ഇടത്തരം സെഡനായ ‘വെർണ’യ്ക്ക് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) പുതിയ 1.4 ലീറ്റർ പെട്രോൾ എൻജിൻ ലഭ്യമാക്കുന്നു. പരമാവധി 98.6 ബി എച്ച് പി വരെ കരുത്തും 134 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 1,368 സി സി എൻജിനു കൂട്ടാവുന്നത് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ഇതോടെ ‘വെർണ’യ്ക്കു രണ്ട് പെട്രോൾ എൻജിൻ സാധ്യതകളായി; ഇതുവരെ കരുത്തേറിയ 1.6 ലീറ്റർ പെട്രോൾ എൻജിനോടെയാണു കാർ വിൽപ്പനയ്ക്കുണ്ടായിരുന്നത്.
പുതിയ എൻജിനോടെ എത്തുന്ന അടിസ്ഥാന വകഭേദമായ ‘വെർണ 1.4 ഇ’ക്ക് 7.29 ലക്ഷം രൂപയാണു മുംബൈയിലെ ഷോറൂം വില. സൗകര്യങ്ങളും സംവിധാനങ്ങളുമേറെയുള്ള ‘1.4 ഇ എക്സി’ന്റെ വില പക്ഷേ ഹ്യുണ്ടേയ് വെളിപ്പെടുത്തിയിട്ടില്ല. 1.6 ലീറ്റർ പെട്രോൾ എൻജിനോടെ ലഭിക്കുന്ന അടിസ്ഥാന മോഡലായ ‘വെർണ 1.6 ഇ എം ടി’ക്ക് 7.99 ലക്ഷം രൂപയാണു വില; പുതിയ എൻജിൻ വരുന്നോതടെ കാർ വിലയിൽ 70,000 രൂപയാണ് കുറവു വന്നത്.
‘ഐ 20’ ഹാച്ച്ബാക്കിനു കരുത്തേകിയിരുന്ന 1.4 ലീറ്റർ പെട്രോൾ എൻജിനാണ് ഇപ്പോൾ ‘വെർണ’യിലും ഇടംപിടിച്ചിരിക്കുന്നത്. അതേസമയം 1.4 ലീറ്റർ എൻജിനോടെ ഇപ്പോൾ ‘ഐ 20’ വിൽപ്പനയ്ക്കില്ല.
പുതിയ എൻജിനോടെ എത്തുന്ന ‘വെർണ’യുടെ അടിസ്ഥാന വകഭേദത്തിൽ 15 ഇഞ്ച് സ്റ്റീൽ വീൽ, ഇരട്ട എയർബാഗ്, ടിൽറ്റ് സ്റ്റീയറിങ്, പവർ മിറർ, ട്രിപ് കംപ്യൂട്ടർ, കൂൾഡ് ഗ്ലൗ ബോക്സ്, പിൻ സീറ്റിന്റെ മധ്യത്തിൽ ആംറസ്റ്റ് എന്നിവയൊക്കെ ലഭ്യമാണ്. ‘1.4 ഇ എക്സി’ലാവട്ടെ കീരഹിത എൻട്രി, പിന്നിൽ പാർക്കിങ് സെൻസർ, പ്രൊജക്ടർ ഫോഗ് ലാംപ്, മുൻ സീറ്റ് ആം റസ്റ്റ്, നാലു സ്പീക്കറോടെ അഞ്ച് ഇഞ്ച് ടച് സ്ക്രീൻ സംവിധാനം, ക്രൂസ് കൺട്രോൾ, പിന്നിൽ എ സി വെന്റ്, ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ് തുടങ്ങിയവ കൂടി ലഭിക്കും.