ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരിയുടെ ഏറ്റവും വേഗമുള്ള കാർ 812 സൂപ്പർഫാസ്റ്റ് ഇന്ത്യയിൽ. ഫെരാരിയുടെ തന്നെ എഫ് 12 ന്റെ പകരക്കാരനായി എത്തിയ കാറിന്റെ എക്സ് ഷോറൂം വില 5.20 കോടി രൂപയാണ്. ഫെരാരി നിർമിച്ചതിൽ ഏറ്റവും അധികം കരുത്തുള്ള കാർ എന്ന് ഖ്യാതിയോടെ എത്തിയ കാറാണ് സൂപ്പർ ഫാസ്റ്റ്. 2017 ജനീവ മോട്ടോർഷോയിലാണ് ഫെരാരി കാറിനെ ആദ്യമായി പ്രദർശിപ്പിച്ചത്.
6.5 ലീറ്റർ വി 12 എൻജിൻ ശക്തി പകരുന്ന 812 സൂപ്പർഫാസ്റ്റിന് 8500 ആർപിഎമ്മിൽ 789 ബിഎച്ച്പി കരുത്തും 7000 ആർപിഎമ്മിൽ 718 എൻഎം ടോർക്കുമുണ്ട്. ഏഴ് സ്പീഡാണ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗതയിലെത്താൻ 2.9 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗം 340 കിലോമീറ്ററാണ്.
ഫെരാരി നിർമിച്ച ഏറ്റവും മികച്ച കാറുകളിലൊന്ന് എന്ന് അവകാശവാദവുമായാണ് കാർ പുറത്തിറങ്ങുന്നത്. സൂപ്പർ സ്പോർട്സ് കാറുകൾക്ക് വേണ്ട ആകാര വടിവും സ്റ്റൈലും ഫീച്ചറുകളുമുള്ള കാർ ഇന്ത്യയിൽ മികച്ച ആരാധകരെ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.