ടാക്സി മേഖലയുടെ ഉപയോഗത്തിനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ ‘സെലേറിയൊ’യുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പ്രധാനമായും കാബ് അഗ്രിഗേറ്റർമാരെ ലക്ഷ്യമിടുന്ന ‘സെലേറിയൊ ടൂർ എച്ച് ടു’വിന് 4.21 ലക്ഷം രൂപയാണ് ഡൽഹിയിലെ ഷോറൂം വില.
‘സെലേറിയൊ’യുടെ ‘എൽ എക്സ് ഐ (ഒ)’ വകഭേദം അടിത്തറയാക്കിയാണു മാരുതി സുസുക്കി ‘ടൂർ എച്ച് ടു’ സാക്ഷാത്കരിക്കുന്നത്; അതുകൊണ്ടുതന്നെ ‘എൽ എക്സ് ഐ (ഒ)’യിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ‘ടൂർ എച്ച് ടു’വിലും ലഭ്യമാണ്. വിലയുടെ കാര്യത്തിലാവട്ടെ ‘സെലേറിയൊ’യുടെ ‘എൽ എക്സ് ഐ’, ‘എൽ എക്സ് ഐ (ഒ)’ പതിപ്പുകൾക്ക് മധ്യേയാണ് ‘ടൂർ എച്ച് ടു’വിന്റെ സ്ഥാനം.
പ്രധാന ഉപയോഗം ടാക്സി വിഭാഗത്തിലാവുമെന്നതിനാൽ ഫാക്ടറിയിൽ നിന്നു തന്നെ ഘടിപ്പിച്ച സ്പീഡ് ലിമിറ്റിങ് ഡിവൈസ് സഹിതമാവും ‘സെലേറിയൊ ടൂർ എച്ച് ടു’എത്തുക. രാജ്യത്ത് വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ടാക്സികളിൽ വേഗനിയന്ത്രണ സംവിധാനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കോംപാക്ട് സെഡാനായ ‘ഡിസയർ’ ശ്രേണിയിലെ ടാക്സി വകഭേദമായ ‘ഡിസയർ ടൂർ എസ് ടാക്സി’യിലെ പോലെ മണിക്കൂറിൽ 80 കിലോമീറ്റർ ആണു ‘സെലേറിയൊ ടൂർ എച്ച് ടു’വിന്റെയും പരമാവധി വേഗം.
ഒരു ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണ് ‘സെലേറിയൊ ടൂർ എച്ച് ടു’വിനു കരുത്തേകുക; പരമാവധി 68 ബി എച്ച് പി വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു സാധിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘എൽ എക്സ് ഐ (ഒ)’യിലെ പോലെ ഡ്രൈവറുടെ ഭാഗത്ത എയർബാഗും നേക്കഡ് സ്റ്റീൽ വീലുമൊക്കെ ഈ വകഭേദത്തിലുമുണ്ട്.