മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള പെട്രോൾ എൻജിനുകൾ അവതരിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ബി എസ് ആറ് നിലവാരം കൈവരിക്കാനുള്ള സമയപരിധിക്കു മുമ്പു തന്നെ ഈ ലക്ഷ്യം കൈവരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
പെട്രോൾ എൻജിനുകൾക്ക് മാസങ്ങൾക്കുള്ളിൽ തന്നെ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാൻ സാധിക്കുമെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ അറിയിച്ചു. 2020 ഏപ്രിൽ മുതൽ രാജ്യത്ത് ബി എസ് ആറ് നിലവാരം നടപ്പാക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ സമയപരിധിക്കു മുമ്പു തന്നെ ബി എസ് ആറ് നിലവാരം കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണു വാഹന നിർമാതാക്കൾ.
ഗ്രേറ്റർ നോയ്ഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ മൂന്നു പുതിയ മോഡലുകൾ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ കമ്പനി നടത്തുന്ന ഏറ്റവും വിപുലമായ മോഡൽ അവതരണത്തിനാവും 2018 സാക്ഷ്യം വഹിക്കുകയെന്നും പാവ്വ അവകാശപ്പെട്ടു.
‘എക്സ് സിക്സ് എം സ്പോർട്’ കൂപ്പെയും പെട്രോൾ പതിപ്പും ‘എം ത്രീ’ സെഡാന്റെയും ‘എം ഫോർ’ കൂപ്പെയുടെയും പരിഷ്കരിച്ച പതിപ്പുകളുമാണ് ബി എം ഡബ്ല്യു അനാവരണം ചെയ്തത്. ‘എക്സ് സിക്സ് എം സ്പോർട്ടി’ന് 94.15 ലക്ഷം രൂപയും ‘എം ത്രീ’ക്ക് 1.30 കോടി രൂപയും ‘എം ഫോറി’ന് 1.33 കോടി രൂപയുമാണ് ഇന്ത്യയിലെ ഷോറൂം വില.