എതിരില്ലാതെ ഹെക്സ
ടിയാഗോയിലൂടെ ചെറുകാർ വിഭാഗത്തിൽ പിടിമുറുക്കിയ ടാറ്റ മോട്ടോഴ്സ് ഹെക്സയുമായി മുന്തിയ വിഭാഗങ്ങളിലേക്ക് അതിവേഗത്തിൽ കടന്നു കയറുന്നു. ആര്യയ്ക്കു പകരം ആ വിഭാഗത്തിൽ ഒട്ടേറെ പുതുമകളും ആകർഷകമായ സൗകര്യങ്ങളും കുറഞ്ഞ വിലയുമായി ഹെക്സ എന്ന സൂപ്പർ പ്രീമിയം ക്രോസ് ഓവർ. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്:
∙ പുതുമകൾ: കാഴ്ചയിലും ഉപയോഗ ക്ഷമതയിലുമൊക്കെ നിറയെ പുതുമകൾ. ഗ്രില്ലും ഡേ ടൈം റണ്ണിങ് ലാംപും ആവശ്യത്തിലും തെല്ലധികമുള്ള ക്രോമിയം ഫിനിഷുമെല്ലാം പുതുമകളാണ്. കൂടുതൽ സ്പോർട്ടിയാക്കുന്നതിന് മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം ക്ലാഡിങ്ങുകൾ.
∙ ക്രോസ് ഓവർ: കാറുകളുടെയും എസ് യു വികളുടെയും പുറംഭംഗി തികയുന്ന ക്രോസ് ഓവർ വിഭാഗത്തിൽ ഇന്ന് ഹെക്സയ്ക്ക് ഇന്ത്യയിൽ അധികം എതിരാളികളില്ല. പൊതുവെ സൗമ്യം എന്നു തോന്നിക്കുന്ന രൂപമാണെങ്കിലും വലിയ വീൽ ആർച്ചുകളും മസ്കുലറായ ബോഡി ലൈനുകളും എസ് യു വി ഗൗരവവും നൽകുന്നു.19 ഇഞ്ച് അലോയ് വീലുകളാണ് ഉയർന്ന വകഭേദത്തിൽ.
∙ തനി യൂറോപ്യൻ: ലാൻഡ് റോവറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശം. ആഗോള നിലവാരം. ലെതർ ഫിനിഷ് നൽകിയ സോഫ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡും . മൂന്നു നിര സീറ്റുകൾ. ലെഗ് റൂം ആദ്യത്തെ രണ്ടു നിരകൾക്കു ധാരാളം. മൂന്നാം നിരയ്ക്ക് ആവശ്യത്തിന്. എ സി വെൻറുകൾ എല്ലാവർക്കും.
∙ ഗാഡ്ജറ്റ്സ്: ഓട്ടമാറ്റിക് എ സി, ടു ഡിൻ സ്റ്റീരിയോ, ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജി പി എസ്, റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെൻറ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയുണ്ട്. ഏതാണ്ടെല്ലാ ആധുനിക ഫോണുകളുമായും ഗാഡ്ജറ്റുകളുമായും പെയർ ചെയ്യാം. മ്യൂസിക് സിസ്റ്റം പ്രീമിയം ജെ ബി എൽ.
∙ നല്ല യാത്ര: എസ് യു വികളെക്കാൾ മികച്ച യാത്ര സുഖം. ദൂരയാത്രകൾ മടുപ്പുണ്ടാക്കുന്നില്ല. അധികം ചാട്ടമോ ഇളക്കമോ ഇല്ലാത്ത യാത്ര കാറുകളുടേതിനു സമം. എല്ലാ യാത്രക്കാർക്കും സുഖകരമായ ഇരിപ്പും എ സി തണുപ്പും ഉറപ്പാണ്.
∙ കരുത്തൻ: 2.2 ലീറ്റർ ഡീസൽ എൻജിന് രണ്ടു വകഭേദങ്ങളുണ്ട്. വാരികോർ 320 മാനുവൽ ട്രാൻസ്മിഷനോടൊപ്പം മാത്രം ലഭിക്കും. 4000 ആർ പി എമ്മിൽ 150 പി എസ് കരുത്തും 1700 മുതൽ 2700 വരെ ആർ പി എമ്മിൽ 320 എൻ എം ടോർക്കുമുണ്ട്.
∙ ഉയർന്ന ടോർക്ക്: ഓട്ടമാറ്റിക്, മാനുവൽ മോഡലുകളിൽ ലഭിക്കുന്ന വാരികോർ 400 എൻജിന് കൂടുതൽ ടോർക്കുണ്ട്. 4000 ആർ പി എമ്മിൽ 156 പി എസ് കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കും ലഭിക്കും. ഈ എൻജിനിൽ നാല് വീൽ ഡ്രൈവ് മോഡുമുണ്ട്.
∙ കാറു പോലെ: വലുപ്പമുണ്ടെങ്കിലും കാർ പോലെ കൈകാര്യം ചെയ്യാം. ക്രോസ് ഓവർ ആയതുകൊണ്ട് എസ് യു വി സ്വഭാവം അൽപം കൂടുതലുണ്ട് എന്നു മാത്രം. വ്യത്യസ്ത സ്വഭാവമുള്ള റോഡുകളിലൂടെ ഓടിക്കാൻ ഓട്ടോ, കംഫർട്ട്, ഡൈനാമിക്ക്, റഫ് റോഡ് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.
∙ വിട്ടുവീഴ്ചയില്ല: സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ. എല്ലാ മോഡലിനും എ ബി എസും എയർ ബാഗുമുണ്ട്. ഉയർന്ന മോഡലുകൾക്ക് ഇ എ സ് പിയും ആറ് എയർ ബാഗുകളും. ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഡൈനാമിക് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസൻറ് കൺട്രോൾ, ഹിൽ ഹോൾഡ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്.
∙ വില: 12.29 മുതൽ 17.79 ലക്ഷം വരെ.
∙ ടെസ്റ്റ് ഡ്രൈവ്: എം കെ മോട്ടോഴ്സ്, 7034884447