലൈറ്റുകൾ, ഓരോ സീറ്റിന് മുകളിലും ഫാൻ, ലൈറ്റുകൾ തുടങ്ങി ലെസർ ലൈറ്റിലും ഡിജെ ലൈറ്റുകളിലും എത്തി നിൽക്കുന്നു ആ മാറ്റം. ബസിനു ചുറ്റുമുള്ള ലൈറ്റുകളും ഹെഡ്‌ലൈറ്റും ഫോഗ്‌ലൈറ്റുകളും മിന്നിച്ചുള്ള ബസുകളുടെ വരവിന് ഇന്നു മാത്രമല്ല പണ്ടുമുണ്ടായിരുന്നു ആരാധകർ.
സ്കൂൾ, കോളജ് ടൂറുകൾക്ക് മാത്രമല്ലല്ലോ ആളുകൾ കോൺട്രാക്റ്റ് കാര്യേജസിനെ വിളിക്കുന്നത്. കല്യാണങ്ങൾക്കും തീർഥയാത്രകൾക്കുമെല്ലാം ഈ ബസുകൾ ഉപയോഗിക്കാറുണ്ട്. ഓരോ യാത്രകൾക്കും ഓരോ തരത്തിലുള്ള പാട്ടുകളുടെ കലക്‌ഷൻ തന്നെയുണ്ട് എന്നാണ് ബസ് ഉടമകൾ പറയുന്നത്. യാത്ര തുടങ്ങുന്നത് ഭക്തി ഗാനത്തോടെ ആയിരിക്കും അതിന് ശേഷം ആദ്യത്തെ അരമണിക്കൂർ ഒരേ താളത്തിലുള്ള പാട്ടുകളായിരിക്കും പ്ലേ ചെയ്യുക. അതിനായി പാട്ടുകൾ തിരഞ്ഞെടുക്കാൻ പലപ്പോഴും ആദ്യം പാട്ടിട്ട് ഡാൻസ് കളിച്ചു നോക്കുക പോലും അക്കാലത്ത് ചെയ്യുമായിരുന്നുവെന്ന് പഴയകാല ബസ് ഉടമകൾ ഓർമിക്കുന്നു.
സ്കൂൾ, കോളജ് ട്രിപ്പുകളുടെ എനർജി ചോർന്ന് പോകാതിരിക്കാൻ അന്ന് പാട്ടുകൾക്ക് വലിയ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡിജെ എത്തിയതോടെ അടിച്ചുപൊളി പാട്ടുകൾ തിരഞ്ഞെടുക്കുക എളുപ്പമായി. അനിയത്തിപ്രാവും രാവണപ്രഭും തുടങ്ങി തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരങ്ങളുടെ ആദ്യവും ഇറങ്ങിയ നിരവധി സിനിമകൾ ടൂറിസ്റ്റു ബസുകളിൽ എവർഗ്രീൻ ഹിറ്റായി ഓടിയിട്ടുണ്ട്. അന്നൊക്കെ ഒരു ദിവസം രണ്ടും മൂന്നും സിനിമകൾ വരെ ഇടാറുണ്ടായിരുന്നു എന്നാണ് പഴയകാല ബസ് ഡ്രൈവർമാർ പറയുന്നത്. ബസ് ഉടമകളുടെ പക്കൽ സിനിമകളുടെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ യാത്രകൾക്ക് സിനിമകൾ ഒരു ഭാഗമേയല്ല. കയ്യിലെ മൊബൈലിൽ വരെ സിനിമയുള്ള കാലമല്ലേ!
∙ മറക്കില്ല, ഈ യാത്ര
ആദ്യകാലങ്ങളിൽ കേരളത്തിനുള്ളിൽ തന്നെയായിരുന്നു യാത്രയെങ്കിൽ പിന്നീട് മൈസൂർ, ഊട്ടി, ബെംഗളൂരു, കൊടൈക്കനാൽ, ഗോവ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളായി മാറി. രണ്ടു ദിവസം മുതൽ 5 ദിവസം വരെയും അതിൽ കൂടുതലുമുള്ള യാത്രകൾ ഇന്നുണ്ട്. ലോക്കേഷനുകളിൽ വലിയ മാറ്റമില്ലാത്തതുകൊണ്ടായിരിക്കണം ലേസർ ലൈറ്റ് പോലുള്ള വിദ്യകൾ കാണിച്ച് ടൂറിസ്റ്റ് ബസുകൾ ആളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. കൂടാതെ നേരത്തേ 50 ബസുകളും 100 ട്രിപ്പുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 100 ബസുകളും 50 ട്രിപ്പുകളുമാണുള്ളത്.
∙ ഡ്രൈവറാണ്, ഗൈഡാണ്, താരമാണ്
ഇന്നത്തെപ്പോലെ തന്നെ ഡ്രൈവർമാർ അന്നും ഹീറോകളാണ്. രാത്രി ഉറങ്ങാതെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തും തിരിച്ചും എത്തിക്കുന്നതിൽ നിർണായക പങ്കുണ്ട് അവർക്ക്. അതേസമയം പാട്ടുപാടിയും സ്റ്റിയറിങ്ങിൽ പിടിക്കാതെയും എണീറ്റുനിന്നുമൊക്കെ കൈവിട്ട കളി കളിക്കുന്ന ഡ്രൈവർമാർ എന്നും ഈ മേഖലയ്ക്കൊരു ശാപവും. പോകുന്ന സ്ഥലത്തെപ്പറ്റി കൃത്യമായ ധാരണയുള്ള ഡ്രൈവർമാർ ഗൈഡുകളെപ്പോലെയാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് ടൂർ ഓപ്പറേറ്റർമാർ എന്ന ഇടനിലക്കാരുണ്ടാകും കൂടെ. രാത്രിയിൽ ഉറക്കമില്ലാതെ, ഇടയ്ക്ക് മാത്രം വിശ്രമിച്ചുള്ള ഈ ജോലി ഏറെ ശ്രമകരമാണ്. കൂടാതെ സീസണുകളിൽ മാത്രമേ ജോലിയുണ്ടാകുകയുള്ളൂ എന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ട് മികച്ച, വിശ്വസ്തരായ ഡ്രൈവർമാരെ കിട്ടാൻ പ്രയാസമുണ്ടെന്നും ഉടമകൾ പറയുന്നു.
∙ ഗിമ്മിക്കുകളല്ല, സുരക്ഷയാണ് പ്രധാനം
കോട്ടയത്ത് കഴിഞ്ഞ 37 വർഷമായി ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ആളാണ് ബോസ് കെ.ഐ. ഒരിക്കലും അങ്ങോട്ട് ട്രിപ് തേടി പോകേണ്ടി വന്നിട്ടില്ല. ആളുകളെ ആകർഷിക്കാനുള്ള ഗിമ്മിക്കുകളല്ല, നമ്മൾ കൊടുക്കുന്ന സർവീസാണ് എപ്പോഴും മുന്നിട്ടു നിൽക്കേണ്ടത് എന്നാണ് ബോസിന്റെ പക്ഷം. അഞ്ചുദിവസത്തെ യാത്ര കഴിയുമ്പോൾ എല്ലാവരും ഒരു കുടുംബം പോലെയായി മാറും. ഇവരെയൊക്കെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ആദ്യ കാലങ്ങളിൽ എത്ര സിനിമയുണ്ട് എന്ന് ചോദിച്ചായിരുന്നു ആളുകൾ വന്നിരുന്നതെങ്കിൽ ഇന്ന് എത്ര സ്പീക്കറുണ്ട്, ഡിജെയുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഏറെ ബുദ്ധിമുട്ടുള്ള ജോലി തന്നെയാണിത്.
പണ്ട് ബസുകളിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സ്ഥലമുണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ ബസുകളിൽ അതില്ല. ഒരുപാട് ലൈറ്റുകളും വലിയ ശബ്ദവുമെല്ലാം എതിരെ വരുന്ന വാഹനങ്ങൾക്ക് മാത്രമല്ല ബസിന്റെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കും. ബസിന്റെ പിന്നിലോ സൈഡിലോ വല്ലതും വന്നിടിച്ചാലോ ആരെങ്കിലും ബസിൽനിന്ന് താഴെപ്പോയാലോ അറിയാൻ സാധിക്കണമെന്നില്ല. ഈ മേഖലയെ വെറും ബിസിനസായി മാത്രം കാണുന്ന കുറച്ച് ആളുകളാണ് ഇന്ന് കാണുന്ന ഈ അവസ്ഥയിലേക്ക് എത്തിച്ചത്. അതിൽ നിന്നൊരു മാറ്റം നല്ലതാണ്–ബോസ് പറയുന്നു.
∙ ഇന്ന് ലൈറ്റിങ്, സ്‌മോക്കിങ് മുതൽ ഡാൻസ് ഫ്ലോർ വരെ
കുട്ടികളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ലൈറ്റിങ്, സ്‌മോക്കിങ് തുടങ്ങിയവ ഘടിപ്പിക്കുന്നതെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇവയെല്ലാം പുതുതായി വാഹനത്തിൽ പിടിപ്പിക്കുന്നവയാണ്. ഇത് തീപിടിത്തത്തിനു വരെ കാരണമാകാം. ഇവയ്ക്കു പുറമേ ഡാൻസിങ് പ്ലാറ്റ്ഫോമുകൾ കൂടി ബസുകളിൽ ഉണ്ടെന്നാണ് വിവരം. ഇത്തരം മോടിപിടിപ്പിക്കൽ അപകടങ്ങൾ വിളിച്ചു വരുത്തും. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി പരിശോധനയ്ക്ക് ചെല്ലുമ്പോൾ വണ്ടികളെല്ലാം നിയമം പാലിക്കുന്ന ‘നല്ല കുട്ടികളാണ്’. സർട്ടിഫിക്കറ്റ് കിട്ടിക്കഴിയുമ്പോഴാണ് ഈ എക്സ്ട്രാ ഫിറ്റിങ്ങുകൾ ബസിൽ ഇടംപിടിക്കുക.
∙ ‘ചെപ്പടിവിദ്യകൾ ഒഴിവാക്കുന്നതാണ് നല്ലത്’
കഴിഞ്ഞ 55 വർഷമായി കോട്ടയത്ത് ടൂറിസ്റ്റ് ബസുകളുള്ള കമ്പനിയാണ് എക്സ്പോ. ആദ്യകാലം മുതൽ എക്സ്പോ ടൂറിസ്റ്റ് ബസ് മേഖലയിൽ സജീവമാണെന്നാണ് ഉടമ സുനിൽ കെ. ജോർജ് പറയുന്നു. കുടുംബ ബിസിനസ് ആയതുകൊണ്ടു മാത്രമാണ് ഈ മേഖലയിൽ എത്തിയത്. തുടക്കത്തിൽ വലിയ താൽപര്യമില്ലായിരുന്നെങ്കിലും സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതും കുട്ടികളുമായി യാത്രകൾ പോകുന്നതുമെല്ലാം വളരെ പെട്ടെന്നു തന്നെ ഹരമായി മാറി. നമ്മൾ മൂലം ആളുകൾ സന്തോഷിക്കുന്നത് കാണുമ്പോൾ ഏറെ സംതൃപ്തി ലഭിക്കുമെന്നാണ് സുനിലിന്റെ പക്ഷം.
വാഹനങ്ങളോടും യാത്രകളോടുമുള്ള താൽപര്യംകൊണ്ടു മാത്രമാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകളും വരുന്നത്. ആ താൽപര്യമില്ലെങ്കിൽ മുന്നോട്ടു പോകാനുമാകില്ല. കോൺട്രാക് കാര്യേജസ് ഇന്ന് ഏറെ മത്സരമുള്ള മേഖലയാണ്, അതിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണ് കൂടുതൽ ലൈറ്റുകളും വലിയ ശബ്ദമുള്ള സൗണ്ട് സിസ്റ്റവുമെല്ലാം വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. എന്നാൽ ഇത്തരം ചെപ്പടിവിദ്യകളിലേക്ക് പോകാതെ പോകുന്ന സ്ഥലങ്ങളിലും കാഴ്ചകളിലും പുതുമ കൊണ്ടുവരാനായാൽ ഈ രംഗത്ത് പിടിച്ചു നിൽക്കാനാകുമെന്നും സുനിൽ പറയുന്നു.
∙ ബസുകൾ ഓടുന്നു, സമൂഹ മാധ്യമത്തിലൂടെ...
പണ്ടുകാലത്ത് ടൂറിസ്റ്റ് ബസുകൾ സെന്റ് ജോർജും അലങ്കാറും സോനയും ഗംഗയുമൊക്കെയായിരുന്നെങ്കിൽ ഇന്ന് കൊമ്പനും അസുരനും ചെകുത്താനുമൊക്കെയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള മാറ്റം ബസുകളുടെ പേരിലും രൂപത്തിലും അലങ്കാരങ്ങളിലും വന്നത് എന്നാണ് പഴയകാല ബസ് ഉടമകൾ പറയുന്നത്. വെള്ള നിറമുള്ള ബസുകൾക്ക് ഓട്ടം വളരെ കുറവ്. കൂടുതൽ മികച്ച സൗണ്ട് സിസ്റ്റവും ഡിജെയും ലേസർ ലൈറ്റുള്ള വാഹനങ്ങൾ അന്വേഷിച്ച് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് കുട്ടികൾ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവർക്കുള്ള ആരാധക പിന്തുണയാണ് അതിന് സഹായിക്കുന്നത്.
ഒരു ടൂറിസ്റ്റ് ബസിൽ സാധാരണ മ്യൂസിക് സിസ്റ്റവും അനുബന്ധ ലൈറ്റുകളും സ്ഥാപിക്കാൻ ഒരു ലക്ഷം രൂപ മതിയാകും. എന്നാൽ ആ സ്ഥാനത്ത് 25 ലക്ഷം രൂപ മുടക്കി ടൂറിസ്റ്റ് ബസിൽ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച് നിരത്തിലിറക്കുന്നവരുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ടൂർ പോകാൻ ഈ ബസുകൾ മാത്രം മതി. അതുകൊണ്ടുതന്നെ ബസുകളുടെ ഒഴിവു സമയം നോക്കി മാത്രമാണ് വിദ്യാർഥികൾ ഇൻഡസ്ട്രിയൽ വിസിറ്റും വിനോദ യാത്രകളും നടത്തുന്നത്. ഇതിന്റെ അനന്തര ഫലം, ഒരു സാധാരണ ടൂറിസ്റ്റ് ബസ് ഉടമയ്ക്ക് ഓട്ടം ലഭിക്കുന്നില്ല എന്നതാണ്. പ്രാദേശികമായി ടൂറിസ്റ്റ് ബസ് ഓടിക്കുന്നവർ വെറുതെ കിടക്കുമ്പോൾ 200 കിലോമീറ്റർ വരെ ദൂരെനിന്ന് ബസ് ഓട്ടം വിളിച്ചാണ് വിദ്യാർഥികളുടെ യാത്ര! ആനയെക്കാണാൻ ആനപ്രേമികൾ കിലോമീറ്ററുകൾ താണ്ടിയെത്തുമ്പോൾ, ‘കൊമ്പന്മാരെ’ കാണാനും അതു സംഭവിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. പക്ഷേ ഒന്നോര്‍ക്കുക, ആനയായാലും ബസായാലും ‘മദമിളകിയാൽ’ നഷ്ടം നമുക്കുതന്നെയാണ്.
English Summary: The Good, Bad and Ugly; A Historic Ride on Kerala's Tourist Buses