ഉത്സവകാലം പ്രമാണിച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) അവതരിപ്പിക്കുന്ന മൂന്നാമതു മോഡലായി പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ എത്തുന്നു. നേരത്തെ നവരാത്രിയെയും ദീപാവലിയെയും വരവേൽക്കാൻ ‘സ്വിഫ്റ്റി’ന്റെയും ‘ഇഗ്നിസി’ന്റെയും പ്രത്യേക പതിപ്പുകളാണ് മാരുതി സുസുക്കി പുറത്തിറക്കിയത്. സാധാരണ മോഡലിനെ അപേക്ഷിച്ച് 35,000 രൂപ അധികം ഈടാക്കിയാവും മാരുതി സുസുക്കി ‘ബലേനൊ’ പരിഷ്കരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തിക്കുകയെന്നാണു സൂചന.
സാധാരണ കാറിൽ കാഴ്ചയിൽ മാത്രം മാറ്റങ്ങൾ വരുത്തിയാണു മാരുതി സുസുക്കി ‘ബലേനൊ’യുടെ പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്. മുൻ, പിൻ, പാർശ്വ സ്കർട്ടുകളും സൈഡ് ബോഡി മോൾഡിങ്ങുമുള്ള കോൺട്രാസ്റ്റ് ഗ്രേ ബോഡി കിറ്റാണ് കാറിലെ പ്രധാന മാറ്റം. അകത്തളത്തിലാവട്ടെ ക്വിൽറ്റഡ് ഡിസൈനുള്ള ഇരട്ട വർണ സീറ്റ് കവർ, ത്രിമാന ഫ്ളോർ മാറ്റ്, ദീപാലംകൃതമായ സ്കഫ് പ്ലേറ്റ്, സ്മാർട് കീ ഫൈൻഡർ, കുഷൻ തുടങ്ങിവയുമുണ്ട്.
അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘ബലേനൊ’യുടെ ഉത്സവകാല പ്രത്യേക പതിപ്പിന്റെ വരവ്. കാറിനു കരുത്തേകുന്നത് 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകളാണ്. ഇന്ത്യയിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’തുടങ്ങിയവയോടാണ് മാരുതി സുസുക്കി ‘ബലേനൊ’യുടെ മത്സരം. അടുത്ത വർഷത്തോടെ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള ‘എക്സ് 451’ ഹാച്ച്ബാക്കും ഈ വിഭാഗത്തിൽ ‘ബലേനൊ’യോട് ഏറ്റുമുട്ടാനെത്തുമെന്നാണു പ്രതീക്ഷ.