സൂപ്പർതാരമാകാൻ അമെയ്സ് വില 5.59 ലക്ഷം മുതൽ

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ മത്സരങ്ങള്‍ക്ക് ചൂടു കൂട്ടാന്‍ പുതിയ അമേയ്‌സ് വിപണിയിൽ. വില 5.59 ലക്ഷം മുതൽ 8.99 ലക്ഷം വരെ. പെട്രോൾ വകഭേദത്തിന് 5.59 ലക്ഷം മുതൽ7.57 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 7.39 ലക്ഷം മുതൽ 7.99 ലക്ഷം വരെയുമാണ് വില. ഡീസൽ വകഭേദങ്ങൾക്ക് 6.69 ലക്ഷം മുതൽ 8.67 ലക്ഷം വരെയും ഡീസൽ ഓട്ടമാറ്റിക്കിന് 7.59 ലക്ഷം രൂപ മുതൽ 8.99 ലക്ഷം രൂപ വരെയുമാണ് വില.

Honda Amaze Test Drive

മാരുതി ഡിസയര്‍, ഹ്യുണ്ടേയ് എക്‌സെന്റ്, ഫോക്‌സ് വാഗണ്‍ അമിയോ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന കാറിന് പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയിൽ ആദ്യമായി പ്രദര്‍ശിപ്പിച്ച അമേസിന്റെ ബുക്കിങ്ങുകള്‍ നേരത്തെ ഹോണ്ട സ്വീകരിച്ചു തുടങ്ങിയിരുന്നു.

Amaze

ആദ്യ തലമുറയ്ക്ക് കരുത്തേകിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും അമേയ്‌സിലൂടെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ച 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ കാറിനും കരുത്തേകുന്നത്. പെട്രോളിലും ഡീസലിലും ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുണ്ട് എന്നത് രണ്ടാം തലമുറ അമേയ്‌സിന്റെ പ്രത്യേകതയാണ്. 1.2 ലീറ്റർ‌ പെട്രോൾ എൻജിന് 90 പി എസ് കരുത്തും 110 എൻ എം ടോർക്കുമുണ്ട്. 1.5 ലീറ്റർ ഡീസൽ മാനുവലിന് 100 പി എസ്, 200 എൻഎം ടോർക്കുമുണ്ട് എന്നാൽ 1.5 ലീറ്റർ ഡീസൽ ഓട്ടമാറ്റിക്കിന് 80 പി എസാണ് കരുത്ത്. ഇന്ധനക്ഷമത പെട്രോൾ മാനുവലിന് 19.5 കി മി. ഓട്ടമാറ്റിക്കിന് 19 കി മി. ഡീസൽ മാനുവലിന് 27.4 കി മി. ഓട്ടമാറ്റിക്കിന് 23.8 കി മി. തലമുറ മാറ്റത്തിലുപരി അടിമുടി പുതിയ കാറായാണ് അമെയ്സ് വിപണിയിലെത്തിയത്.

Amaze

സിറ്റിയോടു ചേര്‍ന്നു നില്‍ക്കുന്ന രൂപകല്‍പ്പനയാണ് പുതിയ അമേയ്‌സിലെ പ്രധാന മാറ്റം. പിന്‍ഭാഗം കൂടുതല്‍ ഭംഗിയാക്കാന്‍ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ആദ്യ തലമുറയെക്കാള്‍ വലുപ്പം കൂടിയിട്ടുണ്ട് പുതിയ കാറിന്. നീളം 5 എംഎം വര്‍ധിച്ച് 3995 എംഎം ആയി. വീതി 15 എംഎം വര്‍ധിച്ച് 1695 എംഎമ്മും വീല്‍ബെയ്‌സ് 65 എംഎം വര്‍ധിച്ച് 2470 എംഎമ്മുമായി മാറി. എന്നാല്‍ ഉയരം അഞ്ച് എംഎം കുറഞ്ഞിട്ടുണ്ട്.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ്. നിലവില്‍ ഹോണ്ടയുടെ കാറുകളില്‍ ഉപയോഗിക്കുന്ന ഡിജി പാഡിന്റെ രണ്ടാം തലമുറ പുതിയ അമേയ്‌സില്‍ ഇടം പിടിച്ചിരിക്കുന്നു. 7 ഇഞ്ചാണ് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം. കാറിന്റെ മുന്തിയ വകഭേദങ്ങളിൽ 10 സ്പോക്ക് അലോയ് വീലുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. വീല്‍ബെയ്‌സ് വര്‍ധിച്ചത് വാഹനത്തിന് ഉള്ളില്‍ കൂടുതല്‍ സ്ഥലം നല്‍കുന്നുണ്ട്. കൂടാതെ ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി ഉയര്‍ന്നു.