പുതുനിറത്തിൽ ‘2018 ജിക്സറു’മായി സുസുക്കി

‘ജിക്സർ’, ‘ജിക്സർ എസ് എഫ്’ മോട്ടോർ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാൻഡി സൊനോമ റെഡ്/മെറ്റാലിക് സോണിക് സിൽവർ ഇരട്ട വർണ സങ്കലനത്തിലാണു ബൈക്കുകൾ ലഭ്യമാവുക. നിലവിലുള്ള ‘ജിക്സറി’ന്റെ നിറം നീലയായിരുന്നു.

പിന്നിൽ ഡ്രം ബ്രേക്കുള്ള ‘ജിക്സറി’ന് 77,015 രൂപയാണു ഡൽഹിയിലെ ഷോറൂം വില; പിന്നിൽ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിനു വില 80,929 രൂപയാണ്. എക്സ്റ്റാർ ലോഗോ ഇടംപിടിച്ചതാണു ‘2018 ജിക്സറി’ലെ മറ്റൊരു പുതുമ. ‘ജിക്സർ എസ് എഫി’ന് 90,037 രൂപയാണു ഡൽഹി ഷോറൂമിലെ വില; ആന്റി ലോക്ക് ബ്രേക്ക് കൂടിയുള്ള മോഡലിന്റെ വില 96,386 രൂപയാണ്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പുലർത്തുന്ന ‘ജിക്സർ’, ‘ജിക്സർ എസ് എഫ്’ ബൈക്കുകൾ കഴിഞ്ഞ വർഷം മാർച്ചിലാണു സുസുക്കി ഇന്ത്യയിലെത്തിച്ചത്. വിലയിലെ മാറ്റം ഒഴിവാക്കിയാൽ 2018 ശ്രേണിയും മുൻമോഡലുമായി കാര്യമായ വ്യത്യാസമൊന്നുമില്ല.

ബൈക്കുകൾക്ക് കരുത്തേകുന്നത് 155 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്; പരമാവധി 14.8 ബി എച്ച് പി കരുത്തും 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.