ഓട്ടോ എക്സ്പോയ്ക്കു മുമ്പേ ടി വി എസ് മോട്ടോർ കമ്പനി ‘അപ്പാച്ചെ ആർ ടി ആർ 200 ഫോർ വി’ പുറത്തിറക്കി. ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനം സഹിതമാണ് ടി വി എസിന്റെ പ്രീമിയം മോട്ടോർ സൈക്കിളിന്റെ കാർബുറേറ്റർ വകഭേദം എത്തുന്നത്. രാജ്യവ്യാപകമായി ലഭ്യമാവുന്ന ‘ആർ ടി ആർ 200 ഫോർ വി’ക്ക് 1,07,485 രൂപയാണു ഡൽഹിയിലെ ഷോറൂം വില.
റേസ് ട്രാക്കിലെ വിപുലവും വിശദവുമായ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കൊടുവിലാണു ടി വി എസ് ബൈക്കിലെ ഇരട്ട ചാനൽ എ ബി എസ് യൂണിറ്റ് യാഥാർഥ്യമാക്കിയത്. വൈകി ബ്രേക്ക് ചെയ്യുമ്പോഴും മികച്ച പ്രകടനവും തകർപ്പൻ കോർണറിങ് കൺട്രോളുമൊക്കെയാണ് ഈ യൂണിറ്റിൽ ടി വി എസ് വാഗ്ദാനം ചെയ്യുന്നത്. പോരെങ്കിൽ ഘർഷണം കൂടിയതും കുറഞ്ഞതുമായ പ്രതലങ്ങളിലെ കാര്യക്ഷമതയ്ക്കായി ടി വി എസ് ഈ യൂണിറ്റ് ട്യൂൺ ചെയ്തിട്ടുമുണ്ട്.
വീൽ ലോക്ക് അതിവേഗം തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ റിയർ വീൽ ലിഫ്റ്റ് ഓഫ് പ്രൊട്ടക്ഷൻ(ആർ എൽ പി) കൺട്രോൾ സഹിതമാണ് ഈ ഇരട്ട ചാനൽ എ ബി എസ് എത്തുന്നത്. മുൻ മഡ്ഗാഡിന്റെ വലതുഭാഗത്തു പതിച്ച ‘എ ബി എസ്’ സിറ്റിക്കറാണ് ഈ മോഡൽ തിരിച്ചറിയാൻ സഹായിക്കുക.
ബൈക്കിലെ എൻജിന് 8,500 ആർ പി എമ്മിൽ 20.5 പി എസ് കരുത്തും 7,000 ആർ പി എമ്മിൽ 18.1 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സുള്ള ബൈക്കിന് ടി വി എസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 127 കിലോമീറ്ററാണ്. കൂടാതെ നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.95 സെക്കൻഡിൽ ബൈക്ക് 60 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും ടി വി എസ് അവകാശപ്പെടുന്നു.