ഫോഡ് ‘ഇകോ സ്പോർട്ടി’നു പുതുവകഭേദം

കോംപാക്ട് എസ് യു വിയായ ‘ഇകോ സ്പോർട്ടി’ന്റെ പുത്തൻ വകഭേദം യു എസ് നിർമാതാക്കളായ ഫോഡ് പുറത്തിറക്കി. പെട്രോൾ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷനോടെ ‘ടൈറ്റാനിയം പ്ലസ്’ വകഭേദത്തിലാണ് ഇപ്പോൾ ‘ഇകോ സ്പോർട്’ ലഭ്യമാവുന്നത്. ഇതുവരെ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ മാത്രമാണ് പെട്രോൾ എൻജിനുള്ള ‘ടൈറ്റാനിയം പ്ലസ്’ വിൽപ്പനയ്ക്കുണ്ടായിരുന്നത്. അതേസമയം ‘ഇകോ സ്പോർട്ടി’ന്റെ മുന്തിയ വകഭേദമായ ‘ടൈറ്റാനിയം പ്ലസി’ന് ഡീസൽ എൻജിനൊപ്പം മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ നേരത്തെ ലഭ്യമായിരുന്നു. മാനുവൽ ട്രാൻസ്മിഷനും പെട്രോൾ എൻജിനുമുള്ള ‘ഇകോ സ്പോർട് ടൈറ്റാനിയം പ്ലസി’ന് 10.47 ലക്ഷം രൂപയാണു ഷോറൂം വില.

മൂന്നു സിലിണ്ടർ, ഡ്രാഗൺ പെട്രോൾ എൻജിനായിരുന്നു കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച പുതിയ ‘ഇകോ സ്പോർട്ടി’ലെ പ്രധാന പുതുമ. ഈ 1.5 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 122 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഈ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെയാണ് ‘ടൈറ്റാനിയം പ്ലസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതോടെ ഡീസൽ, പെട്രോൾ വിഭാഗങ്ങളിലായി ആകെ 11 വകഭേദങ്ങളിലാണ് ‘ഇകോ സ്പോർട്’ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.  

കുട്ടികളുടെ സീറ്റിനായി ‘ഐസോഫിക്സ്’ ഹുക്ക്, അഡ്ജസ്റ്റബ്ൾ സ്പീഡ് ലിമിറ്റർ ഡിവൈസ് സഹിതം ക്രൂസ് കൺട്രോൾ, സൈഡ് — കർട്ടൻ എയർബാഗ്, മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പർ, ഓട്ടമാറ്റിക് ഹെഡ്ലാംപ്, ഗ്ലൗ ബോക്സ് ഇല്യൂമിനിഷേൻ, ടയർപ്രഷർ മോണിട്ടറിങ് സിസ്റ്റം തുടങ്ങിയവയൊക്കെ ‘ടൈറ്റാനിയം പ്ലസി’ന്റെ സവിശേഷതയാണ്. ആൻഡ്രോയ്ഡ് — ആപ്ൾ കാർ പ്ലേ ഇന്റഗ്രേഷൻ സാധ്യമായ സിങ്ക് 3.0 ടച് സെൻസിറ്റീവ് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, എ ബി എസ്, ഇ ബി ഡി, ആറ് എയർബാഗ് തുടങ്ങിയവയും ഈ വകഭേദത്തിലുണ്ട്. 

 മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’ അരങ്ങുവാഴുന്ന കോംപാക്ട് എസ് യു വി വിഭാഗത്തിൽ മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫോഡ് ‘ഇകോ സ്പോർട്ടി’ന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതെന്നാണു സൂചന. പോരെങ്കിൽ ‘ഇകോ സ്പോർട്ടി’ന്റെ കൂടുതൽ സ്പോർട്ടി പതിപ്പ് ‘ഇകോ സ്പോർട് എസ്’ എന്ന പേരിൽ പുറത്തിറക്കാനും ഫോഡ് ആലോചിക്കുന്നുണ്ട്.