ഡബ്ല്യു ആർ-വിക്ക് എലൈവ് എഡീഷൻ

നവരാത്രി, ദീപാവലി ഉത്സവാകാലമെത്തുന്നതു പ്രമാണിച്ചു ‘ഡബ്ല്യു ആർ — വി’യെ കൂടുതൽ ആകർഷകമാക്കാൻ പ്രത്യേക പതിപ്പായ ‘എലൈവ് എഡീഷ’നുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). വാഹനത്തിന്റെ സുരക്ഷിതത്വവും സുഖസൗകര്യവും മെച്ചപ്പെടുത്താൻ പര്യാപ്തമായ സംവിധാനങ്ങളോടെയാണ് ‘ഡബ്ല്യു ആർ — വി എലൈവ് എഡീഷ’ന്റെ വരവെന്ന് കമ്പനി അറിയിച്ചു.

ക്രോസോവറായ ‘ഡബ്ല്യു ആർ — വി’യുടെ അടിസ്ഥാന വകഭേദമായ ‘എസ്’ ആധാരമാക്കി ഹോണ്ട സാക്ഷാത്കരിച്ച ‘എലൈവ് എഡീഷ’ന്റെ പെട്രോൾ പതിപ്പിന് 8.02 ലക്ഷം രൂപയും  ഡീസൽ എൻജിനുള്ള മോഡലിന് 9.11 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില. ‘ഡബ്ല്യു ആർ — വി’യുടെ ‘എസ്’ വകഭേദത്തെ അപേക്ഷിച്ച് 23,500 രൂപയോളം അധികമാണിത്.

‘എസ്’ വകഭേദം ‘എലൈവ് എഡീഷ’നായി മാറുമ്പോൾ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, റിയർ പാർക്കിങ് കാമറ, റിയർ പാർക്കിങ് സെൻസർ, സ്പെഷൽ എഡീഷൻ ലോഗോ സഹിതം പ്രീമിയം സ്റ്റീയറിങ് വീൽ കവറും സീറ്റ് കവറുമൊക്കെ ഹോണ്ട ലഭ്യമാക്കുന്നുണ്ട്. കൂടാതെ ‘ഡബ്ല്യു ആർ — വി’ ഉടമസ്ഥർക്ക് ഒരു മാസം ‘ഹോണ്ട കണക്ട്’ സൗജന്യമായും ലഭിക്കും; സർവീസ് ബുക്കിങ്, ഇൻഷുറൻസ്, പി യു സി ഓർമപ്പെടുത്തൽ, ഇംപാക്ട് അലർട്ട്, ട്രിപ് അനാലിസിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഈ ആപ്ലിക്കേഷനിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

ഇതോടൊപ്പം ‘ഡബ്ല്യു ആർ — വി’ ശ്രേണി പുതുവർണമായ റേഡിയന്റ് റെഡിലും ഹോണ്ട വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്.

സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എലൈവ് എഡീഷ’ന്റെയും വരവ്. ക്രോസോവറിനു കരുത്തേകുന്നത് 1,199 സി സി പെട്രോൾ, 1,498 സി സി ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിനു പരമാവധി 90 ബി എച്ച് പി കരുത്തും ഡീസൽ എൻജിന് 100 ബി എച്ച് പി കരുത്തും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.