ADVERTISEMENT

ഒരു തുക ശൊല്ലട്ടുമാ? കാറിനു പുറത്തു നിന്ന് ഒരു ചോദ്യം. നന്ദൻ നീലകണ്ഠൻ ഡ്രൈവിങ് സീറ്റിന്റെ ചില്ലു താഴ്ത്തി. തൊട്ടപ്പുറം നിൽക്കുകയാണ് ഒരു തടിയൻ. നല്ല ഉയരമുള്ളതിനാൽ അയാളുടെ നെഞ്ച് മാത്രമാണ് കാറിലിരുന്നു നോക്കിയാൽ കാണാൻ പറ്റുന്നത്. കഴുത്തു മുതലുള്ള ഭാഗം കാറിനും മുകളിൽ അപാരതയിലേക്ക് ഉയർന്നു നിൽക്കുകയാണ്. ഡോർ തുറക്കാനോ പുറത്തിറങ്ങാനോ നന്ദൻ നീലകണ്ഠനു കഴിയില്ല.  ബേക്കറിയലമാരയിലെ ട്രേയിൽ വെജിറ്റബ്‍ൾ പഫ്സ് നിരത്തി വച്ചിരിക്കുന്നതുപോലെ ഇടത്തും വലത്തും മുന്നിലും പിന്നിലുമെല്ലാം നിരനിരയായി ചെറുവാഹനങ്ങൾ!

എറണാകുളം ബൈപാസിൽ ലുലുവിന്റെ മുന്നിലേക്കുള്ള  ജംക്‌ഷനിലെ സിഗ്നലിൽ‌ പതിവായുള്ള ട്രാഫിക് ബ്ളോക്കിൽ കിടക്കുകയായിരുന്നു നന്ദന്റെ കാർ. ഭാര്യ അശ്വതി നീലകണ്ഠൻ, മകൾ ശ്വേത നന്ദ് എന്നിവരും കാറിലുണ്ട്. നല്ല ബ്ളോക്ക്, പെരുമഴ, തണുപ്പിന്റെ പുതപ്പ്, ആകെ മടുപ്പ്. കാറിലെ പാട്ടുപെട്ടിയിൽ രാഗം അയഞ്ഞ ചാരുകേശി. വൃദ്ധനായ പരിചാരകൻ മുറ്റമടിക്കുന്നതുപോലെ മുടന്തിയും വിറച്ചും വൈപ്പർ കാറിന്റെ കണ്ണീർ തുടച്ചു കൊണ്ടിരിക്കെ മഴ കൂടുതൽ ഉറക്കെ കരയാൻ തുടങ്ങി. പെട്ടെന്നാണ് പിന്നിൽ നിന്നൊരു വണ്ടി നന്ദന്റെ കാറിന്റെ പിന്നിൽ വന്നിടിച്ചത്. ക്രിസ്മസും ന്യൂഇയറും കഴിഞ്ഞ് കുറെനാൾ കഴിഞ്ഞ് ശാന്തമായ രാത്രിയിൽ  തനിയെ കിടന്നുറങ്ങിയ ഒരു പടക്കം ഞെട്ടിയുണർന്നു പൊട്ടുന്നതുപോലെ ഠേ എന്നൊരു ശബ്ദം.

മകൾ വിളിച്ചു പറഞ്ഞു... അച്ഛാ, നമ്മുടെ കാറിൽ ഇടിച്ചു. പിന്നിലുള്ളതൊരു ജീപ്പാണ്. ഇടി കഴിഞ്ഞയുടനെ ആരും കാണാതെ റിവേഴ്സ് എടുത്ത് മര്യാദക്കാരനായി പഴയ സ്ഥാനത്തു പോയി നിൽക്കുകയാണ് ആ വണ്ടി. മകൾ പറയുന്നു... ബമ്പർ പൊളിഞ്ഞു തൂങ്ങിയെന്നു തോന്നുന്നു. ഇറങ്ങി നോക്കാനും പറ്റുന്നില്ലല്ലോ. ഭാര്യയുടെ സങ്കടം... രാവിലെ ഇറങ്ങിയപ്പോഴേ തോന്നിയതാ എന്തെങ്കിലും കുഴപ്പം പറ്റുമെന്ന്. മകൾ കാറിലിരുന്ന് പിന്നിലെ ജീപ്പിന്റെ വിഡിയോ എടുത്തതോടെയാണ് ആ തടിയൻ ജീപ്പിൽ നിന്ന് ഇറങ്ങി നന്ദൻ നീലകണ്ഠന്റെ കാറിനരികിലേക്കു വന്നത്. നന്ദൻ പറഞ്ഞു... കാറിന്റെ ഡാമേജ് എത്രയാണെന്നു പോലും നോക്കാൻ പറ്റിയിട്ടില്ല.  കേസില്ലാതെ സെറ്റിൽ ചെയ്യുന്ന കാര്യം ആലോചിച്ചേ പറയാൻ പറ്റൂ. 

അയാൾ ഒരു ജിറാഫിനെപ്പോലെ മുഖം മുന്നിലെ ചില്ലിനരികിലേക്ക് വളച്ചു കൊണ്ടു വന്നു. കാറിനുള്ളിൽ റിയർവ്യൂ മിററിനു താലിയായി തൂക്കിയിട്ടിരുന്ന പച്ച മുന്തിരിക്കുല ആ തടിയൻ കടിച്ചു പറിച്ചേക്കുമെന്ന് നന്ദന്റെ ഭാര്യയ്ക്കു സംശയം തോന്നി. അത്ര കൊതിയോടെയാണ് ഉള്ളിലേക്കുള്ള നോട്ടം.

അയാൾ പറഞ്ഞു... ഡാമേജ്ക്ക് അല്ലൈ. കാറ്ക്ക് എത്ര പണം വേണം? ആറു ലക്ഷമാ, അതോ ഏഴാ? ശൊല്ലുങ്കോ. നന്ദന് ദേഷ്യം വന്നു... കാറിൽ വന്ന് ഇടിച്ചിട്ട് മര്യാദകെട്ട വർത്തമാനം പറയുന്നോ? 

അയാൾ കാര്യം വിശദീകരിച്ചു.  പിന്നിലെ ജീപ്പിൽ ഇരിക്കുന്നത് മുതലാളിയാണ്. ന്യൂയോർക്കിൽ നിന്ന് ഇന്നലെ വന്നതേയുള്ളൂ. കുറെ നേരം ബ്ളോക്കിൽ കിടന്നപ്പോൾ യാത്രാക്ഷീണം മൂലം ഉറങ്ങിപ്പോയി. അതോടെ ബ്രേക്കിൽ വച്ചിരുന്ന കാലു നീങ്ങി. വണ്ടി മുന്നോട്ട് ഉരുളുന്നത് മനസ്സിലായപ്പോൾ  പെട്ടെന്ന് ചവിട്ടിയത് ആക്സിലറേറ്ററിൽ.  2200 സിസി 330 എൻഎം ടോർക്ക് പവറുള്ള ജീപ്പ് കുതിര മാതിരി എടുത്തു ചാടി നന്ദന്റെ കാറിൽ ഇടിച്ചു. പ്രശ്നം സെറ്റിൽ ചെയ്യാൻ മുതലാളി ബോഡി ഗാർഡിനെ പറഞ്ഞു വിട്ടതാണ്. 

തിരക്കുള്ള ബസിൽ ഒരു വ‍ൃത്തികെട്ട മധ്യവയസ്കൻ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചന്തിയിൽ പിടിച്ചിട്ട് ന്യായം പറയുന്നതുപോലെയാണ് ഇയാളുടെയും പെരുമാറ്റമെന്ന് നന്ദന്റെ മകൾക്കു തോന്നി. അവൾ പറഞ്ഞു, ഷിറ്റ് !

മുതലാളിയെപ്പറ്റി ഗുണ്ട വിവരിക്കാൻ തുടങ്ങി.  പെരിയ സിനിമാ പ്രൊഡ്യൂസർ. പഴം, പച്ചക്കറി, കോഴി മുട്ടൈ, ബിരിയാണി എല്ലാ ബിസിനസുമുണ്ട്. പെരിയ തമിഴ് സൂപ്പർ സ്റ്റാഴ്സൊക്കെ ഇവരോട ഫ്രണ്ട്സ്.  മുതലാളി യാത്ര ചെയ്തിരുന്നത് ബിഎംഡബ്ല്യുവിലാണ്. വൈറ്റില കഴിഞ്ഞപ്പോൾ വെറുതെ ഒരു ത്രില്ലിന് ബോഡി ഗാർഡ്സ് സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിച്ചു നോക്കിയതാണ്. 

നന്ദൻ ചോദിച്ചു... നിന്റെ മുതലാളിയെന്താ ഇറങ്ങി വരാത്തത്? അയാൾ ആരോടും സംസാരിക്കില്ലേ? ഊമയാണോ?

മുതലാളി തുല്യന്മാരോടേ സംസാരിക്കൂ.  കേടു വരുത്തിയ കാർ വാങ്ങാൻ അദ്ദേഹം തയാറാണ്. അതാണ് ശീലം. നിങ്ങൾക്കു വില പറയാം, പക്ഷേ ഒരു രൂപ കുറച്ചേ മുതലാളി തരൂ.  പണം ചോദിക്കുന്നത്ര തരില്ല, അടി ചോദിക്കുന്നതിൽ കൂടുതൽ തരും. അതാണ്  സ്റ്റൈൽ. ട്രാഫിക് മരത്തിൽ പച്ച തെളിഞ്ഞു.  ബ്ളോക്ക് അഴിയുന്നു. അണ തുറന്നു വിട്ടതുപോലെ വണ്ടികൾ ഒഴുകാൻ തുടങ്ങി. പിന്നിലെ കാറുകളുടെ അക്ഷമ ഹോണുകളായി ഉയരാൻ തുടങ്ങുന്നു.  ഒരു ബിഎംഡബ്ളിയു വെട്ടിത്തിരിച്ച് കയറി മുന്നോട്ട് ഓടുന്നത് കണ്ട് ബഹുമാനത്തോടെ അയാൾ പറഞ്ഞു... ആ പോയതാണ് മുതലാളി. മകൾ നന്ദനോടു പറ‍ഞ്ഞു... അച്ഛാ, ഇയാളെ വിട്ടേക്കൂ. നമ്മൾക്ക് ആ ബിഎംഡബ്ളുവിനെ ഫോളോ ചെയ്യാം. 

ഗുണ്ട പെട്ടെന്ന് നന്ദന്റെ കാറിനു മുന്നിലേക്കു കയറി നിന്നു... അതു നടക്കില്ല.  മുതലാളി ഇതുവരെ 14 അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്.  അതിൽ കാറു മാത്രമല്ല, കുതിര വണ്ടിയും സൈക്കിളും ലോറിയും ടൂറിസ്റ്റ് ബസുമൊക്കെയുണ്ട്.  ആ വണ്ടികളെല്ലാം മുതലാളി തന്നെ വാങ്ങി. ഒരു ആക്സിഡന്റ് സ്പോട്ടിലും മുതലാളി നേരിട്ടു പോയിട്ടില്ല.  നന്ദൻ കാർ മുന്നോട്ടു കുതിപ്പിച്ചു. തൊട്ടുപിന്നാലെ ഗുണ്ടകളുടെ ജീപ്പ്. ബിഎംഡബ്ളിയു അപ്പുറം കടന്നപ്പോഴേക്കും ലുലു ജംൿഷനിലെ സിഗ്നലിൽ വീണ്ടും ചുവപ്പ് കത്തി. നന്ദന്റെ കാറും ഗുണ്ടകളുടെ ജീപ്പും മുന്നിലും പിന്നിലുമായി വീണ്ടും സിഗ്നലിനു മുന്നിൽ ! 

മകൾ പറഞ്ഞു... ആ കാറിൽ ഒരു സ്ത്രീയായിരുന്നു.  ഞാൻ ശരിക്കും കണ്ടതാണ്. അവരാണോ ഇയാൾ പറയുന്ന മുതലാളി? ആ വണ്ടി മിസ്സായല്ലോ. ഇനി എങ്ങനെ കണ്ടുപിടിക്കും !

പിന്നിലെ ജീപ്പിൽ നിന്ന് പഴയ ഗുണ്ട വീണ്ടും ഇറങ്ങി വരുന്നത് നന്ദനും കുടുംബവും കണ്ടു !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com