വാഹനയാത്രികരുടെ സുരക്ഷ ഉറപ്പു നൽകുന്ന വാഹനങ്ങൾ മാത്രം റോഡിലിറക്കുന്നതിന്റെ ഭാഗമായാണു ഹ്യൂണ്ടായ് സാൻട്രോ കാറുകൾ പിന്‍വലിച്ചതെന്നു ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ന്യൂഡൽഹിയിൽ നടക്കുന്ന 14–ാമത് ഓട്ടോ എക്സ്പൊ വേദിയിൽ സംസാരിക്കുകയായിരുന്നു ഹ്യൂണ്ടായ് കമ്പനിയുെട ബ്രാൻഡ് അംബാസഡർ കൂടിയായ സൂപ്പർതാരം.
വാഹനങ്ങളുടെ രൂപഭംഗി, സുരക്ഷാസൗകര്യങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഒപ്പംതന്നെ യാത്രികരുടെ സുരക്ഷയും ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നത്. യാത്ര സുരക്ഷിതമാക്കുക എന്നതാണു പ്രഥമ ലക്ഷ്യം.
സ്വച്ഛ് ഭാരത് (ക്ലീൻ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാനും ഹ്യൂണ്ടായ് കണ്ടുപിടിച്ചിട്ടുണ്ട്. ഇത്തരം ചെറിയ കണ്ടുപിടുത്തങ്ങളിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കു മാത്രമെന്നതിലുപരി നാടിനും നാട്ടുകാർക്കും ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കമ്പനി ബദ്ധശ്രദ്ധമെന്നും ബോളിവുഡ് ബാദ്ഷാ സൂചിപ്പിച്ചു.
1998ൽ ഇന്ത്യൻ വിപണിയിലെത്തിയ സാൻട്രോയെ ഹ്യുണ്ടേയ് വിപണിയിൽ നിന്ന് പിൻവലിച്ചത് 2014 ലായിരുന്നു.ഡീലർഷിപ്പുകളിലെത്തുന്നവരിൽ പലരും ഇപ്പോഴും ‘സാൻട്രോ’ അന്വേഷിക്കുന്നു; എന്തിനാണ് കാർ നിർത്തിയതെന്ന് ചോദിക്കുന്നവരുമേറെ. ‘സാൻട്രോ’യുടെ പിൻമാറ്റത്തോടെ ‘ടോൾ ബോയ്’ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ‘വാഗൻ ആറി’ന് എതിരില്ലാതായി.
ഹ്യുണ്ടേയ് ഇന്ത്യയുടെ അരങ്ങേറ്റ മോഡലായി 1998 സെപ്റ്റംബറിലായിരുന്നു ‘സാൻട്രോ’യുടെ വരവ്. ഇന്ത്യയ്ക്ക് അപരിചിതമായ ‘ടോൾ ബോയ്’ രൂപകൽപ്പനയ്ക്കു പുറമെ രണ്ടു പതിറ്റാണ്ടായി വിപണി വാഴുന്ന കാർബുറേറ്റഡ് എൻജിനു പകരം മൾട്ടി പോയിന്റ് ഫ്യുവൽ ഇഞ്ചക്ഷൻ (എം പി എഫ് ഐ) എൻജിനും ‘സാൻട്രോ’യുടെ സവിശേഷതയായിരുന്നു.
16 വർഷം നീണ്ട ജൈത്രയാത്രയ്ക്കൊടുവിൽ ‘സാൻട്രോ’ വിരമിക്കുമ്പോൾ കാറിന്റെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന 13.60 ലക്ഷം യൂണിറ്റായിരുന്നു. പിന്നെ വിദേശത്തു വിറ്റ 5.35 ലക്ഷം ‘സാൻട്രോ’കളും. 2014 അവസാനം വിട ചൊല്ലുന്ന വേളയിലും ‘സാൻട്രോ’ മാസം തോറും 2,400 — 2,500 യൂണിറ്റിന്റെ വിൽപ്പ നേടുന്നുണ്ടായിരുന്നു. 2014 — 15ന്റെ ആദ്യ പകുതിയിൽ വിറ്റതാവട്ടെ 14,595 ‘സാൻട്രോ’കളാണ്