പ്രകടനക്ഷമതയേറിയ ‘ജിക്സർ’ മോട്ടോർ സൈക്കിളിന്റെ ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനമുള്ള വകേഭദം ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡ് (എസ് എം ഐ പി എൽ) പുറത്തിറക്കി. സുസുക്കി ‘ജിക്സർ എ ബി എസി’ന് 87,250 രൂപയാണു ഡൽഹിയിലെ ഷോറൂമിൽ വില; ഇരട്ട ഡിക്സ് ബ്രേക്കോടെ എത്തുന്ന ‘ജിക്സറി’നെ അപേക്ഷിച്ച് 6,321 രൂപ അധികമാണിത്. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള ‘ജിക്സറി’ന്റെ ഡൽഹി ഷോറൂം വില 80,929 രൂപയും ഡ്രം ബ്രേക്കുള്ള പതിപ്പിന്റെ വില 77,015 രൂപയുമാണ്.
പിന്നിലും ഡിസ്ക് ബ്രേക്കുള്ള ‘ജിക്സറി’ലാണ് സുസുക്കി സിംഗിൾ ചാനൽ എ ബി എസ് ലഭ്യമാക്കുന്നത്. മൂന്ന് ഇരട്ട വർണ സങ്കലനങ്ങളിലാവും ബൈക്ക് വിൽപ്പനയ്ക്കെത്തുക: മെറ്റാലിക് ട്രൈറ്റൻ ബ്ലൂ/ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്കിനൊപ്പം കാൻഡ് സൊനോമ റെഡ്/മെറ്റാലിക് സോണിക് സിൽവർ. ‘ജിക്സറി’ലും കൂടിയായതോടെ സുസുക്കി ശ്രേണിയിലെ 150 സി സി ബൈക്കുകളിലെല്ലാം ഇപ്പോൾ എ ബി എസ് ലഭ്യമായിട്ടുണ്ട്. ‘ജിക്സറി’ലെ റൈഡിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ എ ബി എസിന്റെ വരവ് സഹായിക്കുമെന്ന് എസ് എം ഐ പി എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) സജീവ് രാജശേഖരൻ അവകാശപ്പെട്ടു. സുസുക്കിയുടെ ഇന്ത്യൻ ഉൽപന്ന ശ്രേണിയിലെ പ്രധാന ഭാഗമാണ് ‘ജിക്സർ’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ ബി എസ് ഘടിപ്പിച്ചതിനപ്പുറം മറ്റു മാറ്റമൊന്നുമില്ലാതെയാണ് ‘ജിക്സറി’ന്റെ വരവ്. ബൈക്കിനു കരുത്തേുക 155 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 8,000 ആർ പി എമ്മിൽ 14.8 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ഇൻട്രൂഡറി’ലും ‘ജിക്സർ എസ് എഫി’ലുമുള്ള ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം പക്ഷേ എ ബി എസുള്ള ‘ജിക്സറി’ലില്ല; പകരം കാർബുറേറ്ററാണ് ബൈക്കിലുള്ളത്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ‘സി ബി ഹോണറ്റ് 160 ആർ’, യമഹ ‘എപ് സീ —എസ് എഫ് ഐ’, ബജാജ് ‘പൾസർ എൻ എസ് 160’, ടി വി എസ് അപാച്ചെ 160 ഫോർ വി’ തുടങ്ങിയവരാണ് ‘ജിക്സറി’ന്റെ എതിരാളികൾ.