ക്ലാസിക്കായി പൾസർ 150

പൾസറിന്റെ കാഴ്ചപ്പകിട്ടുകൾ ഒഴിവാക്കിയ, വില കുറഞ്ഞ വകഭേദം ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കി. പൾസർ 150 ക്ലാസിക്കിന് 67,437 രൂപയാണു മുംബൈ ഷോറൂമില വില. പൾസറിൽ നിന്ന്  ഗ്രാഫിക്സ്, ടാങ്ക് എക്സറ്റൻഷൻ, വിഭജിച്ച സീറ്റ്, പിൻ ഡിസ്ക് ബ്രേക്ക് എന്നിവയൊക്കെ ഒഴിവാക്കിയാണ് ബജാജ് ‘പൾസർ 150 ക്ലാസിക്’ സാക്ഷാത്കരിച്ചിരിക്കുന്നത്. ഇവയെല്ലാം ഒഴിവാക്കിയതോടെ ഇരട്ട ഡിസ്കുള്ള ‘പൾസറി’നെ അപേക്ഷിച്ച് 10,120 രൂപയോളം വിലക്കിഴിവോടെയാണ് ‘പൾസർ 150 ക്ലാസിക്കി’ന്റെ വരവ്.

തുടക്കത്തിൽ മഹാരാഷ്ട്രയിൽ മാത്രമാണു ‘പൾസർ 150 ക്ലാസിക്’ വിൽപ്പനയ്ക്കുള്ളത്; ക്രമേണ മറ്റു സംസ്ഥാനങ്ങളിലും ബൈക്ക് ലഭ്യമാവുമെന്നാണു ബജാജ് ഓട്ടോയുടെ വാഗ്ദാനം.  ആദ്യഘട്ടത്തിൽ കറുപ്പ് നിറത്തിൽ മാത്രമാണു ‘പൾസർ 150 ക്ലാസിക്’ വിപണിയിലുള്ളത്. ബൈക്കിൽ മൊത്തത്തിൽ തന്നെ കറുപ്പിന്റെ ആധിപത്യമാണുള്ളത്; ക്രാങ്ക്കേസ്, മുൻ ഫോർക്ക്, ചെയിൻ ഗാഡ്, അലോയ് വീൽ എന്നിവയ്ക്കൊക്കെ കറുപ്പാണ് നിറം. അതിനാലാണ് ബജാജ് ബൈക്കിന് ‘ക്ലാസിക്’ എന്ന പേരും തിരഞ്ഞെടുത്തതെന്നാണു സൂചന.അതേസമയം പുതിയ ബൈക്ക് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ബജാജ് ഓട്ടോ നടത്തിയിട്ടില്ല; കമ്പനി വെബ്സൈറ്റിലും ‘പൾസർ 150 ക്ലാസിക്’ ഇടംപിടിച്ചിട്ടില്ല. 

സാങ്കേതികതലത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘പൾസർ 150 ക്ലാസിക്കി’ന്റെ വരവ്. 149 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണു ബൈക്കിനു കരുത്തേകുക; 8,000 ആർ പി എമ്മിൽ 14 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 13.4 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ഗീയർബോക്സ്, സസ്പെൻഷൻ, ബ്രേക്ക് തുടങ്ങിയവയെല്ലാം സാധാരണ ‘പൾസറി’നു സമാനമാണ്.  ഹീറോ ‘അച്ചീവർ 150’, ഹോണ്ട ‘യൂണികോൺ’ തുടങ്ങിയവയോടാണ് ‘പൾസർ 150 ക്ലാസിക്കി’ന്റെ മത്സരം.