വിവാഹം കഴിക്കാനാണ് തോന്നുന്നത്! അപകടത്തിൽപ്പെട്ട് മരിക്കാറായി കിടക്കുന്ന ആ ചെറുപ്പക്കാരനെ
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് !
കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ കൈനീട്ടി അവളുടെ കാൽവിരലുകളെയൊന്നു തൊട്ടു! അവൾ പറഞ്ഞു... എന്റെ കാലുകൾ ഞാൻ കാണുന്ന ആംഗിളിലല്ല നീ കാണുന്നത് ! അതാണ് ഈ രോഗത്തിന്റെ പ്രശ്നം !
അയാൾ ചിരിച്ചു... വാഹനം ഓട്ടമാറ്റിക്കായതോടെ എന്തു സ്വാതന്ത്ര്യമാണ് ! വികാരങ്ങളും റിയാക്ഷനുകളും ഓട്ടമാറ്റിക്കായി പുറത്തു ചാടുന്നു ! രണ്ടു പ്രണയികൾ രണ്ടാം ശനിയാഴ്ച രാവിലെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. റോഡിനോടോ മറ്റു വാഹനങ്ങളോടോ തീരെ പ്രണയമില്ലാത്ത കുറെപ്പേർ വഴിയിലൂടെ തലങ്ങും ഓടിച്ചും മറികടന്നും വാശി തീർത്തും എങ്ങോട്ടൊക്കെയോ പായുന്നുണ്ടായിരുന്നു.
റോഡിലെ ട്രാഫിക്കിന്റെ ശബ്ദം പല്ലുപോയ ഒരു പിയാനോയിൽ നിന്നുയരുന്ന വിരസമായ സംഗീതം പോലെ മന്ദഹാസിനു തോന്നി. ചില നേരങ്ങളിൽ മെല്ലെയോടിക്കാനും റോഡുകളിൽ അവസരം വേണം.
മധുരിമ പറഞ്ഞു... അച്ഛന്റെ മടിയിൽ ഇരിക്കുമ്പോൾ കുഞ്ഞിക്കാലുയർത്തി സ്റ്റിയറിങ്ങിൽ ചവിട്ടാൻ നോക്കിയതിന് അച്ഛൻ എന്നെ അടിച്ചിട്ടുണ്ട്, പണ്ട്. അവൻ പറഞ്ഞു... എന്റെ അച്ഛൻ പ്രൈവറ്റ് ബസിന്റെ ഡ്രൈവറായിരുന്നു. ബസിൽ ഡ്രൈവിങ് സീറ്റിന്റെ പിന്നിൽ പിടിച്ചുകൊണ്ട് നിന്നായിരുന്നു എന്റെ യാത്രകളെല്ലാം. മുന്നിലുള്ള വണ്ടികളോട് ഒട്ടിച്ചു ചേർത്ത് ബസ് നിർത്തുമായിരുന്നു അച്ഛൻ. ഇടിക്കുമെന്നു തോന്നും. ബസിന്റെ ചില്ലിനോടു ചേർന്നു നിന്ന് താഴേക്ക് നോക്കാൻ നല്ല രസമാണ്.
പെട്ടെന്ന് റോഡിലൊരു ബഹളം. കുറെയാളുകൾ റോഡിൽ നിറഞ്ഞ് നിൽക്കുന്നു. മന്ദഹാസിന്റെ സഡൻ ബ്രേക്കിൽ കാർ ഉലഞ്ഞു നിന്നു. കരുത്തനായ ഒരു സുരക്ഷാപുരുഷന്റെ കൈവലയത്തിലെന്നപോലെ മധുരിമ സീറ്റ്ബെൽറ്റിനുള്ളിൽ അമർന്നു.
ആളുകൾ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആക്സിഡന്റാണ്.
തീരെ സമർഥനല്ലാത്ത ഒരു മെക്കാനിക്ക് വാരി വലിച്ച് അഴിച്ചിട്ടതുപോലെ ഒരു ബൈക്ക് പല കഷണങ്ങളായി റോഡിൽ ചിതറിക്കിടക്കുന്നു. അവയിലെ ഓരോ കഷണങ്ങളും ഒരേ ചോര കൊണ്ട് ഉടമസ്ഥനെ അടയാളപ്പെടുത്തിയിരുന്നു. ദേഹമാസകലം മുറിവേറ്റ ഒരു ചെറുപ്പക്കാരനെ കുറെയാളുകൾ ചേർന്ന് റോഡരികിൽ എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു. ദൂരേക്കു തെറിച്ചു പോയ അയാളുടെ ഹെൽമറ്റ് കിരീടം നഷ്ടപ്പെട്ട രാജകുമാരനെ ഓർമിപ്പിച്ചു. ഏതെങ്കിലും വാഹനം നിർത്തിക്കാനായി കൈനീട്ടുന്ന ആളുകൾക്കിടയിലൂടെ മന്ദഹാസ് കാർ വെട്ടിച്ച് ഒരുവിധം അപ്പുറം കടന്നു. ടോൾ ബൂത്തിലെ ബൂംബാരിയറുകൾ ഇടയിലൂടെ സമർഥമായി വണ്ടി ഓടിച്ചു പുറത്തു വരുന്നതു പോലെ.
അപകടത്തെത്തുടർന്ന് റോഡ് ബ്ളോക്കായതോടെ വാഹനങ്ങളൊഴിഞ്ഞ് ശൂന്യമായ റോഡിലൂടെ ഒരു ഭീരുവിനെപ്പോലെ പായുകയായിരുന്നു മന്ദഹാസിന്റെ കാർ.
ഒരു റെസ്റ്ററന്റ് കണ്ടതോടെ അയാൾ പറഞ്ഞു.. ഒരു ചായ കുടിക്കണം.
മധുരിമയ്ക്കും തോന്നിയിരുന്നു കാർ അൽപനേരം നിർത്തിയിരുന്നെങ്കിലെന്ന്.
ഹോട്ടലിലെ ഫാമിലി എന്നെഴുതിയ മുറിയിൽ അച്ഛനും അമ്മയും രണ്ടു മക്കളും അൽപം മുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളെയെന്ന പോലെ സ്വന്തം ഫോണുകളെ പരിപാലിച്ച് ഇരിക്കുന്നുണ്ടായിരുന്നു.
മധുരിമയും മന്ദഹാസും ഓർഡർ ചെയ്ത ഭക്ഷണം വേഗം കിട്ടി. ചൂടുമസാല ദോശയുടെ ഉടൽ കീറിയപ്പോൾ പുറത്തു വന്ന ചൂവന്ന ബീറ്റ് റൂട്ട് കഷണങ്ങൾ കണ്ട് മധുരിമ പറഞ്ഞു: എനിക്കു വേണ്ട. നീ ഇതു കൂടി കഴിച്ചോളൂ.
അവൾ തന്നെയാണ് മസാല ദോശ ഓർഡർ ചെയ്തത്. എന്നിട്ടിപ്പോൾ വേണ്ടെന്നു പറയുന്നതെന്തെന്ന് അയാൾക്ക് മനസ്സിലായില്ല. അവൾ വിശദീകരിച്ചു... എനിക്കു നല്ല തലവേദന
സാധാരണ പീരീഡ്സിന്റെ തലവേദനയുള്ളപ്പോളാണ് അവൾ ഇങ്ങനെ പെരുമാറാറുള്ളത്. ഇന്ന് അവൾക്കു ദേഷ്യം വരാനുണ്ടായ കാരണം അയാൾക്കു മനസ്സിലായില്ല.
അവൾ പറഞ്ഞു.. അത്രയും ആളുകൾ കൈനീട്ടിയിട്ടും നീ കാർ നിർത്താതിരുന്നത് ശരിയായില്ല.
അവൻ ഡിഫെൻസിലായി... അന്നേരം എന്താ നീ മിണ്ടാതിരുന്നത്?
ഞാൻ കണ്ണടച്ച് ഇരിക്കുകയായിരുന്നു. ചോരയൊലിക്കുന്ന ആ മനുഷ്യന്റെ മുഖം കാണാൻ എനിക്കു ധൈര്യം വന്നില്ല.
അയാളെ നിനക്ക് അറിയുമോ? അറിയും. നിന്നെപ്പോലെ ഒരു ജീവനാണ്. ഇത്തരം സാഹചര്യങ്ങളിൽ അത്രയും തിരിച്ചറിവുകൾ തന്നെ ധാരാളം. എന്നിട്ടും നീയൊന്നും മിണ്ടിയില്ല. നിനക്കും നിർബന്ധിക്കാമായിരുന്നു...ഞാൻ മിണ്ടിയിരുന്നെങ്കിൽ നിന്റെ റിയാക്ഷൻ കൂടുതൽ മോശമായേനെ. എങ്കിൽ ഇപ്പോൾ തോന്നുന്നതിനെക്കാൾ ദേഷ്യവും വെറുപ്പും എനിക്കു നിന്നോടു തോന്നുമായിരുന്നു. അത് ഒഴിവായി. അത്രയും നല്ലത്. മന്ദഹാസ് ഒന്നും മിണ്ടിയില്ല. അവനും ചെറുതായി കുറ്റബോധം തോന്നാൻ തുടങ്ങി. അവൻ പറഞ്ഞു... നീ ഇങ്ങനെ നെർവസ് ആകേണ്ട ആവശ്യമില്ല. വേറെയും കുറെ ആളുകൾ അവിടെയുണ്ടായിരുന്നല്ലോ. അവർക്കും നമ്മളെപ്പോലെ ഉത്തരവാദിത്തമുണ്ട്. ഇല്ലേ..?
നിനക്ക് ഇവിടെ നിന്ന് ഇറങ്ങിപ്പോകാമോ? എനിക്ക് ഇപ്പോൾ ആ ചെറുപ്പക്കാരനെ വിവാഹം കഴിക്കാനാണ് തോന്നുന്നത്. അപകടത്തിൽപ്പെട്ട് മരിക്കാറായി കിടക്കുന്ന ആ മനുഷ്യനെ.
പിന്നെ അവർ രണ്ടാളും ഒന്നും കഴിക്കാതെ ബില്ലു കൊടുത്ത് എഴുന്നേറ്റു. പ്ളേറ്റിൽ ബാക്കിയിരുന്ന ഭക്ഷണം കണ്ട് വെയ്റ്റർക്കു തോന്നിയ ദഹനക്കേട് വലിയൊരു തുക ടിപ്പ് കൊടുത്ത് അവൻ പരിഹരിച്ചു.
ധാരാളം വെള്ളം ഒഴിച്ച് കഴുകിയിട്ടും മുഖം തുടയ്ക്കാതെ നനഞ്ഞ കണ്ണുകളോടെ മധുരിമ കാറിൽക്കയറിയിരുന്നു. മന്ദഹാസ് മെല്ലെ കാറോടിക്കാൻ തുടങ്ങി. പിന്നിൽ നിന്ന് ഒരു ആംബുലൻസ് വന്ന് ജീവൻ, ജീവൻ, ജീവനെന്നു നിലവിളിച്ച് അവരെ കടന്ന് മുന്നോട്ട് ഓടി മറയുന്നത് നീർതുളുമ്പി കാഴ്ച മങ്ങിയ കണ്ണുകളാൽ അവൾ നോക്കിയിരുന്നു.