ടൊയോട്ടയുടെ മിഡ് സൈസ് സെഡാനായ യാരിസ് മലയാള മനോരമ ഓട്ടോവേൾഡ് എക്സ്പോയിൽ പ്രദർശിപ്പിച്ചു. കൊച്ചിയിലെ ലേമെർഡിയനിൽ മാർച്ച് 2 മുതൽ 4 വരെ സംഘടിപ്പിക്കുന്ന പ്രഥമ ഓട്ടോവേൾഡ് എക്സ്പൊയിലൂടെയാണ് ടൊയോട്ട യാരിസിനെ പ്രദർശിപ്പിച്ചത്. പതിനാലാമത് ന്യൂഡൽഹി ഓട്ടോഎക്സ്പൊയിലെ താരമായിരുന്ന ടൊയോട്ട യാരിസിന്റെ പ്രദർശനമാണ് മനോരമ ഓട്ടോഎക്സ്പൊയിലൂടെ നടക്കുന്നത്.
മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും ഹ്യുണ്ടേയ് വെർണയ്ക്കും എതിരാളിയായി ടൊയോട്ടയുടെ യാരിസ് വിപണിയിലെത്തുന്നത്. സെഗ്‍മെന്റിലെ തന്നെ ആദ്യത്തേതെന്ന് അവകാശപ്പെടാവുന്ന 12 ഫീച്ചറുകളുമായാണ് യാരിസ് എത്തുന്നത്. ഏഴ് എയർബാഗുകള്‍, ടോപ്പ് മൗണ്ടഡ് റിയർ എസി വെന്റുകളുണ്ട്, ടയർ പ്രെഷർ മോണിറ്റർ സിസ്റ്റം, മുന്നിലെ പാർക്കിങ് സെൻസറുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ, അക്വാസ്റ്റിക് ആൻഡ് വൈബ്രേഷൻ കൺട്രോൾ ഗ്ലാസുകൾ, ഹാൻഡ്/എയർ ജെസ്റ്റർ ഓഡിയോ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ഓട്ടമാറ്റിക്ക് ഹെഡ്‌ലാമ്പ്, ഇംപാക്റ്റ് സെൻസിങ് ഡോർ ലോക്ക് എന്നിവ യാരിസിലുണ്ടാകും. 1.5 ലീറ്റർ പെട്രോൾ എൻജിൻ മോഡൽ മാത്രമാണ് കമ്പനി പ്രദർശിപ്പിച്ചത്. ഇന്ത്യൻ വിപണിയിലെത്തുമ്പോള്‍ ഡീസൽ എൻജിനുമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
മനോരമ ഓട്ടോവേൾഡ് എക്സ്പൊ ഇന്ത്യയിലെ ആദ്യ എഫ് വൺ ഡ്രൈവർ നാരായൺ കാർത്തികേയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. വാഹനങ്ങളുടെ പ്രദർശനത്തെ കൂടാത കാണികൾക്കായി ഗോ കാർട്ടിങ് അനുഭവവും ബൈക്ക് സ്റ്റണ്ടും എക്സ്പൊയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.