മുൻമോഡലിനെ അപേക്ഷിച്ച് 2,000 രൂപയോളം വിലവർധനയുമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പരിഷ്കരിച്ച ‘ആക്ടീവ 125’ പുറത്തിറക്കി. എൽ ഇ ഡി ഹെഡ്ലൈറ്റും പുത്തൻ രൂപകൽപ്പനയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും(ഇകോ മോഡും സർവീസ് ഇൻഡിക്കേറ്ററും സഹിതം) ഫോർ ഇൻ വൺ ഇഗ്നീഷനും സീറ്റ് തുറക്കാൻ പ്രത്യേക സ്വിച്ചുമൊക്കെയായി എത്തുന്ന ‘2018 ആക്ടീവ’യ്ക്ക് 59,621 രൂപ മുതലാണ് ഡൽഹിയിലെ ഷോറൂം വില.
ഇടത്തരം വകഭേദത്തിൽ ഗ്രേ അലോയ് വീലും മുന്തിയ പതിപ്പിൽ ക്രോം മഫ്ളർ കവറുമായാണ് നവീകരിച്ച ‘ആക്ടീവ 125’ എത്തുന്നത്. മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീൻ സിൽവർ മെറ്റാലിക് എന്നീ രണ്ടു പുതുനിറങ്ങളിലും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്. സീറ്റിനടിയിലെ മൊബൈൽ ചാർജർ ഓപ്ഷനൽ എക്സ്ട്രാ വ്യവസ്ഥയിൽ ലഭ്യമാണ്. മൂന്നു ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്ക് ആണു സ്കൂട്ടറിന്റെ പിന്നിലെ സസ്പെൻഷൻ; ടെലിസ്കോപിക് ഫോർക്കാണു മുൻസസ്പെൻഷൻ. ‘ഗ്രാസ്യ’യിലെ ഫൈബർ പാനലുകളിൽ നിന്നു വ്യത്യസ്തമായി ലോഹ നിർമിത ബോഡി പാനലുകളാണ് ഈ ‘ആക്ടീവ’യിലുള്ളത്.
മുൻമോഡലിലുണ്ടായിരുന്ന 124.9 സി സി എൻജിൻ തന്നെയാണ് ‘2018 ആക്ടീവ’യ്ക്കും കരുത്തേകുന്നത്; 8.52 ബി എച്ച് പി വരെ കരുത്തും 10.54 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അടിസ്ഥാന, ഇടത്തരം വകഭേദങ്ങളിൽ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്; അതേസമയം മുന്തിയ പതിപ്പിനു മുന്നിൽ ഡിസ്ക് ബ്രേക്കുണ്ട്. അതേസമയം കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം(സി ബി എസ്) എല്ലാ പതിപ്പിലുമുണ്ട്.
‘2018 ആക്ടീവ’യുടെ വിവിധ പതിപ്പുകളുടെ ഡൽഹിയിലെ ഷോറൂം വില(രൂപയിൽ): ആക്ടീവ 125 ഡ്രം — 59,621, ആക്ടീവ 125 ഡ്രം/അലോയ് — 61,558, ആക്ടീവ 125 ഡിസ്ക് — 64,007.