ആ‍ഡംബരത്തിന്റെ രാജാവ് ഇന്ത്യയിൽ, വില 3.78 കോടി

അത്യാഡംബര വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ ബെന്റ്ലിയുടെ ആദ്യ എസ്‍‌യുവി ബെന്റെയ്ഗയുടെ വി 8 മോഡൽ ഇന്ത്യയിലെത്തി. വില 3.78 കോടി രൂപ. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ കാറിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു. രണ്ടു വർഷം മുമ്പ് വിപണിയിലെത്തിയ   ബെന്റെയ്ഗയുടെ പുതിയ വകഭേദമാണ് വി8. 4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിന് 542 ബിഎച്ച്പി 770 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.4 സെക്കൻഡ് മാത്രം മതി. എസ്‌ യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.  

ആഡംബരം നിറഞ്ഞ ഉള്‍ഭാഗമാണ് ബെന്റെയ്ഗയ്ക്ക്. ‌‌ഡോറുകളിലും ഡാഷ്ബോർഡിലും സെന്റർ കൺസോളിലും കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഹെഡ്‌സ് അപ് ഡിസ്‌പ്ലേയും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സംവിധാനവുമുണ്ട്. കൂടാതെ പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 12.0 ഇഞ്ച് ബെന്റ്‌ലി എന്റര്‍ടെയ്ന്‍മെന്റ് ടാബ്‌ലെറ്റും. ചെസ്ട്‌നട്ട് നിറത്തിലുള്ള ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ബെന്റ്‌ലി ബെന്റെയ്ഗയുടെ ഇന്റീരിയർ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.