സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ കാഴ്സ് ഇന്ത്യയുടെ കോംപാക്ട് എസ് യു വിയായ ‘എക്സ് സി 40 ആർ ഡിസൈൻ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 39.90 ലക്ഷം രൂപയാണ് കാറിന് രാജ്യത്തെ ഷോറൂം വില.പുതിയ സി എം എ പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന ‘എക്സ് സി 40’ കൂടിയെത്തിയതോടെ സ്പോർട് യൂട്ടിലിറ്റി വാഹന ശ്രേണി പൂർത്തിയായെന്നു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ അവകാശപ്പെട്ടു. വൈദ്യുതവൽക്കരണമടക്കമുള്ള ഭാവി സാധ്യതകൾക്ക് അനുയോജ്യമായ പ്ലാറ്റ്ഫോമാണു സി എം എയെന്നാണു വോൾവോയുടെ വിലയിരുത്തൽ. സുരക്ഷാ സംവിധാനങ്ങളിലും ഈ പ്ലാറ്റ്ഫോം മുന്നിലാണ്.
എൻട്രി ലവൽ എസ് യു വി വിഭാഗത്തിൽ വോൾവോ കാഴ്ചവയ്ക്കുന്ന ആദ്യ മോഡലാണ് ‘എക്സ് സി 40’ എന്നു വോൾവോ കാഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് അഭിപ്രായപ്പെട്ടു. ‘എക്സ് സി 40’ കൂടിയെത്തിയതോടെ കോംപാക്ട്, ഇടത്തരം, പൂർണ വലിപ്പമുള്ള എസ് യു വികളെല്ലാം വോൾവോ ശ്രേണിയിൽ ലഭ്യമായി. 200 ‘എക്സ് സി 40’ ആണു വോൾവോ ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്നത്.
മികച്ച രൂപകൽപ്പനയുടെ പിൻബലമുള്ള ‘എക്സ് സി 40’ കോംപാക്ട് എസ് യു വി അനായാസം കൈകാര്യം ചെയ്യാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാണെന്ന് ഫ്രംപ് വിശദീകരിച്ചു. പുതിയ മോഡൽ അവതരണത്തിനൊപ്പം ഓരോ മാസം ഒരു പുതിയ ഡീലർഷിപ് വീതം തുറക്കുക കൂടി ചെയ്യുന്നതോടെ 2020നകം വിപണി വിഹിതം വർധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, കൊളീഷൻ മിറ്റിഗേഷൻ, പൈലറ്റ് ആൻഡ് ലൈൻ അസിസ്റ്റ്, റഡാർ ബേസ്ഡ് ഡ്രൈവിങ് തുടങ്ങിയവയൊക്കെയായാണ് ‘എക്സ് സി 40’ എത്തുന്നത്. പനോരമിക് സൺറൂഫ്, ആപ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതം ഒൻപത് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, വയർലെസ് ചാർജിങ്, കീ രഹിത എൻട്രി, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഡിസന്റ് കൺട്രോൾ, പവേഡ് ടെയിൽ ഗേറ്റ് തുടങ്ങിയവയും കാറിലുണ്ട്. ഫ്യൂഷൻ റെഡ്, ക്രിസ്റ്റൽ വൈറ്റ്, ബഴ്സ്റ്റിങ് ബ്ലൂ നിറങ്ങളിലാണ് ‘എക്സ് സി 40’ വിൽപ്പനയ്ക്കുള്ളത്.
മെഴ്സീഡിസ് ‘ജി എൽ എ’, ബി എം ഡബ്ല്യു ‘എക്സ് വൺ’ തുടങ്ങിയവയോട് ഏറ്റുമുട്ടുന്ന ‘എക്സ് സി 40’ എസ് യു വിക്കു കരുത്തേകുക ഡി ഫോർ, രണ്ടു ലീറ്റർ എൻജിനാണ്; 190 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പതിറ്റാണ്ടിലേറെ മുമ്പ് 2007ലാണ് വോൾവോ കാഴ്സ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. നിലവിൽ ‘എസ് 90’, ‘എസ് 60’, ‘എക്സ് സി 60’, ‘എക്സ് സി 90’, ‘വി 90 ക്രോസ് കൺട്രി’, ‘എസ് 60 ക്രോസ് കൺട്രി’ തുടങ്ങിയ മോഡലുകളാണു വോൾവോ ഇന്ത്യയിൽ വിൽക്കുന്നത്.