ഇന്ധനക്ഷമത കൂടിയ പുതിയ എൻജിനുമായി പോളോ

ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ പുതിയ ഒരു ലീറ്റർ എം പി ഐ പെട്രോൾ എൻജിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ‘പോളോ’യ്ക്കു കരുത്തേകുന്ന 1.2 ലീറ്റർ പെട്രോൾ എൻജിനു പകരക്കാരനായിട്ടാണ് ഈ യൂണിറ്റിന്റെ വരവ്.

ഇന്ത്യയ്ക്കു പുതുമയായ 999 സി സി, മൂന്നു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 6,200 ആർ പി എമ്മിൽ 76 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും. 3,000 — 4,000 ആർ പി എമ്മിൽ 95 എൻ എം ടോർക്കാണ് ഈ എൻജിനിൽ പിറക്കുക. മുമ്പത്തെ 1.2 ലീറ്റർ എൻജിനാവട്ടെ 5,400 ആർ പി എമ്മിൽ 75 ബി എച്ച് പി കരുത്തും 3,750 ആർ പി എമ്മിൽ 110 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തന്നെയാണു പുതിയ എൻജിനോടൊപ്പവുമുള്ള ഗീയർബോക്സ്. 

അതേസമയം, പുതിയ എൻജിന്റെ ഇന്ധനക്ഷമതയിൽ ഗണ്യമായ മാറ്റമുണ്ട്; ലീറ്ററിന് 18.78 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. പഴയ എൻജിനിൽ ലീറ്ററിന് 16.47 കിലോമീറ്ററായിരുന്നു ഫോക്സ്വാഗൻ വാഗ്ദാനം ചെയ്തിരുന്ന പരമാവധി ഇന്ധനക്ഷമത. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാനും പുതിയ എൻജിനു സാധിക്കുമെന്നാണു വിലയിരുത്തൽ.

ഇന്ത്യൻ മോഡൽ ശ്രേണിയിൽ 1.2 എം പി ഐയ്ക്കു പകരം 1.0 എം പി ഐ ഇടംപിടിക്കുമെന്നാണു ഫോക്സ്‌വാഗന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ ‘പോളോ’യ്ക്കു പിന്നാലെ കോംപാക്ട് സെഡാനായ ‘അമിയൊ’യിലും ഈ എൻജിൻ പ്രതീക്ഷിക്കാം. പുതിയ എൻജിൻ ഘടിപ്പിച്ചെങ്കിലും ‘പോളോ’യുടെ വില ഫോക്സ്വാഗൻ പരിഷ്കരിച്ചിട്ടില്ല. ‘പോളോ 1.0 എം പി ഐ’ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില 5.41 ലക്ഷം രൂപ മുതലാണ്; ‘ട്രെൻഡ്ലൈൻ’ ആണ് ഈ വിലയ്ക്കു ലഭിക്കുക. ‘കംഫർട്ട്ലൈനി’ന് 61.0 ലക്ഷവും ‘ഹൈലൈനി’ന് 7.01 ലക്ഷവും മുന്തിയ വകഭേദമയ ‘ഹൈലൈൻ പ്ലസി’ന് 7.24 ലവുമാണ് വില.  ഇതിനുപുറമെ ടർബോ പെട്രോൾ ‘ജി ടി ടി എസ് ഐ’ വകഭേദത്തിലും ഡീസൽ എൻജിനോടെയും ‘പോളോ’ വിൽപ്പനയ്ക്കുണ്ട്.