തണുപ്പിന്റെ ആലസ്യത്തിൽ നിന്നു പൂർണ്ണമായും വിട്ടുമാറാത്ത ന്യൂഡൽഹിയെ ചൂടാക്കിയാണ് ഓട്ടോ എക്സ്പൊ കടന്നു വന്നത്. 14–ാമത് ന്യൂഡൽഹി രാജ്യാന്തര ഓട്ടോ എക്സ്പൊ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പനായിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്ലെങ്കിൽ ജനപങ്കാളിത്തത്തിൽ 2018 ഓട്ടോ എക്സ്പോ വൻ വിജയമായിരുന്നു.
പുതിയ വാഹനങ്ങളോളം അല്ലെങ്കിൽ അവയിലേറെ കാഴ്ചക്കാരെ ആകർഷിക്കുന്ന ഘടകമാണ് എക്സ്പൊയിലെ സുന്ദരിമാർ. എക്സ്പൊ ദിനത്തിലെപ്പോഴെങ്കിലും വന്നുപോകുന്ന സിനിമാ താരങ്ങളെക്കാർ താര പരിവേഷമാണ് ഈ യുവസുന്ദരിമാർക്ക്. കൂടെ നിന്ന് സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്ന ആളുകൾ തന്നെ ഇതിന് ഉദാഹരണം.
മാധ്യമങ്ങൾക്കായി റിസർവ് ചെയ്ത് ആദ്യ രണ്ടു ദിനം അടക്കം എട്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കായാണ് വാഹന നിർമാതാക്കൾ മോഡലുകളെ തിരഞ്ഞെടുക്കുന്നത്. എക്സ്പൊയ്ക്കു മാസങ്ങൾക്കു മുൻപേതന്നെ പരിശീലിപ്പിച്ചെടുത്താണ് ഇവരെ വാഹനങ്ങൾക്കൊപ്പം അണിനിരത്തുന്നത്. ആതിഥേയ മര്യാദയുള്ള തുടക്കക്കാർക്കും മോഡലിങ്ങിൽ അനുഭവസമ്പത്തുള്ളവർക്കും അവസരങ്ങളുണ്ട്. മോഡലുകളെ അണിനിരത്താൽ മോഡൽ കോർഡിനേറ്റർമാർ വരെയുള്ള എക്സ്പൊയിൽ.
എപ്പോഴും മന്ദസ്മിതം തൂകി ആളുകളെ ആകർഷിക്കണം ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രാവീണ്യമുണ്ടായിരിക്കണം. 18 വയസ്സ് തികഞ്ഞിരിക്കുകയും വേണം തുടങ്ങിയവാണ് എക്സ്പൊയിലെ സുന്ദരികളാകാൻ വേണ്ട കാര്യങ്ങള്‍.
ഡൽഹിയിലും പ്രാന്തപ്രദേശത്തുനിന്നുമുള്ള കോളേജ് വിദ്യാർത്ഥികളായിരുന്നു ഇത്തവണത്തെ എക്സ്പൊയിൽ കൂടുതൽ അണി നിരന്നത്. ആദ്യ പ്രവാശ്യമെത്തുന്ന മോഡലുകൾക്ക് ദിവസവും 5000 രൂപ വരെ പ്രതിഫലം ലഭിക്കുമ്പോൾ പ്രൊഫഷണൽ മോഡലുകൾക്ക് 15000 രൂപ മുതല്‍ 35000 രൂപ വരെ ലഭിക്കും ഇനി വിദേശികളായ മോഡലുകളാണെങ്കിൽ അതു ലക്ഷങ്ങൾ കടക്കും. ഇത്തവണത്തെ എക്സ്പോയിൽ ഏകദേശം 500 ൽ അധികം മോഡലുകളാണ് അണി നിരന്നത്.
രാവിലെ പത്തുമണിമുതൽ മാത്രമേ പൊതുജനങ്ങൾക്കായി എക്സ്പൊ തുറന്നു കൊടുക്കുകയുള്ളൂ എങ്കിലും എട്ടുമണി മുതൽ എക്സ്പൊയിലെ സുന്ദരിമാർ വാഹനത്തിന് അകമ്പടി സേവിച്ചു തുടങ്ങും. കൃത്യമായി ഇടവേളകളിലുള്ള വിശ്രമവും ഭക്ഷണവും മോഡലുകളെ നല്‍കുന്ന കോർഡിനേറ്റർമാർ ഉറപ്പു വരുത്തുന്നു. മോഡലിങ് രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നവർക്ക് ഈ താര പരിവേഷം ആവേശം തന്നെയാണ് നൽകുന്നത്. ഇത്തവണത്തെ വാഹനമേള വാഹനപ്രേമികൾക്ക് നിരാശതന്നെയാണ് സമ്മാനിച്ചതെങ്കിലും സൗന്ദര്യാരാധകർക്ക് മനം കുളിരുന്ന കാഴ്ച തന്നെയായിരുന്നു.
കാർ ആന്റ് ബൈക്ക് ഗേള്‍സ്
എക്സ്പൊയിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്ന പവിലിയനുകൾ കാറുകളുടെയാണ്. മാരുതിയുടേയും ഹ്യൂണ്ടേയ്‌യുടെയും ടൊയോട്ടയുടേയും കിയയുടേയും ബെൻസിന്റേയും പവിലിയനിൽ ജനം തിങ്ങിനിറയുമ്പോള്‍ താരപ്രഭയിൽ വാഹനത്തിന്റെ അടുത്തു നിൽക്കുന്നതും ഈ സുന്ദരിമാര്‍ തന്നെ. സ്വദേശികളും വിദേശികളും ഒരുപോലെയുള്ള എക്സ്പൊയിൽ സ്ത്രീകൾ മാത്രമല്ല പുരുഷ മോഡലുകളുമുണ്ട്.
പതിവുപോലെ ഇത്തവണയും ഇരുചക്രവാഹനങ്ങളുടെ പവിലിയനിലാണ് ഏറ്റവുമധികം സുന്ദരിമാരുള്ളത്. നിർമ്മാതാക്കൾ തങ്ങളുടെ വാഹന മോഡലുകൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ ശ്രദ്ധ നൽകിയാണ് മോഡലുകളെ തിരഞ്ഞെടുത്തത്. ടിവിഎസ്, യമഹ, ഹീറോ, ഹോണ്ട, തുടങ്ങി മേളയ്ക്കെത്തിയ ഇരുചക്ര നിർമാതാക്കളെല്ലാം തങ്ങളുടെ പവിലിയനിൽ സുന്ദരിമാരെ നിരത്തിയിരുന്നു.