2018 നവിയുമായി ഹോണ്ട; വില 44,775 രൂപ

honda-navi
SHARE

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ‘നവി’യുടെ 2018 പതിപ്പ് അവതരിപ്പിച്ചു. ഡൽഹി ഷോറൂമിൽ 44,775 രൂപയാണു ‘2018 നവി’ക്കു വില. ഹോണ്ട ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഇരുചക്രവാഹന മോഡലുമാണു ‘നവി’. പുതിയ ഇന്ധന ഗേജും ലോഹ മെറ്റൽ മഫ്ളർ പ്രൊട്ടക്ടറുമൊക്കെയായാണ് ഈ ‘നവി’യുടെ വരവ്.

കഴിഞ്ഞ മാർച്ചിൽ ഹോണ്ട ‘നവി’യുടെ വിൽപ്പന താൽക്കാലികമായി നിർത്തിയിരുന്നു; ഇതോടെ ഈ മോഡൽ ഹോണ്ട പിൻവലിക്കുകയാണെന്നും അഭ്യൂഹം ഉയർന്നു. എന്നാൽ നവീകരിച്ച ‘നവി’ അവതരിപ്പിക്കാനായിരുന്നു ഈ താൽക്കാലിക പിൻമാറ്റമെന്നായിരുന്നു കമ്പനിയുടെ നിലപാട്. സവിശേഷ രൂപകൽപ്പനയുടെ പിൻബലമുള്ള ‘നവി’കാര്യക്ഷമതയിലും നഗരമേഖലകളിൽ സന്തോഷകരമായ യാത്ര ഉറപ്പാക്കുന്നതിലും മുന്നിലാണ്. ‘ആക്ടീവ’യുടെ സൗകര്യവും മോപ്പഡിന്റെ ആകൃതിയും സമന്വയിപ്പിച്ചാണു രസകരമായ യാത്ര വാഗ്ദാനം ചെയ്ത് ഹോണ്ട ‘നവി’ പുറത്തിറക്കിയത്. പോരെങ്കിൽ ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ, വികസന വിഭാഗമാണ് ‘നവി’ യാഥാർഥ്യമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. 

‘ആക്ടീവ’യിലെ 109 സി സി, നാലു സ്ട്രോക്ക് എൻജിൻ തന്നെയാണ് ‘നവി’യിലുമുള്ളത്; 7.7 ബി എച്ച് പി വരെ കരുത്തും ഒൻപത് എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 102 കിലോഗ്രാം മാത്രമാണു ട്യൂബ്രഹിത ടയറുകളുള്ള ഈ മിനി ബൈക്കിന്റെ ഭാരം. മുന്നിൽ അപ്സൈഡ് ഡൗൺ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണു ‘നവി’യുടെ സസ്പെൻഷൻ; 130 എം എം ഡ്രം ബ്രേക്കുകളാണു മുന്നിലും പിന്നിലുമുള്ളത്. ആറു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള ഈ ‘പോക്കറ്റ് ബൈക്കി’ൽ ടാങ്കിനടിയിൽ സംഭരണ സ്ഥലവും ഹോണ്ട ഉറപ്പാക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA