‌കേരളത്തിൽ വിമാനാപകടം നടന്നാൽ

തീ കെടുത്താനായി ട്രക്കിന്റെ ബംപറിൽനിന്നും ബോഡിയിൽനിന്നും ഒരേസമയം വെള്ളവും ഫോമും ഡ്രൈ കെമിക്കൽ പൗഡറും അപ്ലൈ ചെയ്യാനാകുന്ന അത്യാധുനിക ക്രാഷ് ഫയർ ട്രക്കുകൾ (സിഎഫ്ടി). ചിത്രങ്ങൾ: റോബർട്ട് വിനോദ്

ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ദുബായ് വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നു ലോകം കരകയറിയിട്ടില്ല. അപകടത്തിൽപ്പെട്ടത് ബോയിങ് 777-300 വിമാനമാണ്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് അപ്ലൈ ചെയ്യുന്ന ലാൻഡിങ് ഗിയറിന്റെ തകരാറാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

ലാൻഡിങ് ഗിയർ താഴേക്കു വരാതിരുന്നതോടെ ബോഡി നിലത്തുരച്ചു ക്രാഷ് ലാൻഡിങ് നടത്തേണ്ടിവന്നു. ശക്തമായ ഉലച്ചിലിൽ ചിറകിനോടു ചേർന്നുള്ള ഇന്ധന ടാങ്കിനു തീപിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഗ്നിശമന സേനാംഗം മരിച്ചെങ്കിലും മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി വിമാനക്കമ്പനി ജീവനക്കാരും വിമാനത്താവള അധികൃതരും കയ്യടി നേടി. എങ്കിലും ഏതു വിമാനത്താവളത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തസാധ്യത എല്ലാവരും മുന്നിൽക്കാണുന്നു.

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ കൊച്ചി രാജ്യാന്തര വിമാനത്താവളം ഇത്തരമൊരു അപകടം നേരിടാൻ സജ്ജമാണോ എന്ന ചോദ്യമുയരുക സ്വാഭാവികം.ആശങ്കപ്പെടേണ്ടതില്ലെന്ന ആശ്വാസകരമായ ഉത്തരമാണു സിയാൽ അധികൃതർ നൽകുന്നത്. അറിഞ്ഞിടത്തോളം കൊച്ചി സജ്ജമാണ്.

ക്രാഷ് ഫയർ ട്രക്ക്

രാജ്യാന്തര വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച അവസാന വാക്കാണ് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ. രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ഇവർ നിഷ്കർഷിക്കുന്ന സുരക്ഷാ നിലവാരമുണ്ടായേ പറ്റൂ. യാത്രക്കാരും ജീവനക്കാരും മാത്രം ഉൾപ്പെടുന്ന വിമാനഭാഗമാണു ഫ്യൂസലേജ്. ഫ്യൂസലേജിന്റെ നീളവും വീതിയും അടിസ്ഥാനപ്പെടുത്തി പത്തു വിഭാഗങ്ങളാക്കി വിമാനങ്ങളുടെ സുരക്ഷ തരംതിരിച്ചിട്ടുണ്ട്. ഇതിൽ കാറ്റഗറി ഒൻപതു വരെയുള്ള വിമാനങ്ങളാണു കൊച്ചിയിലെത്തുന്നതെന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാജ്യാന്തര മാനദണ്ഡത്തെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു കൊച്ചിയിലെ സുരക്ഷാ സംവിധാനമെന്നു സിയാൽ അധികൃതർ വിശദീകരിക്കുന്നു.

മൂന്നു തരം സുരക്ഷ

1. ലോക്കൽ സ്റ്റാൻഡ് ബൈ-സാങ്കേതിക തകരാറുണ്ടെങ്കിലും ലാൻഡ് ചെയ്യുമ്പോൾ അപകടമുണ്ടാകാൻ ഇടയില്ലാത്തവയാണ് ഈ വിഭാഗത്തിൽപ്പെടുക. പൈലറ്റ് കാബിനിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ റൂമി(എടിസി)ലേക്കു വിവരം ലഭിക്കുമ്പോൾ തന്നെ അപകടസാധ്യത ഏതു വിഭാഗത്തിൽപ്പെടുമെന്നു കണക്കുകൂട്ടും. ഈ ആശയവിനിമയം വാച്ച് ടവറിലിരുന്നു ഫയർമാനും കേൾക്കാനാകും. അപ്പോൾത്തന്നെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു ധാരണയുണ്ടാക്കുമെങ്കിലും വയർലെസ് വഴിയോ, അലാം വഴിയോ എടിസി നിർദേശം ലഭിച്ചശേഷമേ ആക്‌ഷൻ ആരംഭിക്കൂ. ലോക്കൽ സ്റ്റാൻഡ് ൈബ ആണെങ്കിൽ വിമാനത്താവളത്തിലെ എയർപോർട്ട് റസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് (എആർഎഫ്എഫ്) ടീം മാത്രമാണു രംഗത്തിറങ്ങുക. വിമാനത്തിലെ ജീവനക്കാരും സഹായത്തിനെത്തും. ഇത് ഇടയ്ക്കിടെ സംഭവിക്കാറുള്ളതാണ്. രണ്ടുദിവസം മുൻപു പോലും ഇത്തരത്തിലൊന്ന് ഉണ്ടായി.

ക്രാഷ് ഫയർ ട്രക്ക്

2. ഫുൾ എമർജൻസി- അപകടമുണ്ടാകാൻ സാധ്യതയുള്ള സാങ്കേതികത്തകരാർ സംഭവിച്ചതായി വിവരം കിട്ടുമ്പോഴാണു ഫുൾ എമർജൻസി സജ്ജമാകുന്നത്. കഴിഞ്ഞ മാസം ഫുൾ എമർജൻസി അവസ്ഥ മൂന്നെണ്ണം കൊച്ചി വിമാനത്താവളത്തിനു നേരിടേണ്ടിവന്നു. രണ്ടു കേസുകൾ എൻജിൻ തകരാറുമായി ബന്ധപ്പെട്ടതായിരുന്നു. വിമാനത്താവളത്തിലെ സംവിധാനങ്ങൾക്കൊപ്പം പുറത്തുള്ള ഏജൻസികളുടെയും സഹായം ഇത്തരം സാഹചര്യങ്ങളിൽ തേടും. കൊച്ചിയിലെ പ്രധാന ആശുപത്രികൾ, അവരുടെ ആംബുലൻസ് സർവീസുകൾ, സംസ്ഥാന അഗ്നിശമനസേന, ജില്ലാ ദുരന്തനിവാരണ സെൽ എന്നിവയുമായെല്ലാം ബന്ധപ്പെടും. പ്രധാന ആശുപത്രികളെല്ലാമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അമൃത ആശുപത്രിയുടെ മെഡിക്കൽ സംഘം വിമാനത്താവളത്തിനുള്ളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

3. മുന്നറിയിപ്പില്ലാത്ത അപകടം- നേരെ താഴേക്കു പതിച്ചു വിമാനം കത്തിപ്പോകുന്നതാണ് ഈ വിഭാഗത്തിലുള്ളത്. ഈ അടിയന്തര സാഹചര്യത്തിൽ ഓരോ ജീവനക്കാരനും സുരക്ഷാ ഭടനായി മാറും. ഇതിനുള്ള പരിശീലനം എല്ലാ ജീവനക്കാർക്കും സിയാൽ നൽകുന്നുണ്ട്. കൊച്ചിയിലെ ആംബുലൻസ് സർവീസുമായി ചേർന്നു മുഴുവൻ ജീവനക്കാർക്കും രക്ഷാപ്രവർത്തനത്തിൽ പ്രാഥമിക പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

എയർപോർട്ട് റസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് (എആർഎഫ്എഫ്) ടീം

അപകടത്തിൽ നിന്ന് പഠിച്ച പാഠം

ആളപായമുണ്ടാക്കിയില്ലെങ്കിലും ഒരു വിമാനാപകടത്തിന്റെ ചരിത്രമുണ്ടു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്. 2011 ഓഗസ്റ്റ് 29നു ഗൾഫ് എയർ വിമാനം. ബഹ്റൈനിൽ നിന്നു 137 യാത്രക്കാരുമായി കൊച്ചിയിലെത്തിയ ഗൾഫ് എയറിന്റെ ജിഎഫ് 270 വിമാനമായിരുന്നു അപകടത്തിൽപെട്ടത്. റൺവേയിൽ നിന്നു വിമാനം തെന്നി മാറുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിലെ തിക്കിലും തിരക്കിലും ഏഴു യാത്രക്കാർക്കു പരുക്കേറ്റതൊഴിച്ചാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. റൺവേ വ്യക്‌തമായി കാണാനാവുന്നുണ്ട് എന്നു പൈലറ്റ് അറിയിച്ചതിനു ശേഷമാണു ലാൻഡിങ്ങിന് അനുമതി നൽകിയത്.

റൺവേയ്ക്ക് 350 അടി മുകളിലെത്തിയപ്പോൾ കാറ്റിനൊപ്പം വീശിയടിച്ച മഴയിൽ മൂടൽമഞ്ഞിൽപ്പെട്ടപോലെ കാഴ്‌ച മറഞ്ഞെന്നായിരുന്നു പൈലറ്റിന്റെ വിശദീകരണം. എന്നാൽ പൈലറ്റിന്റെ പിഴവും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടത്തിനു കാരണമായതായി അന്വേഷണത്തിൽ കണ്ടെത്തി. മുൻചക്രത്തിന്റെ ബോക്‌സിലെ ഹൈഡ്രോളിക് സംവിധാനത്തിലായിരുന്നു തകരാർ.

റൺവേയിൽ നിന്നു തെന്നിമാറി ചെളിയിൽ മൂക്കുകുത്തിയ വിമാനം വലിച്ചു നീക്കി റൺവേ പൂർണമായും സർവീസിനു സജ്‌ജമാക്കിയത് 12 മണിക്കൂറിലേറെ നീണ്ട കഠിനശ്രമത്തിലൂടെയാണ്. എയർ ഇന്ത്യയുടെ എയർ ക്രാഫ്റ്റ് റിക്കവറി ടീം മുംബൈയിൽ നിന്നെത്തിയാണ് ഈ ദൗത്യം നിർവഹിച്ചത്. സ്വന്തമായി രാജ്യത്തെ ഏറ്റവും മികച്ച ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി ടീം സജ്ജമാക്കിക്കൊണ്ടാണു കൊച്ചി വിമാനത്താവളം ആ അപകടത്തോടു പ്രതികരിച്ചത്.