ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘റേഞ്ച് റോവർ വേളാർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വിവിധ വകഭേദങ്ങൾക്ക് 78.83 ലക്ഷം മുതൽ 1.38 കോടി രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. പുതുവർഷത്തോടെ വാഹന കൈമാറ്റം ആരംഭിക്കാനാവുമെന്നാണു ജെ എൽ ആറിന്റെ പ്രതീക്ഷ. എസ് യു വി വിഭാഗത്തിൽ മികച്ച വിൽപ്പന നേടിക്കൊടുക്കാൻ ‘റേഞ്ച് റോവർ വേളാറി’നു കഴിയുമെന്നാണു ജഗ്വാർ ലാൻഡ് റോവറിന്റെ കണക്കുകൂട്ടൽ.
റേഞ്ച് റോവർ ശ്രേണിയിൽ ‘ഇവോക്കി’നും ‘റേഞ്ച് റോവർ സ്പോർട്ടി’നുമിടയിലെ വിടവ് നികത്താൻ ‘വേളാറി’നു സാധിക്കുമെന്നു ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. എസ് യു വി വിഭാഗത്തിൽ ജെ എൽ ആറിന്റെ നെടുംതൂണായി ഈ മോഡൽ മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
പെട്രോളിനു പുറമെ രണ്ടു ഡീസൽ എൻജിൻ സാധ്യതകളോടെയും ‘റേഞ്ച് റോവർ വേളാർ’ വിൽപ്പനയ്ക്കുണ്ടാവും; രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മൂന്നു ലീറ്റർ ഡീസൽ എൻജിൻ സഹിതവും ‘വേളാർ’ ലഭിക്കും. രണ്ടു ലീറ്റർ ഡീസൽ, പെട്രോൾ എൻജിനുകളുള്ള വകഭേദങ്ങൾക്ക് 78.83 ലക്ഷം മുതൽ 91.86 ലക്ഷം രൂപ വരെയാണു ഡൽഹിയില വില. ശേഷിയേറിയ മൂന്നു ലീറ്റർ ഡീസൽ എൻജിനോടെയെത്തുന്ന വകഭേദങ്ങളുടെ വില 1.10 കോടി രൂപ മുതൽ 1.38 കോടി രൂപ വരെയാവും.
വിദേശ നിർമിത ‘വേളാർ’ ഇറക്കുമതി ചെയ്താണ് ഇന്ത്യയിൽ വിൽക്കുന്നതെന്നു സൂരി അറിയിച്ചു. മാർച്ച് വരെ ഇന്ത്യയിൽ ലഭ്യമായ വാഹനങ്ങൾ ഏറെക്കുറെ പൂർണായി വിറ്റുപോയെന്നും അദ്ദേഹം അവകാശപ്പെട്ടു. കൃത്യമായ കണക്കു വെളിപ്പെടുത്തിയില്ലെങ്കിലും ഉജ്വല വരവേൽപ്പാണു പുത്തൻ എസ് യു വിക്ക് ഇന്ത്യയിൽ ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ജനുവരി — സെപ്റ്റംബർ കാലത്തെ വിൽപ്പനയിൽ ജെ എൽ ആർ ഇന്ത്യ 45% വളർച്ച കൈവരിച്ചെന്നും സൂരി അറിയിച്ചു. പുതിയ മോഡൽ അവതരണങ്ങളും വിപണന ശൃംഖല വിപുലീകരണവും വഴി ഈ മുന്നേറ്റം നിലനിർത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഡിസ്കവറി സ്പോർട്’, ‘റേഞ്ച് റോവർ ഇവോക്’, ‘ഡിസ്കവറി’, ‘റേഞ്ച് റോവർ സ്പോർട്’, ‘റേഞ്ച് റോവർ’ എന്നിവയാണു ജെ എൽ ആർ ഇന്ത്യയുടെ എസ് യു വി ശ്രേണിയിലുള്ളത്.