ADVERTISEMENT

ടിടിഇ കൂടി നിർബന്ധിച്ചപ്പോൾ എനിക്കു മാറിയിരിക്കാതിരിക്കാൻ കഴി‍ഞ്ഞില്ല. നീല സ്കാർഫിട്ട് തല പാതി മൂടിയ ആ യുവതിയുടെ അരികെ ഞാനിരുന്നു. അവളുടെ ഭർത്താവ് എന്റെ സീറ്റിലേക്കും മാറി. ചൂടുകാലത്തെ തീവണ്ടിയാണ്. വൈറ്റ്ഫീൽഡ് കഴിഞ്ഞപ്പോൾ ഉച്ചവെയിൽ കംപാർട്ട്മെന്റിന്റെ ഉള്ളിലേക്കു കയറി വന്ന് യാത്രക്കാരുടെ നെറ്റിയിൽ തൊട്ട് പനി നോക്കാൻ തുടങ്ങി. പതിവായി കാണാറുള്ള പേരയ്ക്കാ കച്ചവടക്കാരനെ അന്നു കണ്ടില്ല. കഴിഞ്ഞ തവണ അയാളുടെ കുട്ടയിൽ നിന്ന് നന്നായി പഴുത്ത ഒരെണ്ണം തിരഞ്ഞെടുക്കാൻ ഞെക്കി ഞെക്കി നോക്കിയപ്പോൾ അയാൾ ചിരിച്ചുകൊണ്ട് ഹിന്ദിയിൽ പറഞ്ഞു... ‘ഇത്രയും മസാജ് ചെയ്യാൻ അതു നിങ്ങളുടെ കാമുകയുടെ കവിളൊന്നുമല്ല, സാബ് !’

ജനാലയ്ക്കരികിലെ സീറ്റായിരുന്നു എന്റേത്. എമർജൻസി വിൻഡോ എന്ന പേരിൽ വീണക്കമ്പികൾ റയിൽവേ തന്നെ അഴിച്ചു മാറ്റിയിരുന്നു.  തലപുറത്തേക്കിട്ട് ഛയ്യ, ഛയ്യ, ഛയ്യ എന്ന പാട്ട് പാടുകയായിരുന്നു ഞാൻ. ട്രെയിൻ യാത്രയും മണിരത്നവും നല്ല കോംബിനേഷനാണ്. വൈറ്റ്ഫീൽഡിൽ നിന്നാണ് ചെറുപ്പക്കാരനും കൂടെ ഒരു യുവതിയും കയറി വന്നത്. അവരുടെ സീറ്റ് അൽപം മുന്നിലായിരുന്നു, ശരിക്കു പറഞ്ഞാൽ വാതിലിനു തൊട്ടടുത്ത്. യുവതി മാത്രമേ അവിടെയിരുന്നുള്ളൂ. പെട്ടികളും കൂടെയിരുന്നു.  

വന്നപ്പോൾത്തന്നെ ആ ചെറുപ്പക്കാരൻ ടിടിഇയുടെ അടുത്തു പോകുന്നതും കുറെ നേരം സംസാരിക്കുന്നതും കണ്ടു. ഇതിനിടെ ടിടിഇ കംപാർട്ട്മെന്റിലൂടെ ഒന്നോ രണ്ടോ തവണ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും എന്നെ പ്രത്യേകമായി ഒന്നു കടാക്ഷിക്കുകയും ചെയ്തു.

അതിനു ശേഷമാണ് ചെറുപ്പക്കാരൻ എന്റെ അരികിൽ വന്നത്; എന്റെ സൈഡ് സീറ്റ് അയാൾക്കു വിട്ടുകൊടുക്കണം. എന്നിട്ട് അയാളുടെ കൂടെ വന്ന യുവതിയുടെ അടുത്തുള്ള സീറ്റിലേക്കു ഞാൻ മാറിയിരിക്കണം. അതാണാവശ്യം. നല്ല കൗതുകം തോന്നി. ഞാൻ ചോദിച്ചു: ‘അവർ നിങ്ങളുടെ ആരാ?’ അയാൾ പറഞ്ഞു: ‘ഭാര്യയാണ് !’ ട്രെയിനിൽ സീറ്റ് മാറുന്നത് പതിവാണ്. പക്ഷേ, ഭർത്താവിന് ഭാര്യയുടെ അടുത്തു നിന്ന് അകന്നിരിക്കാൻ സീറ്റ് മാറേണ്ടി വരുന്നത് ആദ്യമാണ്.

കഴിയില്ലെന്ന് ഞാൻ പറഞ്ഞതോടെ ടിടിഇയും വന്നു: ‘ഈ പാസഞ്ചർ യാത്രയ്ക്കിടെ ഛർദിക്കും. അപ്പോൾ വിൻഡോ സീറ്റ് ആയാൽ മറ്റു യാത്രക്കാർക്കും സേഫ്’: അതായിരുന്നു ടിടിയുടെ നിലപാട്. ഛർദി എന്നു പറഞ്ഞത് ആ ചെറുപ്പക്കാരനു ദഹിച്ചില്ലെന്ന് തോന്നി. ട്രെയിൻ യാത്രയിൽ ആരും ഛർദിക്കാറില്ലല്ലോ എന്ന സംശയത്തോടെ അയാൾ നോക്കിയപ്പോൾ 

ടിടിഇ ഉറപ്പിച്ചു: ‘ഛർദിക്കും, എനിക്ക് ഉറപ്പാണ്.’ അതോടെ അയാളും സ്വന്തം സംശയം വിഴുങ്ങി. അങ്ങനെ ഞാൻ സീറ്റു മാറി. അയാളുടെ ഭാര്യയുടെ അരികിലിരുന്നു. ആ യുവതി എന്നെ നോക്കി ഒന്നു മൃദുവായി പുഞ്ചിരിച്ചു. അവരും അറിഞ്ഞു കൊണ്ടായിരുന്നോ ആ സീറ്റു നാടകം! യുവതിയാണ് ആദ്യം പേരു പറഞ്ഞത്; ‘അനുഷ്ക.’ ഞാൻ പറഞ്ഞു.. ‘രാഹുൽ.’ കണ്ണുകൾ വിടർത്തി അവർ എന്റെ നേരെ കൈ നീട്ടി... ‘സർപ്രൈസായല്ലോ. എന്റെ ഹസ്ബന്റിന്റെ പേരും രാഹുൽ എന്നു തന്നെ. നിങ്ങളുടെ ഭാര്യയുടെ പേര് ഇനി അനുഷ്ക എന്നു കൂടിയാണെങ്കിൽ ഗംഭീരമായേനെ!’

‘ഞാൻ മാരീഡല്ല.’‘എനിക്കും തോന്നി. വിവാഹം കഴിച്ചവർ ഇത്ര പെട്ടെന്ന് സീറ്റ് മാറിത്തരാറില്ല.’ ഭർത്താവുമായി വഴക്കാണോ എന്നായിരുന്നു എന്റെ സംശയം. അവർ ചിരിച്ചു: ‘ഒട്ടുമല്ല, ഞങ്ങൾ നല്ല സ്നേഹത്തിലാണ്. വിവാഹം കഴി‍ഞ്ഞിട്ട് രണ്ടുമാസമായതേയുള്ളൂ. ട്രെയിനിൽ തനിയെ യാത്ര ചെയ്യാൻ എനിക്കു പറ്റുമോ,  പരിചയമില്ലാത്ത ഒരാളോട് ഞാൻ എങ്ങനെ പെരുമാറും എന്നൊക്കെ അവന് സംശയം. പറ്റില്ലെന്നാണ് അവന്റെ വിചാരം. ഞങ്ങളു തമ്മിൽ ബെറ്റു വച്ചതാ.’

‘അയാളെന്താ ധ്യാൻ ശ്രീനിവാസനാണോ, ഇങ്ങനെയൊക്കെ പെരുമാറാൻ?!’ ‘നല്ല ഒബ്സർവേഷൻ. ചിലപ്പോൾ എനിക്കും അങ്ങനെ തോന്നാറുണ്ട്’ എന്നു പറഞ്ഞ് അവർ പെട്ടിയിൽ നിന്ന് ഒരു പൊതിയെടുത്ത് എന്റെ നേരെ നീട്ടി: ‘പുനെയിൽ നിന്നുള്ള ഫ്രഷ് ഓറഞ്ചാണ് !’ ഞാൻ സ്നേഹപൂർവം നിരസിച്ചപ്പോൾ അവർ പറഞ്ഞു.. ‘ചേട്ടനെന്താ വിനീത് ശ്രീനിവാസനാണോ, ഇങ്ങനെ ഭരണഘടന അനുസരിച്ച് പെരുമാറാൻ!? എടുത്തോളൂ.’ഞാനെടുത്തു. എന്റെ കൈയിൽ നിന്നു തന്നെ നാലോ അഞ്ചോ അല്ലികൾ അവരും. 

‘നിങ്ങളുടെ ഭർത്താവ് രാഹുലിന് എന്താണ് ജോലി?’‘ട്രാവലറും വ്ളോഗറുമാണ്. യുട്യൂബിൽ നല്ല ഫോളോവേഴ്സുണ്ട്. സിനിമയാണ് ആഗ്രഹം. ഞാൻ ഐടിയാണ്.’ പിരിമുറുക്കം മെല്ലെ അയഞ്ഞു.  മമ്മൂട്ടിയുടെ മേക്കോവറിനെപ്പറ്റിയായി പിന്നെ സംസാരം, ഭ്രമയുഗം, കാതൽ, ലിജോ ജോസ് പെല്ലിശ്ശേരി ഇങ്ങനെ... വിഷയങ്ങൾ പലതായി.  സ്റ്റേഷനുകൾ ഓടി വന്നു മ​ഞ്ഞളിച്ച മുഖംകാട്ടി പിന്നോട്ടോടി. 

എനിക്ക് ഇറങ്ങാൻ നേരമാകുന്നു. അനുഷ്കയുടെ ഭർത്താവ് രാഹുലിനെ ഒന്നു പരിചയപ്പെടണമെന്ന് തോന്നി. അടുത്ത സീറ്റിൽ ചെന്നിരുന്ന് ‍ഞാൻ അയാളോടു ചോദിച്ചു: ‘രാഹുൽ, നിങ്ങളുടെ രീതികൾ വളരെ സ്ട്രേഞ്ചായി തോന്നി. സത്യത്തിൽ നിങ്ങളെന്തിനാ ഇങ്ങനെ ചെയ്തത്?’

അയാൾ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു... ‘അനുഷ്ക രണ്ടു തവണ മെസേജ് അയച്ചു; ഇന്ന് അവൾ വളരെ കംഫർടബിളാണെന്ന്. താങ്ക്യു, നിങ്ങളുടെ സഹായത്തിന്. അന്ന് ഗോവിന്ദച്ചാമി യാത്ര ചെയ്ത ആ ട്രെയിനിൽ അനുഷ്കയുമുണ്ടായിരുന്നു. അതിനുശേഷം അവൾക്ക് ട്രെയിൻ യാത്രകൾ പേടിയായി മാറി. അപരിചിതർ അടുത്തു വന്നിരുന്നാൽ ഭയങ്കര ടെൻഷനൊക്കെ. ആ പ്രശ്നം പതുക്കെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അവളും ഞാനും ഞങ്ങളുടെ ഫ്രണ്ടായ ഡോക്ടറും.’ 

‘എന്തു കൊണ്ട് എന്റെ സീറ്റു തന്നെ സെലക്ട് ചെയ്തു?’‘ആ ടിടിഇ നിങ്ങളുടെ പേരാണ് പറഞ്ഞത് !’ വാതിലിനരികിലെ വാഷ്ബേസിനു മുകളിലെ മുഖം വാടിയ കണ്ണാടിയിൽ ഞാൻ നോക്കി; എനിക്ക് എന്നെപ്പറ്റി നല്ല സന്തോഷം തോന്നി !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com