‘കെ യു വി 100 ട്രിപ്പു’മായി മഹീന്ദ്ര; വില 5.16 ലക്ഷം

ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരെ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ‘കെ യു വി 100’എൻട്രി ലവൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ‘ട്രിപ്’ പതിപ്പ് പുറത്തിറക്കി. ഫ്ളീറ്റ്, ബിസിനസ് വിഭാഗത്തിന് അനുയോജ്യമായ ‘കെ യു വി 100 ട്രിപ്പി’ന്റെ പെട്രോൾ, സി എൻ ജി പതിപ്പിന് ഡൽഹി ഷോറൂമിൽ 5.16 ലക്ഷം രൂപയാണു വില. ഡീസൽ എൻജിനുള്ള ‘കെ യു വി ട്രിപ്പി’ന് 5.42 ലക്ഷം രൂപയാണു ഷോറൂം വില. 

സ്ഥലസൗകര്യത്തിനും രൂപകൽപ്പനയിലെ മികവിനുമൊപ്പം കുറഞ്ഞ പ്രവർത്തന ചെലവാണ് ‘കെ യു വി 100 ട്രിപ്പി’ൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ‘ട്രിപ്പി’ൽ ആറു പേർക്കു സുഖകരമായ യാത്ര സാധ്യമാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. ആറു സീറ്റ്, സ്ഥല സകൗര്യമേറിയ അകത്തളം, കുറഞ്ഞ പ്രവർത്തന ചെലവ്, ആകർഷക വില തുടങ്ങിയവയൊക്കെയാണ് ‘കെ യു വി 100 ട്രിപ്പി’ന്റെ സവിശേഷതയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ വിൽപ്പന — വിപണന വിഭാഗം മേധാവി വീജേ രാം നക്ര വെളിപ്പെടുത്തി. കൂടുതൽ വരുമാനം നേടിത്തരാനുള്ള സാധ്യത കൂടി പരിഗണിക്കുമ്പോൾ ‘കെ യു വി 100 ട്രിപ്’ ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കു സ്വീകാര്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

മോഡൽ ശ്രേണിയിലെ ഏറ്റവും ചെറിയ വാഹനമായ  ‘കെ യു വി 100’ ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പിന്റെ ‘കെ ടു’ വകഭേദം അടിത്തറയാക്കിയാണു മഹീന്ദ്ര ‘കെ ടു വി 100 ട്രിപ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. ഡീസൽ, പെട്രോൾ — സി എൻ ജി ഇന്ധന സാധ്യതകളോടെയാണു ‘കെ യു വി 100’ വിൽപ്പനയ്ക്കെത്തുന്നത്. 

നിലവിൽ ഫ്ളീറ്റ് വിപണി വാഴുന്ന മാരുതി ‘ഡിസയർ ടൂറി’നോടും ഹ്യുണ്ടേയ് ‘എക്സെന്റ് പ്രൈമി’നോടുമൊക്കെയാണു ‘കെ യു വി 100 ട്രിപ്പി’ന്റെ മത്സരം. മുംബൈ പോലുള്ള ചില വൻനഗരങ്ങളിൽ അഞ്ചു സീറ്റോടെയും ‘കെ യു വി 100 ട്രിപ്’ വിൽപ്പനയ്ക്കെത്തുമെന്നാണുസൂചന. പെട്രോൾ — സി എൻ ജി ഇന്ധന സാധ്യതയോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ഹാച്ച്ബാക്ക് എന്നതും ‘കെ യു വി 100 ട്രിപ്പി’ന് നേട്ടമാവുമെന്നാണു വിലയിരുത്തൽ. സാധാരണ ‘കെ യു വി 100’ ഹാച്ച്ബാക്കിനു കരുത്തേകുന്നതും ഇതേ എൻജിനുകളാണ്. 1.2 ലീറ്റർ പെട്രോൾ — സി എൻ ജി എൻജിനു പരമാവധി 71 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും; അതേസമയം 1.2 ലീറ്റർ ഡീസൽ എൻജിൻ സൃഷ്ടിക്കുക 78 ബി എച്ച് പി കരുത്താണ്. 

പവർ സ്റ്റീയറിങ്, എ സി, സ്റ്റീൽ വീൽ, എ ബി എസ്, ഇ ബി ഡി തുടങ്ങിയവയെല്ലാം സഹിതമാവും ‘കെ യു വി 100 ട്രിപ്പി’ന്റെ വരവ്; അതേസമയം പവർ വിൻഡോ വാഹനത്തിലുണ്ടാവില്ല. വെള്ള, വെള്ളി നിറങ്ങളിൽ വിപണിയിലെത്തുന്ന ‘കെ യു വി ട്രിപ്പി’ന്റെ വിൽപ്പന ആദ്യ ഘട്ടത്തിൽ ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.