പല സംസ്ഥാനങ്ങളിലും ആറു മാസത്തോളമായി അനൗപചാരികമായി വിപണിയിലുള്ള ‘ടി യു വി 300 പ്ലസി’നെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തിച്ചു. 9.69 ലക്ഷം രൂപയാണു ‘ടി യു വി 300 പ്ലസി’ന്റെ ഡൽഹിയിലെ ഷോറൂം വില. ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടു നാലു മീറ്ററിൽ താഴെ നീളത്തോടെ അവതരിപ്പിച്ച ‘ടി യു വി 300’കോംപാക്ട് എസ് യു വിയുടെ നീളമേറിയ പതിപ്പാണ് ‘ടി യു വി 300 പ്ലസ്’. ബോഡി പാനലുകൾ പങ്കുവയ്ക്കുമ്പോഴും ‘ടി യു വി 300 പ്ലസി’ന്റെ പിൻഭാഗം പൊളിച്ചു പണിതു പരിഷ്കരിച്ചിട്ടുണ്ട്.
‘എം ഹോക്ക് 120’ എന്നു മഹീന്ദ്ര വിളിക്കുന്ന 2.2 ലീറ്റർ, ഡീസൽ എൻജിനാണു ‘ടി യു വി പ്ലസി’നു കരുത്തേകുന്നത്; 120 ബി എച്ച് പി കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ടി യു വി 300’ എസ് യു വിയിലെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് ഗീയർബോക്സാണ്; എന്നാൽ ‘ടി യു വി 300 പ്ലസി’ൽ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു മഹീന്ദ്ര ലഭ്യമാക്കുന്നത്. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതമാണ് ‘ടി യു വി 300 പ്ലസി’ന്റെ വരവ്.
സാധാരണ ‘ടി യു വി’യെ അപേക്ഷിച്ച 401 എം എം അധിക നീളത്തോടെയാണ് ‘ടി യു വി 300 പ്ലസ്’ എത്തുന്നത്; 4,400 എം എം ആണ് വാഹനത്തിന്റെ നീളം. 1,835 എം എം വീതിയും 1,812 എം എം ഉയരവുമുള്ള ‘ടി യു വി 300 പ്ലസി’ന്റെ വീൽ ബേസ് 2,680 എം എം ആണ്. ‘ടി യു വി 300’ എസ് യു വിയുടെ വീൽ ബേസും 2,680 എം എം തന്നെ.
വിനൈൽ സീറ്റ് അപ്ഹോൾസ്ട്രി, കറുപ്പ് നിറമുള്ള അകത്തളം, ടിൽറ്റ് സംവിധാനത്തോടെ പവർ സ്റ്റീയറിങ്, സെൻട്രൽ ലോക്കിങ്, ഹീറ്റർ സഹിതം എ സി, ഇന്റേണലി അഡ്ജസ്റ്റബ്ൾ വിങ് മിറർ, രണ്ട് 12 വോൾട്ട് ചാർജിങ് സോക്കറ്റ് തുടങ്ങിയവയൊക്കെ ‘ടി യു വി 300 പ്ലസി’ന്റെ ‘പി ഫോർ’ വകഭേദത്തിലുണ്ട്. ഏറ്റവും പിന്നിൽ അഭിമുഖമായി ഘടിപ്പിച്ച, മടക്കി വയ്ക്കാവുന്ന സീറ്റ് കൂടിയാവുന്നതോടെ ഒൻപതു പേർക്കാണു ‘ടി യു വി 300 പ്ലസി’ൽ യാത്രാസൗകര്യം. എൻജിൻ ഇമ്മൊബിലൈസർ, ചൈൽഡ് ലോക്ക്, സൈഡ് ഇൻട്രൂഷൻ ബീം തുടങ്ങിയവയും വാഹനത്തിലുണ്ട്.
നിലവിൽ ഒറ്റ വകഭേദമായി മാത്രമാണ് ‘ടി യു വി 300പ്ലസ്’ വിപണിയിലുള്ളത്; ക്രമേണ രണ്ടു വകഭേദങ്ങൾ കൂടി വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. തമിഴ്നാട്ടിൽ 9.45 ലക്ഷം രൂപയും ഝാർഖണ്ഡിൽ 9.72 ലക്ഷം രൂപയും ഗുജറാത്തിലെ ഗാന്ധിനഗറിൽ 9.55 ലക്ഷം രൂപയുമാണു ‘ടി യു വി 300 പ്ലസി’ന്റെ ഷോറൂം വില.