‘സിറ്റി’ക്ക് എഡ്ജ് എഡീഷൻ; വില 9.75 ലക്ഷം മുതൽ

ഉത്സവകാലം പ്രമാണിച്ച് സെഡാനായ ‘സിറ്റി’ക്കു പരിമിതകാല പതിപ്പുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. ക്രോസോവറായ ‘ഡബ്ല്യു ആർ — വി’യുടെയും  കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’യുടെയും പ്രത്യേക പതിപ്പുകൾക്കൊപ്പമാണു ഹോണ്ട ‘സിറ്റി എഡ്ജ് എഡീഷൻ’ അവതരിപ്പിച്ചത്. പെട്രോൾ എൻജിനോടെ 9.75 ലക്ഷം രൂപയും ഡീസൽ എൻജിൻ സഹിതം 11.10 ലക്ഷം രൂപയുമാണു ‘സിറ്റി എഡ്ജ് എഡീഷ’ന്റെ വില.

‘സിറ്റി’യുടെ ‘എസ് വി’ വകഭേദം ആധാരമാക്കിയാണു ഹോണ്ട ‘എഡ്ജ് എഡീഷൻ’ സാക്ഷാത്കരിച്ചത്; വിലയുടെ കാര്യത്തിലും ‘എസ് വി’ വകഭേദവുമായി വ്യത്യാസമൊന്നുമില്ലാതെയാണ് ‘എഡ്ജ് എഡീഷ’ന്റെ വരവ്. ‘എസ് വി’യിൽ ലഭ്യമായ സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, പിന്നിലെ എ സി വെന്റ്, ക്രൂസ് കൺട്രോൾ, ഡ്രൈവറുടെ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, പവർ ഫോൾഡിങ് വിങ് മിറർ തുടങ്ങിയവയൊക്കെ ‘എഡ്ജ് എഡീഷനി’ലും നിലനിർത്തിയിട്ടുണ്ട്. ഇതിനു പുറമെ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, റിയർ കാമറ സഹിതം റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയും കാറിലുണ്ട്; റിയർ വ്യൂ മിററിലാണ് റിയർ കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിയുക. 

ഇന്ത്യയിൽ മാരുതി സുസുക്കി ‘സിയാസി’നോടും ഹ്യുണ്ടേയ് ‘വെർണ’യോടുമാണു ഹോണ്ട ‘സിറ്റി’യുടെ ഏറ്റുമുട്ടൽ. വൈകാതെ പരിഷ്കരിച്ച ‘സിയാസ്’ വിൽപ്പനയ്ക്കെത്താനിരിക്കെയാണു ഹോണ്ട ‘സിറ്റി എഡ്ജ് എഡീഷൻ’ പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എഡ്ജ് എഡീ’നുമെത്തുന്നത്. കാറിനു കരുത്തേകുന്നത് 1,199 സി സി പെട്രോൾ, 1,498 സി സി ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിനു പരമാവധി 90 ബി എച്ച് പി കരുത്തും ഡീസൽ എൻജിന് 100 ബി എച്ച് പി കരുത്തും സൃഷ്ടിക്കാനാവും.