അഡാറ് ലുക്കിൽ നെക്സോണ്‍ ക്രാസ്

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ നെക്സോണിന്റെ ആദ്യ വാർഷികം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് പരിമിതകാല പതിപ്പായ നെക്സോണ്‍ ക്രാസ് പുറത്തിറക്കി. ക്രാസ്, ക്രാസ് പ്ലസ് വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 7.16 മുതൽ 7.78 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 8.09 ലക്ഷം മുതൽ 8.65 ലക്ഷം രൂപ വരെയുമാണു വില. ഇതോടെ നെക്സോണ്‍ ശ്രേണിയിൽ എക്സ് എം (വില 6.92 മുതൽ 7.84 ലക്ഷം വരെ), എക്സ് ടി(വില: 7.54 മുതൽ 8.41 ലക്ഷം വരെ) വകഭേദങ്ങൾക്ക് ഇടയിലാണു ക്രാസിന്റെ സ്ഥാനം. 

സ്പോർടി രൂപകൽപ്പനയും തന്റേടം തുളുമ്പുന്ന അകത്തളവുമുള്ള നെക്സോണ്‍ ക്രാസിൽ ട്രോംസൊ ബ്ലാക്ക് ബോഡിയും സോണിക് സിൽവൽ ഇരട്ട വർണ റൂഫും ക്രാസ് പാറ്റേണുള്ള നിയോ ഗ്രീൻ സീറ്റ് സ്റ്റിച്ചിങ്, മുൻ ഗ്രിൽ ഇൻസർട്ട്, സെൻട്രൽ കൺട്രോൾ ബാഡ്ജിങ്, പിയാനൊ ഡാഷ് ബോർഡ്, നിയോ ഗ്രീൻ എയർ വെന്റ് സറൗണ്ട് തുടങ്ങിയവയൊക്കെ ടാറ്റ മോട്ടോഴ്സ് സജ്ജീകരിച്ചിട്ടുണ്ട്.

നെക്സോണ്‍ ബ്രാൻഡിന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചാണ് പ്രത്യേക പതിപ്പായ നെക്സോണ്‍ ക്രാസ് അവതരിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ്  മയങ്ക് പരീക്ക് അറിയിച്ചു. അരങ്ങേറ്റം മുതൽ മികച്ച പ്രതികരണമാണു നെക്സോണ്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു; രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള അഞ്ച് കോംപാക്ട് എസ് യു വികൾക്കൊപ്പമാണ്നെക്സോണിന്റെ സ്ഥാനം.

നെക്സോണ്‍ ക്രാസിനു കരുത്തേകുന്നത് 110 പി എസ് ടർബോ ചാർജ്ഡ് എൻജിനുകളാണ്; 1.5 ലീറ്റർ റെവൊടോർക് ഡീസലും 1.2 ലീറ്റർ റെവൊട്രോൺ പെട്രോളും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു  ട്രാൻസ്മിഷൻ. ഹൈവേകളിലെ കാര്യക്ഷമമായ ക്രൂസിങ്ങിനായി ഇകോ മോഡ്, നഗരത്തിരക്കിനായി സിറ്റി മോഡ്, കൂടുതൽ പ്രകടനക്ഷമതയ്ക്കായി സ്പോർട് മോഡ് എന്നിവയും നെക്സോണിലുണ്ട്.യാത്രകൾ ആസ്വാദ്യകരമാക്കാൻ ഹർമാന്റെ നാലു സ്പീക്കർ ഇൻഫൊടെയ്ൻമെന്റ്,  ബ്ലൂടൂത്ത്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, പിന്നിൽ എയർ വെന്റ് സഹിതം ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഫോൾഡബ്ൾ മിറർ, റിവേഴ്സ് പാർക്കിങ് സെൻസർ, മൾട്ടി യൂട്ടിലിറ്റി ഗ്ലൗ ബോക്സ് തുടങ്ങിയവയും നെക്സോണ്‍ ക്രാസിലുണ്ട്.