ഇന്ത്യയിലെ ഏറ്റവും മികച്ച എംപിവികളിലൊന്നാണ് ഇന്നോവ ക്രിസ്റ്റ. പ്രശസ്ത വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയുടെ ഡിസി ഡിസൈന്‍ ക്രിസ്റ്റയിൽ കൈവച്ചപ്പോൾ കിടുക്കി, തിമിർത്തു, കലക്കി. കാറിന്റെ ഇന്റീരിയറാകെ പൊളിച്ചെഴുതിയിരിക്കുന്ന ഡിസി കസ്റ്റമൈസ്ഡ് ക്രിസ്റ്റയുടെ പേര് ‘'ലോഞ്ച് അൾട്ടിമേറ്റ്’ എന്നാണ്.
2 സീറ്റ് ലേ ഔട്ടാണ് ക്രിസ്റ്റയ്ക്ക് നൽകിയിരിക്കുന്നത്. വിശാലമായ ലെഗ്റൂമും ബിസിനസ് ക്ളാസ് സീറ്റുകളും ഒരു ബിസിനസ് ക്ളാസ് ഫ്ളൈറ്റിനെ അനുസ്മരിപ്പിക്കും. ആവശ്യനുസരണം മടക്കി നിവർത്താനാവുന്ന ടേബിളും മിനി റെഫ്രിജിറേറ്ററും പാസഞ്ചർ സീറ്റിന് മുന്നിലുണ്ട്. തടിയുടെയും വൈറ്റ് ലെതറിന്റെയും ക്രോമിന്റെയും കോമ്പിനേഷനാണ് ഇന്റീരിയറാകെ. മനോഹരമായ ഇൻഫോടെയ്ൻമെന്റ് സംവിധാനം യാത്രക്കാർക്ക് സൗകര്യപ്രദമായി നൽകിയിരിക്കുന്നു.
സീലിങ്ങിൽ റീഡിംഗ് ലാംപുകളും റോൾസ് റോയ്സ് മോഡൽ സ്റ്റാർലിറ്റ് ഫിനിഷും നൽകിയിരിക്കുന്നു. യാത്രക്കാരും ഡ്രൈവറുമായുള്ള സീറ്റുകൾ വേർതിരിച്ചിരിക്കുന്നു.കൂടുതൽ പ്രൗഡിയുള്ള ബമ്പറുകളാണാണ് പുറം മോടിയെ ആകർഷകമാക്കുന്നത്, സൈഡ് ബോർഡുകളും വീൽ ആർച് ക്ളാഡിംഗുമുണ്ട്. ഗ്രില്ലിൽ ഡിസിയുടെ ലോഗോയാണ് നൽകിയിരിക്കുന്നത്.
2.8 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, 2.4 ലീറ്റർ ഡീസൽ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലുകളിലാണ് ഇന്നോവ ക്രിസ്റ്റ വിപണിയിൽ ലഭിക്കുന്നത്. സാധാരണ സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും ക്രിസ്റ്റയിൽ ലഭിക്കും.
പതിമൂന്നാമത് ഓട്ടോ എക്സ്പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർപ്പിക്കപ്പെട്ടത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്.