ജനപ്രീതിയാർജിച്ച ‘അപാച്ച ആർ ടി ആർ 180’ മോട്ടോർ സൈക്കിളിന്റെ ‘റേസ് എഡീഷൻ’ ടി വി എസ് മോട്ടോർ കമ്പനി പുറത്തിറക്കി. 83,233 രൂപയാണു ബൈക്കിന്റെ ഷോറൂം വില. ത്രിമാന ടി വി എസ് ലോഗോ സഹിതമെത്തുന്ന ‘അപാച്ചെ ആർ ടി ആർ 180 റേസ് എഡീഷനി’ലെ അലോയ് വീലിൽ ടി വി എസ് റേസിങ് ബ്രാൻഡിന്റെ റിം സ്റ്റിക്കറിങ്ങും ഇടംപിടിക്കുന്നുണ്ട്.
ബ്ലൂ ബ്ലാക്ക് പശ്ചാത്തലത്തിലുള്ള ഡിജിറ്റൽ ഡാഷ്ബോഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലേക്കുള്ള സ്പീഡ് റെക്കോഡർ, ലാപ് ടൈമർ, സർവീസ് ഇൻഡിക്കേറ്റർ തുടങ്ങിയവയൊക്കെയുണ്ടാകും. 177.4 സി സി, സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എൻജിനാണു ബൈക്കിനു കരുത്തേകുക; 8,500 ആർ പി എമ്മിൽ 16.62 പി എസ് വരെ കരുത്തും 6,500 ആർ പി എമ്മിൽ 15.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഇടംപിടിക്കുന്നതിനാൽ തകർപ്പൻ ബ്രേക്കിങ്ങിന്റെ പിൻബലമുള്ള ബൈക്കിന് വെറും 4.96 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനാവുമെന്നാണു ടി വി എസിന്റെ വാഗ്ദാനം. പേൾ വൈറ്റ് നിറത്തിൽ വിൽപ്പനയ്ക്കെത്തുന്ന ബൈക്കിനു റേസിങ്ങിൽ നിന്നു പ്രചോദിതമായ ഗ്രാഫിക്സാണു ടി വി എസ് തിരഞ്ഞെടുത്തിരിക്കുന്നത്.