ട്രയംഫ് ടൈഗർ 800 ശ്രേണിയിലെ പുതിയ ബൈക്കുകൾ കേരളത്തിൽ

ട്രയംഫ് നിരയിൽ ഏറ്റവും മികച്ച അ‍ഡ്വഞ്ചർ ബൈക്കുകളിലൊന്നായ ടൈഗർ ശ്രേണിയിലെ പുതിയ ബൈക്കുകൾ കേരളത്തിൽ. ടൈഗർ 800 എക്സ്‌സിഎക്സ്, എക്സ്ആർ എന്നീ രണ്ടു മോഡലുകളാണ് ട്രയംഫ് കേരളത്തിൽ അവതരിപ്പിച്ചത്. എക്‌സ്ആറിന് 11.76 ലക്ഷവും എക്‌സ് സി എക്‌സിന് 13.76 ലക്ഷം രൂപയുമാണ് കൊച്ചി എക്സ് ഷോറൂം വില. ടൈഗറിനെ അപേക്ഷിച്ച് ചെയ്സിനും എൻജിനും 200ൽ അധികം മാറ്റങ്ങളുമായിട്ടാണ് പുതിയ ബൈക്കുകൾ എത്തിയിരിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതല്‍ റെസ്പോണ്‍സീവും ഒപ്റ്റിമൈസ്ഡുമായ ട്രിപ്പിള്‍ എന്‍ജിന്‍‍, മനോഹരമായ ഗ്രാഫിക്സ്, പുതിയ നിറങ്ങൾ, പുതിയ അഡ്ജസ്റ്റബിള്‍ ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ, സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റുകൾ എന്നിവ പുതിയ തലമുറ ടൈഗർ ശ്രേണിയിലുണ്ട്. എക്‌സ് ആര്‍, എക്‌സ് സി മോഡലുകളുടെ വരവോടെ കൂടുതല്‍ ടൈഗർ ശ്രേണി കൂടുതൽ വിപുലമായി എന്നാണ് ട്രയംഫ് ഇന്ത്യ പറയുന്നത്. 800 സിസി എൻജിനാണ് ടൈഗർ ശ്രേണിയിലെ പുതിയ ബൈക്കുകൾക്ക് കരുത്തു പകരുന്നത്. 9250 ആർപിഎമ്മിൽ 95 പിഎസ് കരുത്തും 7950 ആർപിഎമ്മിൽ 78 എൻ‌എം ടോർക്കും സമ്മാനിക്കും ഈ എൻജിൻ.

ട്രയംഫ് വാഹനങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനായി എന്‍ജിനിയറിങും ടെക്‌നോളജിയും നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന രീതിയിലാണ് ടൈഗര്‍ 800 വികസിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലുകളില്‍നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് പുതിയ മോഡല്‍ നല്‍കുന്നത്. മാക്‌സിമം അഡ്വഞ്ചര്‍, മാക്‌സിമം ഡോമിനന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ടൈഗര്‍ 800 ലൈന്‍ അപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കിക്കൊണ്ട് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിമല്‍ സമ്പ്‌ളി പറഞ്ഞത്.