യാത്രാസുഖത്തിന്റെ മറാസോ

മഹീന്ദ്രയുടെ മറാസോ കാഴ്ചയിലും കണക്കുകളിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. റോഡിൽ എങ്ങനെ? ടൊയോട്ട ഇന്നോവയുടെ യാത്രാസുഖം കിട്ടുമോ? അതോ മഹീന്ദ്രയുടെ ചില മുൻ മോഡലുകളിലെപ്പോലെ കുലുക്കവും കുടുക്കവും കാണുമോ? 

കഴിഞ്ഞയാഴ്ച നാട്ടിലെ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു മറാസോ. പല ടൂർ– ടാക്സി ഓപ്പറേറ്റർമാർക്കും ഇപ്പോഴും പഴയ ഇന്നോവ ഓടിക്കേണ്ടിവരുന്നത് പുതിയ ക്രിസ്റ്റയുടെ വില ‘ആഡംബര കാർ’ എന്ന നിലയിലേക്ക് ഉയർന്നുപോയതുകൊണ്ടാണല്ലോ. അവരെ ഹാപ്പിയാക്കാൻ മറാസോയ്ക്കു കഴിയുമോ...

ഉറപ്പിച്ചുപറയാം മറാസോയിലെ യാത്ര നമ്മൾ പ്രതീക്ഷിക്കുന്നതിലും സുഖകരമാണ്. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനു ശബ്ദം താരതമ്യേന കുറവ്. ക്യാബിനിലെത്തുന്ന ശബ്ദത്തിന്റെ തീരെ കുറഞ്ഞ അളവിലാക്കാൻ മികച്ച ഇൻസുലേഷനും. 

ഉള്ളിൽ സ്ഥലസൗകര്യവും ഉയർന്ന നിർമാണനിലവാരവും ഒറ്റയടിക്കു ശ്രദ്ധിക്കപ്പെടും. ഡാഷ്ബോർഡിലും സീറ്റിലും റൂഫിലെ എസി വെന്റ് യൂണിറ്റിലുമൊക്കെയുള്ളത് ഇറ്റാലിയൻ ഡിസൈൻ കമ്പനിയായ പിനിൻഫാരിനയുടെ കയ്യൊപ്പാകണം. മഹീന്ദ്രയുടെ ഉടമസ്ഥതയിലാണിപ്പോൾ.

രണ്ടുനിരസീറ്റുകൾക്കും ആംറെസ്റ്റ്. മൂന്നാം നിര സീറ്റുകളിൽപ്പോലും കാലിനു ഫുൾ സപ്പോർട്ട്, ഡ്രൈവർ സീറ്റിനു നടുവിനു സപ്പോർട്ടേകാനുള്ള സംവിധാനം, രണ്ടാനിര സീറ്റുകളും മുന്നോട്ടുംപിന്നോട്ടും നീക്കാൻ സൗകര്യം, മൂന്നാം നിരയിലേക്കു കയറാൻ ഒറ്റ ക്ലിക്കിൽ മടങ്ങിത്തരുന്ന രണ്ടാം നിര സീറ്റ് എന്നിങ്ങനെ ഇരിപ്പിട സൗകര്യം മറാസോയുടെ മുഖ്യ പ്ലസ് തന്നെ. മൂന്നാം നിര സീറ്റിൽ‌ ആറടി നീളക്കാർക്കും ഹ്രസ്വയാത്രകൾ നടത്താം. രണ്ടാം നിരയിലും ക്യാപ്റ്റൻ സീറ്റ് ആകുമ്പോൾ 7–സീറ്റർ ആണ്. ഏറ്റവും ഉയർന്ന വേരിയന്റിലൊഴികെ, അവിടെ ബെഞ്ച് സീറ്റ് ആക്കി 8–സീറ്റർ ആയും കിട്ടും.

ഇരുന്നാൽപ്പോരല്ലോ, കുലുങ്ങാതെയും അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയാതെയും പോകാനാകുമോ? ആകും. കൃത്യതയുള്ള സ്റ്റീയറിങ്ങും ഗിയർ ബോക്സും ഒരു ഘടകം. പടുകുഴികളൊക്കെ സമർഥമായി മാനേജ് ചെയ്യുന്ന പിന്നിലെ സസ്പെൻഷൻ മറ്റൊന്ന്. 245 മില്ലിമീറ്റർ ട്രാവൽ ഉണ്ടിതിന്. ലാഡർ ഫ്രെയിമിൽ ബോഡി ഇണക്കിച്ചേർക്കുന്ന അടിസ്ഥാന നിർമാണരീതിയായിട്ടും മറാസോ ‘ഞെട്ടിക്കുന്നു’. 

രണ്ടും മൂന്നും നിരയിലേക്ക് റൂഫിൽ എസി പിടിപ്പിരിക്കുന്നത് മുന്നിൽനിന്നു പിന്നിലേക്ക് രണ്ടു നിരയിലും നീളുന്ന ദീർഘചതുരമായാണ്. സാധാരണ മോഡിനു പുറമെ ഡിഫ്യൂസിങ് മോഡും ഉണ്ട്; തണുപ്പ് എല്ലായിടത്തും ഒരുപോലെ ഒഴുകിപ്പരക്കുമെന്നുറപ്പാക്കാൻ. കിടിലോസ്കി ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും മുഴുവൻ യാത്രക്കാരെയും ഒന്നിച്ചു കാണാനുള്ള കോൺവർസേഷൻ മിറർ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങൾ വേറെയുമുണ്ട്.

പ്രൊജക്ടർ ഹെഡ്‌ലാംപ്, കോർണറിങ് ലൈറ്റ്, നാലു വീലിലും ഡിസ്ക്ബ്രേക്, എബിഎസ് എന്നിങ്ങനെ പല സാങ്കേതിക സജ്ജീകരണങ്ങൾക്കുമൊപ്പം മികച്ച റോഡ് കാഴ്ച ഉറപ്പാക്കുന്ന ഗ്ലാസ് ഏരിയയും ഡ്രൈവർക്കു സഹായമാകും. 121 ബിഎച്പി കരുത്തുള്ള 1.5 ലീറ്റർ എൻജിൻ സാധാരണ ഡ്രൈവിങ് സാഹചര്യങ്ങളിലൊക്കെയും മികച്ച പ്രകടനം നടത്തുന്നു. 300 എൻഎം കുതിപ്പുശേഷി കുറഞ്ഞ ആർപിഎം റേഞ്ച് മുതൽ കിട്ടുന്നതും സംഗതി എളുപ്പമാക്കും. 6–സ്പീഡ് ഗിയർബോക്സും ഇതിനുപിന്തുണയേകുന്നു. എൻജിൻ തിരശ്ചീനമായി വയ്ക്കുന്നതിനുപകരം ലംബമായി സ്ഥാപിച്ചുള്ള പരീക്ഷണമാണ് മറാസോയിൽ ഇത് ബോണറ്റിനുളളിലും ക്യാബിനുള്ളിലും കൂടുതൽ ഇടം കിട്ടാൻ ഉപകരിച്ചിട്ടുണ്ട്.

ഏറ്റവും ഉയർന്ന വേരിയന്റിൽ 17 ഇഞ്ച് അലോയ് വീലിന്റെ ഭംഗിയുമുണ്ട്. എന്തുകൊണ്ട് രണ്ടേ രണ്ട് എയർബാഗ് മതിയെന്നു തീരുമാനിച്ചു എന്നു ചോദിക്കാം. ടൂർ ഓപ്പറേറ്റർ വിഭാഗത്തിൽ അതൊരു ചോദ്യമായേക്കില്ലെങ്കിലും, സ്വകാര്യാവശ്യത്തിനു വാങ്ങുന്നവർക്ക് ഏറ്റവുമുയർന്ന വേരിയന്റിലെങ്കിലും അതു നൽകാമായിരുന്നു.