വൈറലായ കള്ളൻ രാജീവനും ഡ്രൈവർ ജോമോനും; നിറം മാറിയാൽ ‘കളറാകുമോ’ യാത്ര?
Mail This Article
കള്ളൻ രാജീവൻ തുള്ളിച്ചാടി. ജോമോൻ ഡാൻസ് ചെയ്തു, കൂട്ടത്തിൽ ബസും ഓടിച്ചു. ‘ന്നാ താൻ കേസ് കൊട് ’ സിനിമയിലെ നായകനാണ് രാജീവൻ എന്ന കുഞ്ചാക്കോ ബോബൻ. വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവറാണ് ജോമോൻ. രാജീവനെയും ജോമോനെയും ‘എടുത്തുചാടിച്ച’ ആ ‘അന്തരീക്ഷത്തിൽ’ എത്തിയാലോ! ഡാൻസ് അറിയാത്തവർ പോലും ചുവടു വയ്ക്കും, പാട്ടറിയാത്തവർ കവിത ചൊല്ലും. ഇതാണ് ടൂറിസ്റ്റ് ബസുകളുടെ വമ്പിന്റെ രഹസ്യം. ആ രഹസ്യത്തിലാണ് സർക്കാർ വെള്ള പൂശിയത്. ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളർ കോഡ്. വെള്ളയും നീലയും. ഭാര്യ പോലും കള്ളനെന്നു വിളിച്ചപ്പോൾ രാജീവൻ ദുഃഖിതനായി അമ്പലപ്പറമ്പിൽ എത്തി. അവിടെ ‘ദേവദൂതർ പാടി’ എന്ന പാട്ടു തകർക്കുന്നു. നാട്ടുകാർ ഡാൻസ് ചെയ്യുന്നു. രാജീവനും ഡാൻസ് ചെയ്തു. സിനിമാ രംഗം വൈറൽ. അതു കണ്ട നാട്ടുകാരും ഡാൻസ് തുടങ്ങി. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ഡാൻസ് ചെയ്തു. ഒപ്പം ജോമോനും ഡാൻസ് ചെയ്തു. വടക്കഞ്ചേരി അപകടം കഴിഞ്ഞതോടെ ആ വിഡിയോയും വൈറൽ. അതോടെ അധികൃതർ ഉണർന്നു. യാത്രകൾ അടിപൊളിയാക്കുന്ന പിപ്പിടി വിദ്യകൾ ബസുകൾക്ക് പുറത്ത്. ഇനി ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറം. വെള്ളനിറം. യൂണിഫോം വിദ്യാർഥികളിൽ അച്ചടക്കം നൽകാനും സഹായിക്കും. യൂണിഫോം നിറം ടൂറിസ്റ്റ് ബസുകൾക്ക് അച്ചടക്കം നൽകുമോ? വാഹനങ്ങൾക്ക് നിറം വെറും കളറല്ല. യാത്ര മുതൽ വിൽപന വരെ ‘കളറാക്കുന്നത്’ ഈ നിറമല്ലേ. കാണാനുള്ള ഭംഗി, തിരിച്ചറിയാനുള്ള അടയാളം എന്നിവ മുതൽ ഇന്ധന ക്ഷമതയും വിൽപനയും വരെ വാഹനങ്ങളുടെ നിറത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.